ഭാര്യയുടെ മൃതദേഹം ചുമന്ന മാജി ലക്ഷപ്രഭു; മക്കൾക്ക് പരാതി

അരവിന്ദ് വി
ലോക ശ്രദ്ധനേടിയ വാർത്തയിലെ ദാന മാജിക്കെതിരെ മക്കളുടെ പരാതി. മക്കളെ ബന്ധു വീട്ടിലാക്കിയ മാജി പുതിയ കല്യാണമൊക്കെ കഴിച്ച് പുതിയ വീട്ടിലാണ് താമസം. വല്ലപ്പോഴുമൊക്കെയാണ് മക്കളെ കാണാനെത്തുന്നതെന്ന് മക്കൾ തന്നെ പരാതി പറയുന്നു. ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് കിട്ടാതെ ഭാര്യയുടെ മൃതദേഹവും ചുമ്മന്നു പത്തു കിലോമീറ്റര്‍ നടക്കേണ്ടിവന്ന ആദിവാസി ഗൃഹനാഥന്‍ ദാനാ മാജിയുടെ ചിത്രം ചില്ലറയൊന്നുമല്ല നമ്മെ അലോസരപ്പെടുത്തിയത്. ശരിക്കും ഭാരതീയൻ ലോകത്തിന് മുന്നിൽ തല താഴ്ത്തിയ ചിത്രമായിരുന്നു അത്.
സഹായങ്ങളുടെ കുത്തൊഴുക്ക്
കഴിഞ്ഞ വർഷം ആഗസ്റ്റ് 25 നായിരുന്നു സംഭവം. ഒരു വർഷം പിന്നിടുമ്പോൾ ദാന മാജി ലക്ഷപ്രഭു ആയി. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും തേടിയെത്തിയ ധനസഹായം ഇപ്പോള്‍ 37 ലക്ഷം കവിഞ്ഞു. ഒരുലക്ഷം രൂപയെന്നാല്‍ എന്തെന്നറിയാതിരുന്ന മാജിക്ക് ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍ 8.87 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. സംഭവത്തിനു പിന്നാലെ ഒറീസ സര്‍ക്കാര്‍ ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം വീടു വച്ചുനല്‍കി. ഗുജറാത്തില്‍ നിന്നുള്ള രത്‌ന വ്യാപാരി രണ്ടു ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ 80,000 രൂപയും നല്‍കി. സുലഭ് ഇന്റര്‍നാഷനല്‍ എന്ന സംഘടന അഞ്ചു ലക്ഷം രൂപ നല്‍കി.
മൂന്നാം കെട്ടിൽ വേദനിക്കുന്ന ലക്ഷപ്രഭു
കഴിഞ്ഞ വർഷം മരിച്ചത് ദാന മാജിയുടെ രണ്ടാം ഭാര്യ ആയിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് മാജി തന്റെ സമ്പന്നതയുടെ നടുവിൽ ഒന്ന് കൂടി കെട്ടി. ഇപ്പോൾ മാജിയുടെ മക്കൾക്കും ധനസഹായങ്ങൾ ഉണ്ട്. കലിംഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് എന്ന സംഘടന അവരുടെ സ്‌കൂളില്‍ മാജിയുടെ മൂന്നു പെണ്‍മക്കള്‍ക്കും സൗജന്യ വിദ്യാഭ്യാസം നല്‍കി. സുലഭ് ഇന്റര്‍നാഷനല്‍ എന്ന സംഘടന മാജിയ്ക്ക് അഞ്ചു ലക്ഷം രൂപ നല്‍കിയതിന് പുറമെ, മക്കളുടെ വിദ്യാഭ്യാസത്തിന് മാസം തോറും 10,000 രൂപ വീതം നല്‍കുന്നു. പക്ഷെ മാജി കുട്ടികളെ ബന്ധു വീട്ടിലാക്കി. വിദ്യാഭ്യാസത്തിനും ചിലവിനും ബുദ്ധി മുട്ടില്ല. പക്ഷെ തങ്ങൾ തികച്ചും അനാഥരായി എന്നാണ് മക്കളുടെ പരാതി. പിതാവ് തങ്ങളെ കാണാൻ എത്തുന്നില്ല. രണ്ടാനമ്മയുടെ ഇടപെടലാണ് തങ്ങളെ ഈ വിധം അനാഥരാക്കിയത് എന്നും കുട്ടികൾ കുറ്റപ്പെടുത്തുന്നു. അമ്മാവന്റെ വീട്ടില്‍ നിന്നാണു പഠിക്കുന്നത്. ഇവിടം സ്വന്തം വീടുപോലെയാകില്ലല്ലോ എന്നാണു മാഞ്ചിയോടൊപ്പം അമ്മയുടെ മൃതദേഹവുമായി അന്ന് നടന്ന മകള്‍ പ്രമീളയുടെ ദുഖം. അതെ സമയം മക്കളും രണ്ടാനമ്മയും തമ്മിലുള്ള ചേർച്ചയില്ലായ്മയിൽ നിന്നും ഒരു രക്ഷ എന്ന നിലയിലാണ് താൻ അവരെ മാറ്റി നിർത്തിയിരിക്കുന്നതെന്നും അവർക്കു ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ നോക്കുന്നുണ്ടെന്നും മാജി വാദിക്കുന്നു.
