ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം

തലസ്ഥാന നഗരിയെ ഉത്സവലഹരിയിലാക്കിയ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. വർണ്ണശബളമായ ഘോഷയാത്രയോടെയാണ് വാരാഘോഷം സമാപിക്കുക. ഘോഷയാത്രയ്ക്കുള്ള വിവിധ ഫ്ലോട്ടുകളും ഒരുങ്ങിക്കഴിഞ്ഞു.
കഴിഞ്ഞുപോയ ഒരു വാരം തിരുവനന്തപുരത്തിന് ആഘോഷങ്ങളുടേതായിരുന്നു. സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം ജനങ്ങൾ ഓരോരുത്തരും ഹൃദയത്തിൽ ഏറ്റുവാങ്ങി. കാഴ്ചയുടെ പുതിയ വിസ്മയങ്ങൾ ഒരുക്കിയ ആഘോഷക്കാഴ്ചകൾക്ക് ഇന്ന് തിരശീല. വൈകുന്നേരം അഞ്ചുമണിക്ക് വെള്ളയമ്പലത്ത് നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ ഷംസീർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പതാക കൈമാറും.
തൊട്ടുപിന്നാലെ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യകലാകാരന്മാർക്ക് വാദ്യോപകരണമായ കൊമ്പ് കൈമാറും. ഇതോടെ വാദ്യമേളത്തിന് തുടക്കമാവും. പിന്നാലെ ഘോഷയാത്ര. കേന്ദ്ര, സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, സഹകരണ, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ അറുപതോളം ഫ്ലോട്ടുകൾ ഘോഷയാത്രയിൽ അണിനിരക്കും.
കേരളീയ കലാരൂപങ്ങളായ തെയ്യം, കഥകളി, വേലകളി, പടയണി, പുലികളി, നീലക്കാവടി പൂക്കാവടി, ചിന്ത്, കാവടി, അമ്മൻകുടം തുടങ്ങിയവയും ചടങ്ങിന് മിഴിവേകും. ഘോഷയാത്രയുടെ ഭാഗമായി ഉച്ചയ്ക്ക് ശേഷം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. എന്നാൽ ഘോഷയാത്രയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് യാത്ര സൗകര്യം ഒരുക്കും.
Story Highlights: Today marks the end of Onam week celebrations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here