ഇത് കല്ലേറല്ല; വിദ്യാർത്ഥികളുടെ ബസ് ക്ലീനിംഗ്

വിദ്യാർത്ഥി സംഘടനകൾ ബസിന് കല്ലെറിഞ്ഞെന്നും ബസ് കത്തിച്ചെന്നുമുള്ള വാർത്തകളെല്ലാം നമ്മൾ കാണാറുണ്ട്. എന്നാൽ ഇത് ബസ് കഴുകി വൃത്തിയാക്കുന്ന വിദ്യാർത്ഥി കൂട്ടമാണ്. എറണാകുളം മഹാരാജാസ് കോളേജിലെ എൻഎസ്എസ് യൂണിറ്റാണ് എറണാകുളം കെഎസ്ആർടിസി ഡിപ്പോയിലെ ബസ്സുകൾ കഴുകി വൃത്തിയാക്കിയത്.
100 കുട്ടികൾ ചേർന്ന് ഡിപ്പോയിലെ 10 ബസ്സുകൾ കഴുകി വൃത്തിയാക്കി. എൻഎസ്എസ് ദിനത്തോടനുബന്ധിച്ചാണ് വിദ്യാർത്ഥികളുടെ സന്നദ്ധ പ്രവർത്തനം.
വെറുതെ കഴുകുകയായിരുന്നില്ല, സോപ്പും ഡിറ്റർജന്റും ഉപയോഗിച്ച് ബസ്സുകളുടെ അകവും പുറവും ഗ്ലാസുകളുമെല്ലാം വൃത്തിയാക്കിയാണ് അവർ മടങ്ങിയത്.
കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് കെഎസ്ആർടിസി മാനേജ്‌മെന്റ് എല്ലാവിധ സഹകരണങ്ങളും നൽകി. തങ്ങൾക്ക് കുടിവെള്ളവും കെഎസ്ആർടിസി ജീവനക്കാരുടെ പൂർണ്ണ പിന്തുണയും ലഭിച്ചുവെന്നും എൻഎസ്എസ് പ്രവർത്തകർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here