ആ പെൺകുഞ്ഞുങ്ങൾ മിടുക്കികളാണ്
അതെ സമയം , സഹോദരിമാര്‍ പരസ്പരം തുണയായിട്ടാണ് ജീവിക്കുന്നത്. പാഠ്യേതര പ്രവൃത്തികളിലും സജീവമാണ് ഇവര്‍. പുതിയ ഭാര്യ വന്നതോടെ മാജി ഇവരെക്കാണാന്‍ എത്തുന്നില്ലെങ്കിലും മക്കള്‍ക്കു പക്ഷെ മാജിയോട് തെല്ലും സ്‌നേഹം കുറഞ്ഞിട്ടില്ല. വലുതാകുമ്പോള്‍ പിതാവിനു നല്ല വീടുവച്ചു നല്‍കുകയാണ് ഇവരുടെ വലിയ ആഗ്രഹം. സ്‌കൂളിലെത്തിക്കഴിഞ്ഞാല്‍ തങ്ങൾ ഈ ദുഖം മറക്കും എന്നവർ പറയുന്നു. കാരണം നിരവധി കൂട്ടുകാര്‍ ഇപ്പോളിവര്‍ക്കുണ്ട്. ഇതാണു ഞങ്ങളുടെ യഥാര്‍ഥ വീടെന്നും ഇവര്‍ പറഞ്ഞു. ഇവിടെ ഞങ്ങള്‍ ഒറ്റയ്ക്കാണെന്നു തോന്നാറില്ലെന്നും അവര്‍ പറഞ്ഞു. നിരവധിയാളുകള്‍ തങ്ങളെ കാണാന്‍ ഇവിടെയെത്തുന്നുണ്ടെന്നും അവരുമായി സംസാരിക്കുമ്പോള്‍ പുതിയ ലോകമാണു തുറന്നു കിട്ടുന്നതെന്നും മറ്റൊരു മകളായ ചാന്ദിനി പറഞ്ഞു.
ആ രാത്രി; പിറ്റേന്ന് പകൽ
രാജ്യത്തെ തന്നെ ഏറ്റവും ദരിദ്ര ജില്ലകളിലൊന്നായ ഒഡീഷയിലെ കലഹന്ദിയിലെ ഭവാനിപട്‌ന ആശുപത്രിയില്‍ കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 24ന് രാത്രിയാണു മാജിയുടെ ഭാര്യ അമംഗ് ദേവി (42) രോഗംമൂലം മരിച്ചത്. 60 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കു മൃതദേഹം കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ വാഹനം വിട്ടുകൊടുക്കാന്‍ തയാറാവാതെ വന്നപ്പോഴാണ് പിറ്റേന്ന് പകൽ ദാനാ മാജി മൃതദേഹം തോളിലേറ്റി റാംപുരിലെ മേല്‍ഗാറ ഗ്രാമത്തിലേക്ക് നടക്കാന്‍ തുടങ്ങിയത്. ഒരു പ്രാദേശിക ചാനലിന്റെ പ്രവര്‍ത്തകര്‍ ഇതിനിടെ ഈ കാഴ്ച കാണുകയും കലക്ടറെ വിവരമറിയിച്ച് ആംബുലന്‍സ് വരുത്തിക്കൊടുക്കുകയും ചെയ്തു. അപ്പോഴേക്കും മാജിയും മകളും പത്തു കിലോമീറ്റര്‍ പിന്നിട്ടിരുന്നു. ഇതിനു പിന്നാലെ വലിയ സഹായങ്ങളാണ് മാജിയെ തേടിയെത്തിയത്.
മാഞ്ചി പറയുന്ന സത്യം
രാജ്യത്തെ ഏറ്റവും വേദനിപ്പിച്ച സംഭവത്തിന്റെ ഒന്നാം വാർഷികത്തിൽ മാജി പറയുന്ന സത്യങ്ങൾ കൂടി കേൾക്കണം. ‘ആ സംഭവത്തിനു ശേഷം എന്റെ ജീവിതം മാറി മറിഞ്ഞു. മക്കള്‍ക്കു വിദ്യാഭ്യാസം കിട്ടിത്തുടങ്ങി. സര്‍ക്കാരും വിവിധ സംഘടനകളുമാണു സഹായത്തിനെത്തിയത്. എന്നാല്‍, ഇപ്പോളും എന്റെ സങ്കടം ഗ്രാമത്തെക്കുറിച്ചാണ്. ഇവിടം ഇപ്പോഴും പഴയപോലെ തന്നെ പിന്നിലാണ്. അടുത്തിടെയുണ്ടായ വെള്ളപ്പൊക്കം ദുരിതം ഇരട്ടിയാക്കി. ഇന്ദിര ആവാസ് യോജന പ്രകാരം ലഭിച്ച വീട് വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ വന്നു.’ ആ വീട് നന്നാക്കാനുള്ള ശ്രമത്തിലാണു മാജി ഇപ്പോള്‍. അതായത് മാജിയും കുടുംബവും മാത്രമേ നന്നായുള്ളൂ. ബാക്കിയൊക്കെ അത് പോലെ തന്നെ. മറ്റൊരു വീട്ടിൽ മരണം നടന്നാൽ ഇനിയും മൃതദേഹം ചുമന്ന് നടക്കണം. മറ്റൊരു മാജി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here