ഹർത്താലിനെതിരെ ഹൈക്കോടതി; ചെന്നിത്തല വിശദീകരണം നൽകണം

ഒക്ടോബർ 16 ന് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ഹൈക്കോടതി വിശദീകരണം തേടി. ഇത് സംബന്ധിച്ച് സ്പീഡ് പോസ്റ്റിൽ വിശദീകരണം അറിയിക്കാൻ ആവശ്യപ്പെട്ട് കോടതി ചെന്നിത്തലയ്ക്ക് നോട്ടീസ് അയക്കുകയായിരുന്നു.
ഹർത്താൽ ആഹ്വാനം ചെയ്ത രമേശ് ചെന്നിത്തലക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഹൈക്കടോതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഹർത്താൽ ആഹ്വാനം ചെയ്ത രമേശ് ചെന്നിത്തലക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. ഹർത്താലിൽ ഉണ്ടാകുന്ന നഷ്ടം രമേശ് ചെന്നിത്തലയിൽ നിന്ന് ഈടാക്കണം. ഹർത്താലും ബന്ദും ഹൈക്കോടതി നിരോധിച്ചിട്ടുള്ളതാണ്.
പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല പൊതു ജന സേവകനായതിനാൽ ഹർത്താൽ ആഹ്വാനം നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 166 പ്രകാരം പൊതുജന സേവകൻ നിയമം ലംഘിക്കുന്നത് കുറ്റകരമാണെന്നും കേസെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഹർത്താൽ ദിനത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ മാധ്യമങ്ങളിൽ പ്രസിദ്ധികരിക്കാൻ സർക്കാരിനും കോടതി നിർദേശം നൽകി. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല പൊതു ജന സേവകൻ എന്ന നിർവചനത്തിൽ വരില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. രാഷ്ടീയ പാർട്ടി നേതാവ് എന്ന നിലയിലാണ് ഹർത്താൽ ആഹ്വാനം എന്നും സർക്കാർ വിശദീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here