Advertisement

ഭീമൻ കറി അവിയലായി ഒടുവിൽ ഹരിയാനയിൽനിന്ന് കേരളത്തിലുമെത്തി

September 3, 2017
Google News 0 minutes Read
avial (2)

കേരളത്തിന്റെ തനത് ആഘോമാണ് ഓണം. ഓണമെന്ന് കേട്ടാൽ ഓണസദ്യയെവിടെ എന്നാകും ചോദ്യം. ഇനി ഓണസദ്യയെന്ന് പറഞ്ഞാലോ, അവിയലില്ലേ എന്നും. അതേ, അവിയലില്ലാതെ ഓണസദ്യ പൂർണ്ണമാകില്ല. സദ്യയിലെ എല്ലാ പച്ചക്കറികളും ചേർത്തുണ്ടാക്കുന്ന അവിയലിനുമുണ്ടൊരു കഥപറയാൻ.

അങ്ങ് ഹരിയാനയിലെ ഒരു വലിയ ഗ്രാമം. ആ ഗ്രാമത്തിൽ ശത്രുക്കളെ പോലെ കഴിയുന്ന രണ്ട് കുടുംബം. അവിടെ നാട് ഭരിക്കുന്ന ഒരു കൂട്ടർ; നമുക്ക് അവരെ കൗരവർ എന്ന് വിളിക്കാം. അവരുടെ വൈര്യത്താൽ ഒന്നുമില്ലാതായ മറ്റൊരു കുടുംബം അവരെ പാണ്ഡവരെന്നും വിളിക്കാം.

അങ്ങനെ തമ്മിൽ തല്ലും, കത്തിക്കുത്തുമെല്ലാമായി അവർ വളർന്നു. വളർന്ന് വളർന്ന് കല്യാണമെല്ലാം കഴിഞ്ഞു. ഒടുവിൽ ആ ദിവസം വന്നെത്തി. ദുഷ്ടരായ കൗരവർ, നല്ലവരായ പാണ്ഡവരെ ചൂതുകളി മത്സരത്തിന് ക്ഷണിച്ചു. ചൂതുകളിയുടെ എബിസിഡി അറിയില്ലെങ്കിലും കളിക്കാൻ പോയി പാണ്ഡവർ.

തോറ്റ് തോറ്റ് ഒടുവുൽ ഉള്ള സ്ഥലവും വീടുമെല്ലാം പണയം വെച്ച് കളിച്ചിട്ടും ദുര്യോദനന്റെ കാസിനോയിൽനിന്ന് രക്ഷപ്പെടാൻ പഞ്ചപാണ്ഡവർക്കായില്ല. ഒടുവിൽ അഞ്ച് പേരും കൂടി കെട്ടിയ പാഞ്ചാലിയെയും കൊണ്ട് അവർ വനവാസത്തിനിറങ്ങി. 12 വർഷം വനവാസവും കഴിഞ്ഞ് അജ്ഞാതവാസത്തിനായി പാണ്ഡവർ പോയത് വിരാട രാജ്യത്തേക്കായിരുന്നു.

അങ്ങനെ പലപേരുകളിൽ പാണ്ഡവർ വിരാട രാജ്യത്ത് അജ്ഞാത വാസമനുഷ്ഠിച്ചു. വല്ലവൻ എന്ന പാചകക്കാരനായാണ് ഭീമൻ ആ രാജ്യത്ത് കയറി പറ്റിയത്. നല്ല വിഭവങ്ങൾ മുന്നിൽ വച്ചാൽ നിമിഷ നേരം കൊണ്ട് അപ്രത്യക്ഷമാക്കാമെന്നല്ലാതെ തടിമാടനായ ശക്തരിൽ ശക്തനായ ഭീമനുണ്ടോ പാചകത്തിൽ പരിചയം.

അങ്ങനെ എന്തുചെയ്യണമെന്നാലോചിച്ച്, ചിന്തിച്ച് ഇരിക്കുന്നതിനിടയിലാണ് കുറേ പച്ചക്കറികൾ മുന്നിൽ കണ്ടത്. കണ്ട പച്ചക്കറികളെല്ലാം തലങ്ങും വിലങ്ങും വെട്ടിയിട്ട ഭീമൻ എല്ലാം വെള്ളം ചേർത്ത് വലിയ ഉരുളിയിലിട്ട് വേവിച്ചു. വെന്ത് വന്നപ്പോൾ കണ്ണിൽ കണ്ട പൊടികളും തേങ്ങയും എല്ലാം വാരിയിട്ടു.

പിന്നെയും അടച്ചുവച്ച് വേവിച്ചു. തുറന്നപ്പോൾ വെള്ളമെല്ലാം വറ്റി കുറുകിയ ആഹാരമായിട്ടുണ്ട്. വിഭവം രാജാവിനടക്കം എല്ലാവർക്കും വിളമ്പി. അന്നുവരെ കഴിച്ചിട്ടില്ലാത്ത ആ വിഭവം രാജാവിന്റെ പോലും പ്രീതിയ്ക്ക് ഇടയാക്കി. അങ്ങനെ ആ വിഭവത്തിന് അവിയൽ എന്ന് പേരിട്ടു. ഭീമനെ ആ സ്ഥാന പാചകക്കാരനായും വിരാട രാജാവ് തെരഞ്ഞെടുത്തു.

ആര്യന്മാർ ദക്ഷിണേന്ത്യയിലേക്ക് കുടിയേറിയതോടെ ഈ വിഭവം കേരളത്തിലുമെത്തി. അങ്ങനെ സദ്യയിലെ ഒഴിച്ചുകൂടാനാകാത്ത വിഭവവുമായി. അവിയൽ എന്ന് മാത്രമല്ല, ഭീമൻ കറിയെന്നും അവിയൽ അറിയപ്പെടുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here