ഒ.പന്നീർശെൽവം ഉപമുഖ്യമന്ത്രി; ശശികല പാർട്ടിക്ക് പുറത്തായി

തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെയിലെ ഒ. പന്നീർശെൽവം (ഒ.പി.എസ്)–എടപ്പാടി കെ. പളനിസാമി (ഇ.പി.എസ്) വിഭാഗങ്ങൾ ലയിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഒ.പന്നീർശെൽവം ഉപമുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒ.പി.എസ് ക്യാമ്പിലെ കെ. പാണ്ഡ്യരാജനും സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിൽ ധനവകുപ്പാണ് പന്നീർശെൽവം കൈകാര്യം ചെയ്യുക. വി.കെ ശശികലയെ എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് പുറത്താക്കി. ജനറൽ കൗൺസിൽ യോഗത്തിലാണ് ശശികലയെ പുറത്താക്കി ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയത്. ശശികലയെ പുറത്താക്കി കൊണ്ടാണ് ഇരുവിഭാഗങ്ങളും ലയനം പ്രഖ്യാപിച്ചത്.
മാരത്തൺ ചർച്ചകൾക്കൊടുവിൽ ഒ. പന്നീർശെൽവവും മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയും പാർട്ടി ആസ്ഥാനത്തെത്തിയാണ് ലയന വിവരം അണികൾക്ക് മുമ്പിൽ പ്രഖ്യാപിച്ചത്. ലയന പ്രഖ്യാപനത്തിനു ശേഷം ഇരുവിഭാഗം നേതാക്കളും മറീനാ ബീച്ചിലെ ജയലളിതാ സമാധിയിൽ എത്തി. പാർട്ടി ആസ്ഥാനത്തെത്തിയ പന്നീർശെൽവത്തിന് പ്രവർത്തകർ ഉൗഷ്മള സ്വീകരണം നൽകി.
പന്നീർശെൽവം പാർട്ടി കൺവീനറായും പ്രവർത്തിക്കും. പളനിസ്വാമി പാർട്ടിയുടെ കോ- കൺവീനറായിരിക്കും. ഡെപ്യൂട്ടി കോ കൺവീനർമാരായി കെ.പി മുനിസ്വാമിയുടെയും വൈദ്യലിംഗത്തിന്റെയും പേരുകൾ പ്രഖ്യാപിച്ചു. പാർട്ടിയുടെ ‘രണ്ടില’ ചിഹ്നം നേടിയെടുക്കുകയെന്നതാണ് പ്രഥമ ലക്ഷ്യമെന്ന് പളനിസ്വാമി പറഞ്ഞു.
പാർട്ടി അധ്യക്ഷനും ഉപാധ്യക്ഷൻമാരും അംഗങ്ങളായി 15 അംഗ ഉന്നതാധികാര ഭരണസമിതിയെ രൂപീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ‘‘ചരിത്ര പ്രധാനമായ ദിവസമാണിന്ന്. പാർട്ടി എന്നും ഐക്യത്തോടെയിരിക്കണമെന്നത് എം.ജി.ആറിന്റെ സ്വപ്നമായിരുന്നു. മറ്റു പാർട്ടികളിൽ ഭിന്നത വന്നാൽ ഒരിക്കലും തിരിച്ചുപോക്ക് ഉണ്ടാകാറില്ല. എന്നാൽ, തങ്ങളിലുണ്ടായ ഭിന്നത നീക്കാൻ കഴിഞ്ഞുവെന്നതാണ് എ.ഐ.എ.ഡി.എം.കെയുടെ ശക്തി. പാർട്ടി ഒരിക്കലും തകരില്ല എന്നതാണ് അത് സ്വപ്നം കണ്ടവരോട് പറയാനുള്ളത്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഐക്യത്തോടെ പ്രവർത്തിക്കും. സംസ്ഥാനത്തിനും ജനങ്ങൾക്കും വേണ്ടി ഒരുമിച്ച് മുന്നോട്ടു പോകുമെന്നും ഇ. പളനിസ്വാമി പറഞ്ഞു. പാർട്ടി നേതാവും മുഖ്യമന്ത്രിയുമായിരുന്ന ജയലളിതക്ക് നൽകിയ വാക്ക് തങ്ങൾ പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയിൽ തനിക്കൊപ്പം നിന്നവർക്ക് നന്ദി അറിയിക്കുന്നതായും പന്നീൽസെൽവം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here