തോമസ് ചാണ്ടിയുടെ കയ്യേറ്റം; കളക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാർത്താണ്ഡം കായൽ കയ്യേറിയത് സംബന്ധിച്ച റിപ്പോര്‍ട്ട് ആലപ്പുഴ കളക്ടര്‍ ഹൈക്കോടതിയിൽ നൽകി . കായൽ ഭൂമി മണ്ണിട്ട് നികത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
64 പേരുടെ 5 സെന്‍റ് വീതമുള്ള പട്ടയ ഭൂമി കമ്പനി വാങ്ങികൂട്ടിയെന്നും ഇതിൽ 11 ഇടപാടുകളുടെ ഭൂമി രേഖകൾ പരിശോധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇനി 53 എണ്ണമാണ് പരിശോധിക്കാനുള്ളത്. ഭൂമിയുമായി ബന്ധപ്പെട്ട ചില ഫയലുകൾ കാണാതായിട്ടുണ്ട് . അതുകൊണ്ട് പരിശോധനകൾ പൂര്‍ത്തിയാക്കാനായിട്ടില്ല . ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സര്‍വേസംഘത്തെ നിയോഗിച്ചു. 26 ലോഡ് മണ്ണ് ജങ്കാറിൽ കൊണ്ടു വന്നാണ് നികത്തിയത്. മാർത്താണ്ഡം കായലിന്റെ ഭാഗമായുള്ള ഭൂമി ഭൂ പരിഷ്ക്കരണ നിയമം നിലവിൽ വരും മുൻപാണ് നികത്തിയത്. വെള്ളക്കെട്ട് മൂലം ഫലപ്രദമായ പരിശോധന നടത്താനായിട്ടില്ല, അടുത്ത വിളയ്ക്ക്
വെള്ളം പറ്റിച്ച ശേഷമേ ഫലപ്രദമായ പരിശോധന നടക്കൂവെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയല്ലെന്നും 2011ൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നുവെന്നും എന്നാൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയില്ലെന്നും അക്കാലത്തെ രേഖകൾ കാണാനില്ലെന്നും മുഴുവൻ പരിശോധനകളും പൂര്‍ത്തിയായശേഷം നടപടിയെടുക്കും കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി.