സംസ്ഥാന ചലച്ചിത്ര പുരസ്‌കാര രാവിന് ഇനി നിമിഷങ്ങൾ മാത്രം
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിനായി അരങ്ങുണരാൻ ഇനി നിമിഷങ്ങൾ മാത്രം. കണ്ണൂർ തലശ്ശേരിയിലെ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങ് വൈകീട്ട് ആറ് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ വിനായകനാണ് മികച്ച നടൻ. മികച്ച നടി അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ രജിഷ വിജയൻ. ആദ്യ ചിത്രത്തിന് തന്നെയാണ് രജിഷയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. നടി മഞ്ജു വാര്യർ, ഷീല, നടൻ മധു തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുക്കുന്നു. നൃത്ത, സംഗീത പരിപാടികളും ചടങ്ങിന്റെ ഭാഗമായി പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങ് ഒരാഘോഷമായി മറ്റേത് താര നിശയേയും വെല്ലുന്ന തരത്തിൽ പ്രേക്ഷകരിലേക്കെത്തുന്നത്. ഇന്ന് തലശ്ശേരിയിലെത്താൻ സാധിക്കാത്ത പ്രേക്ഷകർക്കായി അവാർഡ് ദാന ചടങ്ങ് ഫഌവേഴ്‌സ് ടി വിയിലൂടെ സംപ്രേക്ഷണം ചെയ്യും. ഫഌവേഴ്‌സ് ടി വിയാണ് കഴിഞ്ഞ വർഷം ആദ്യമായി താരനിശാ പരിവേഷം നൽകി ചലച്ചിത്ര പുരസ്‌കാര ചടങ്ങിനെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്.
അതേസമയം ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി ചലച്ചിത്ര വനിതാ കൂട്ടായ്മയായ ഡബ്ലുസിസി രംഗത്തെത്തി. നിലമ്പൂർ ആയിഷ, ദീദീ ദാമോധർ, വിധു വിൻസന്റ് തുടങ്ങിയവർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാധ്യമങ്ങളോട് സംസാരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here