ബിജെപിയുടെ ഡൽഹി എകെജി ഭവൻ മാർച്ചിൽ സംഘർഷം

ഡൽഹിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിനിടെ സംഘർഷം. കേരളത്തിൽ ആർഎസ്എസ് പ്രവർത്തകർ ആക്രമിക്കപ്പെടുന്നുവെന്ന് ആരോപിച്ചാണ് മാർച്ച് നടത്തിയത്.
പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും എകെജി ഭവന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് അഞ്ഞൂറോളം വരുന്ന ബിജെപി പ്രവർത്തകർ മറിച്ചിട്ടു. മൂന്ന് തട്ടായി പോലീസ് നിരത്തിയ ബാരിക്കേഡിന് മുകളിൽ കയറിയും തള്ളിയിട്ടും ബാരിക്കേഡ് തകർക്കുകയായിരുന്നു. ഇതോടെ പോലീസ് ബലം പ്രയോഗിച്ചു. ഡൽഹി പോലീസും സിആർപിഎഫും ചേർന്നാണ് എകെജി ഭവന് സുരക്ഷയൊരുക്കുന്നത്.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് നേതാക്കൾ എകെജി ഭവനിൽ എത്തിയിട്ടുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തുടങ്ങിയവർ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കേരളത്തിൽ നടത്തുന്ന ജനരക്ഷായാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് എകെജി ഭവനിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തുന്നത്. ജനരക്ഷായാത്ര അവസാനിക്കുന്നതുവരെ എകെജി ഭവന് മുന്നിൽ പ്രതിഷേധം തുടരുമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here