പത്രസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനൽ കുറ്റമെന്ന് മോദി

പത്രസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നത് ക്രിമിനൽ കുറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസ്യത നിലനിർത്താനും ആരോഗ്യകരമായ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ചെന്നൈയിൽ തമിഴ് പത്രമായ ദിന തന്തിയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടുബന്ധിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ജനകീയ താൽപര്യങ്ങളിൽ എഡിറ്റോറിയൽ സ്വാതന്ത്ര്യം ബുദ്ധിപൂർവം ഉപയോഗിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്ത് പല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. എന്നാൽ അവരവരുടെ പത്രത്തിൽ എന്ത് നൽകണമെന്ന് എഡിറ്റർമാർ നിശ്ചയിക്കുകയാണ്. ഇന്ത്യയിൽ രാഷ്ട്രീയക്കാർ മാത്രമല്ല ഉള്ളത്. രാഷ്ട്രീയത്തിന് അപ്പുറമുള്ള കാര്യങ്ങളും റിപ്പോർട്ട് ചെയ്യണം. മാധ്യമസ്ഥാപനങ്ങൾ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലാണെങ്കിലും അവർ ചെയ്യുന്നത് പൊതുവിന്റെ കാര്യമാണെന്ന് ഓർക്കണം. അതിനാൽ തന്നെ സാമൂഹിക ഉത്തരവാദിത്വവമുണ്ട്. വിശ്വാസ്യത ഉറപ്പുവരുത്തുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മോദി കൂട്ടിച്ചേർത്തു.
അതേസമയം തമിഴ്‌നാട് മഴക്കെടുതി മൂലം ദുരിതം നേരിടുന്ന സാഹചര്യത്തിൽ സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here