വിഴിഞ്ഞം കരാർ; നിലപാട് വ്യക്തമാക്കി സർക്കാർ, കേസ് ഇന്ന് പരിഗണിച്ചേക്കും

വിഴിഞ്ഞം പദ്ധതി കരാറിൽ സർക്കാർ ഹൈക്കോടതിയിൽ നിലപാടറിയിച്ചു. സിഎജി റിപ്പോർട്ടിലെ കണ്ടെത്തൽ ഗൗരവതരമെന്നും വിഴിഞ്ഞം പദ്ധതി കരാറിൽ സിഎജി യുടെ കണ്ടെത്തലുകൾ പരിശോധിക്കാൻ കമ്മിറ്റിയെ വെച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
സിഎജിയുടെ കണ്ടെത്തലുകളിൽ കമ്മിറ്റി തീരുമാനമെടുക്കും. കമ്മീഷൻ റിപോർട്ടിന്റെ അടിസ്ഥാനത്തിലും ഭരണഘടനയുടെ 151 ആം വകുപ്പിന്റെ അടിസ്ഥാനത്തിലും റിപ്പോർട്ടിൽ തീരുമാനമെടുക്കുമെന്നും സർക്കാർ.
വിഴിഞ്ഞം പദ്ധതി നഷ്ടമല്ലെന്ന് കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോടതിയിൽ നിലപാടറിയിച്ചു. കരാർ സിഎജി പൂർണമായും പഠിച്ചിട്ടില്ലെന്ന് അറിയിച്ച ഉമ്മൻചാണ്ടിസംസ്ഥാന താൽപര്യം മുൻനിർത്തിയാണ് കരാർ ഒപ്പിട്ടതെന്നും കരാറിനെക്കുറിച്ച് പഠിക്കാൻ സർക്കാർ വച്ച കമ്മീഷൻ പിരിച്ചുവിടണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു.
പദ്ധതിയുമായി മുന്നോട്ട് പോകാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നിട്ടുംകമ്മിറ്റിയെ വച്ചത് കാഴ്ചക്കാർക്കു സർക്കാറിന് കയ്യടിയ്ക്കാൻ വേണ്ടിയാണെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.
അതേസമയം ഹർജിക്കാരൻ പരാതിയുമായി എത്തിയത് പബ്‌ളിസിറ്റിക്ക് വേണ്ടിയാണെന്നും വിഴിഞ്ഞം പദ്ധതിയിൽ അപാകതയുണ്ടോ എന്ന് പഠിക്കാൻ കമ്മിറ്റി വച്ച സാഹചര്യത്തിൽ എന്തെങ്കിലും പരാതി ഉണ്ടങ്കിൽ കമ്മിറ്റിയിൽ ഉന്നയിക്കണമെന്ന് സർക്കാർ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിക്ക് കോടതി നോട്ടീസ് നൽകിയിട്ടില്ലെന്നും സർക്കാർ.
നോട്ടീസ് നൽകിയിട്ടില്ലെങ്കിലും അന്നത്തെ മുഖ്യമന്ത്രി എന്ന നിലയിൽ നിലപാടറിയിക്കുന്നത് ഉചിതമാവും എന്നു കരുതുന്നതായും ഹർജി തള്ളണമെന്നും ഉമ്മൻ ചാണ്ടി കോടതിയെ അറിയിച്ചു. കേസ് കോടതി ഇന്ന് പരിഗണിച്ചേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here