മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ മുഖത്തടിച്ച് പറഞ്ഞത്…

വിവാദ വാർത്താ ചാനൽ നടത്തിയ ഹണിട്രാപ്പ് എന്ന നാണം കെട്ട നാടകത്തിന്റെ അന്വേഷണ റിപ്പോർട്ട് മാധ്യമപ്രവർത്തകർക്കായി വിവരിക്കവേ മുഖ്യമന്ത്രിയുടെ ചില നിസ്സാരമല്ലാത്ത പരാമർശങ്ങൾ ശ്രദ്ധേയമായി. നിരന്തരം നിത്യേന പറഞ്ഞുകൊണ്ടിരിക്കുന്നതും, എന്നാൽ കേൾക്കുകയും അനുസരിക്കുകയും ചെയ്യേണ്ടവർ നിരന്തരം നിഷേധിക്കുന്നതുമായ മാധ്യമ അച്ചടക്കത്തെ കുറിച്ച് ഒന്ന് കൂടി ആവർത്തിക്കുകയായിരുന്നു മുഖ്യമന്ത്രി.
”ഇനി ചിന്തിക്കേണ്ട സമയമാണ്…” എന്ന് പറഞ്ഞു കൊണ്ടാണ് ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം ആരംഭിച്ചത്. മാധ്യമപ്രവർത്തകരുടെ കൂട്ടം ഏതു സാഹചര്യത്തെയും ഒരു പ്രശ്‌നബാധിത സ്ഥലം പോലെ ആക്കി മാറ്റുന്ന അന്തരീക്ഷം ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സോളാർ കമ്മീഷനെ സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ കഴിയാത്ത വിധം വളഞ്ഞു വയ്ക്കുകയായിരുന്നു ചാനലുകളും കാമറകളും. സെക്യൂരിറ്റി വളരെ പണിപ്പെട്ടാണ് അദ്ദേഹത്തെ അകത്തു കടത്തിയത്. എന്നാൽ ആന്റണി കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനെത്തിയപ്പോൾ തന്റെ ഓഫീസിൽ നിന്ന് മാധ്യമങ്ങളെ തടയാൻ നിർദേശം നൽകിയിട്ടില്ലെന്നും അത് തന്റെ ഓഫീസിന്റെ നിലപാടല്ലെന്നും, സെക്യൂരിറ്റി വിഭാഗത്തിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മാധ്യമപ്രവർത്തകരെ ഇരുത്തി മുഖത്തു നോക്കി മുഖ്യമന്ത്രി പറഞ്ഞതിന്റെ ചുരുക്കം ഇതാണ്
1. എല്ലാ സന്ദർഭങ്ങളിലും മാധ്യമപ്രവർത്തകർ യുദ്ധസമാനമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത് . ഇത് ശരിയല്ല.
2. നിർബന്ധിച്ചാണ് ഇപ്പോൾ പ്രതികരണം എടുക്കുന്നത്. പ്രതികരിക്കാനുണ്ടെങ്കിൽ വ്യക്തികൾ പ്രതികരിക്കുമെന്നും, അല്ലാതെ താൽപര്യമില്ലാത്തവരെ കൊണ്ട് പറയിക്കുന്ന പ്രവണത ശരിയല്ല.
3. സ്വയം നിയന്ത്രണം വരുത്തുന്ന കാര്യം മാധ്യമങ്ങൾ തന്നെ തീരുമാനിക്കണം.
4. ഒരു സ്ഥലത്ത് പ്രവേശനം അനുവദിക്കുക അല്ലങ്കിൽ അകത്ത് കടത്തി വിടുക എന്നാൽ മൈക്കുമായി ചെന്ന് ഇടിക്കുകയെന്നല്ല.
5. ആശുപത്രികൾ പോലുള്ള സ്ഥലങ്ങളുടെ പ്രവർത്തനം തടസ്സം ചെയ്യുന്ന വിധം കാമറയുമായി ഇടിച്ചു കയറരുത്. സദർശകരായെത്തുന്ന വി ഐ പികൾക്കൊപ്പം അകത്തേക്ക് ഇടിച്ചു കയറരുത്. അകത്തു പോകുന്നവർ പുറത്തു വന്നു പ്രതികരിക്കും.
6. അന്യസംസ്ഥാനങ്ങളിലെല്ലാം മാധ്യമപ്രവർത്തകർ ഒരിടത്ത് കേന്ദ്രീകരിച്ച് നിൽക്കും. അവർക്കു കാമറയും മൈക്കും സ്ഥാപിക്കാൻ പ്രത്യേക സംവിധാനങ്ങളും പോഡിയവും ഉണ്ടാകും. അവിടെ അച്ചടക്കത്തോടെ നിൽക്കുകയാണ് അവർ ചെയ്യുന്നത്. പ്രതികരിക്കേണ്ടവർ അവിടേയ്ക്ക് ചെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്യും.
കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരെ തടയാൻ പറഞ്ഞ നടപടിയെ കുറിച്ച് ചോദിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഹണിട്രാപ് വിവാദവുമായി ബന്ധപ്പെട്ട് ആന്റണി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ വിശദാംശങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കവെയാണ് ഈ ചോദ്യം ഉയർന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here