ഈ ക്ഷേത്രത്തിലെ പ്രതിഷ്ട ഒരു മുസ്ലീം സ്ത്രീ !!
ഹൈന്ദവ പുരാണങ്ങളിലെ ദേവീ-ദേവന്മാരാണ് സാധാരണ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ. എന്നാൽ ഈ ക്ഷേത്രത്തിൽ ജനം ആരാധിക്കുന്നത് ഒരു മുസ്ലീം സ്ത്രീയെയാണ് !!
അലഹബാദിൽ നിന്നും 40 കിമി അകലെ ഝുലസൻ എന്ന കൊച്ചുഗ്രാമത്തിലാണ് ദോലാ മന്ദിർ എന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്റെ പിതാവിന്റെ ഗ്രാമ കൂടിയാണ് ഝുലസൻ. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ദോലാ മാതയെ കണ്ട് ആശിർവാദം വാങ്ങാനും, പ്രാർത്ഥിക്കാനും നിരവധി ഹിന്ദുക്കളാണ് ഇവിടെ ദിനംപ്രതി എത്തുന്നത്.
എന്നാൽ ആരാണ് ഈ ദോലാ മാതാ ? എങ്ങനെയാണ് അവർ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയായി മാറിയത് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമറിയാൻ 250 വർഷം പിറകിലേക്ക് സഞ്ചരിക്കണം…..
കഥ ഇങ്ങനെ…
ഡകോയിറ്റുകളുടെ കാലത്ത് ഝുലസനിൽ എന്നും മോഷണമായിരുന്നു. വീട്ടിൽ വിലപിടിപ്പുള്ള ഒന്നും തന്നെ വയ്ക്കാൻ സാധിക്കാത്ത അവസ്ഥ. എത്ര സമ്പന്നരുടെ വീട്ടിലും കയറി അവരെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടാൻ ദിവസങ്ങൾ മാത്രമേ കള്ളന്മാർക്ക് വേണ്ടി വന്നിരുന്നുള്ളു…എന്നാൽ അവരുടെ ആ തേർവാഴ്ച്ചയ്ക്ക് അൽപ്പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു…
ഒരിക്കൽ മോഷണമെല്ലാം നടത്തി തിരിച്ചുപോവുകയായിരുന്ന ഒരു കൂട്ടം മോഷ്ടാക്കളെ അടുത്ത ഗ്രാമത്തിലെ ഒരു മുസ്ലീം സ്ത്രീ കണ്ടു. ഒട്ടും നേരം മടിച്ചുനിൽക്കാതെ, താൻ ഒറ്റക്കാണെന്ന് പോലും ചിന്തിക്കാതെ ആ ധീരവനിത മോഷ്ടാക്കളുടെ സംഘത്തിനു മുമ്പിൽ ചാടിവീണു. തന്നാലാകും വിധം അവർ പോരാടിയെങ്കിലും ആ സംഘത്തിന്റെ ആക്രമണത്തെ ചെറുത്ത് തോൽപ്പിക്കാൻ അവർക്കായില്ല. മോഷ്ടാക്കളുമായുള്ള ഏറ്റുമുട്ടലിൽ അവർ വീരമൃത്യു വരിച്ചെങ്കിലും, അവരുടെ പോരാട്ടത്തെ ജനം മറന്നില്ല..
തങ്ങളുടെ ഗ്രാമത്തെ മോഷ്ടാക്കളിൽ നിന്നും രക്ഷിച്ച ആധീര വനിത മരിച്ചുവീണ സ്ഥലത്താണ് ദോലാ മന്ദിർ പണികഴിപ്പിച്ചിരിക്കുന്നത്. അവരുടെ മൃതശരീരം പൂക്കളായി മാറിയെന്നും, ഇത് കണ്ട ഗ്രാമവാസികൾ അമ്പരന്നുവെന്നും കഥകളുണ്ട്.
ദോല മാതാ എന്ന ‘ഡോളർ’ മാതാ
ഈ മുസ്ലീം സ്ത്രീയുടെ ശരിയായ നാമമോ രൂപമോ ആർക്കും തന്നെ അറിയില്ല. ഒരു കല്ലിൽ സാരി ചുറ്റിയാണ് ഇവിടെ ഇവരുടെ പ്രതിഷ്ഠയൊരുക്കിയിരിക്കുന്നത്. ദോലാ മാതയുടെ മുമ്പിൽ വണങ്ങിയാൽ തങ്ങളുടെ ആഗ്രഹങ്ങൾ നിറവേറുമെന്നാണ് വിശ്വാസം. തങ്ങളുടെ ഗ്രാമത്തിന് ഇന്നും സംരക്ഷണം ഒരുക്കുന്നത് ദോലാ മാതയാണെന്നാണ് ഇവിടത്തുകാർ ഇന്നും വിശ്വസിക്കുന്നത്.
ദോലാ മാതയ്ക്ക് ഡോളർ മാതായെന്നും വിളിപ്പേരുണ്ട്. ഗ്രാമത്തിന്റെ മറ്റൊരു പ്രത്യേകത ഇവരുടെ പാലായനമാണ്. അംഗസംഘ്യ 7000 ഉള്ള ഈ ഗ്രാമത്തിലെ 1500 പേരും അമേരിക്കയിലാണ്. അതുകൊണ്ട് തന്നെ ഡോളർ മാതയോട് പ്രാർത്ഥിച്ചാൽ യുഎസിൽ പോകാനാകുമെന്നും, അതുവഴി തങ്ങൾക്ക് മെച്ചപ്പെട്ട ജീവിതനിലവാരവും ലഭിക്കുമെന്നും വിശ്വാസമുണ്ട്. ഇതിന് പുറമേ യുഎസിൽ എത്തിയാൽ ദോലാ മാതയ്ക്കായി ഒരു ഗർഭയും നടത്താമെന്നും നേർച്ചയുണ്ട്.
ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസും ഈ ക്ഷേത്രത്തിൽ വന്ന് പ്രാർത്ഥിച്ചിട്ടുണ്ട്.
മതവെറി തലക്കുപിടിച്ച ഹിന്ദുക്കളും മുസ്ലീംകളും തമ്മിൽ തമ്മിൽ നിരന്തരം കലഹിക്കുമ്പോൾ, മതസൗഹാർദ്ദം നിറഞ്ഞ ഇന്ത്യ ഇന്നും മരിച്ചിട്ടില്ല എന്നതിന്റെ
തെളിവുകൂടിയാണ് ഈ അമ്പലം…..
muslim woman as deity in hindu temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here