വഴിതെറ്റിയ തീവണ്ടി എത്തിയത് മധ്യപ്രദേശിൽ

ഡൽഹിയിൽ നിന്നും 1500ഓളം യാത്രക്കാരുമായി മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട തീവണ്ടി 160 കിലോമീറ്ററാണ് വഴി മാറി സഞ്ചരിച്ചത്. ഒടുവിൽ എത്തിയത് മധ്യപ്രദേശിലും.
ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന കിസാൻ യാത്രയിൽ പങ്കെടുത്തു മടങ്ങുന്ന കർഷകരായിരുന്നു യാത്രക്കാർ. രാജസ്ഥാനിലേയും മഹാരാഷ്ട്രയിലേയും കർഷകരാണ് റെയിൽവേയുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയിൽ വലഞ്ഞത്. യാത്രക്കാരിൽ 200 പേർ സ്ത്രീകളാണ്. 30 ലക്ഷം കൊടുത്താണ് കർഷക സംഘടന ട്രെയിൻ ബുക്കു ചെയ്തത്.
ചൊവ്വാഴ്ച രാത്രി പത്തുമണിക്കാണ് ട്രെയിൻ ഡൽഹിയിലെ സഫ്ദർജങ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടത്. ബുധനാഴ്ച രാവിലെ ആറുമണിക്ക് യാത്രക്കാർ ഉണർന്നപ്പോൾ ട്രെയിൻ മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്തുള്ള ബാൻമോർ സ്‌റ്റേഷനിലെത്തിയിരുന്നു. വഴി തെറ്റിയത് അറിഞ്ഞയുടൻ ട്രെയിൻ അവിടെ നിർത്തിയിട്ടു.
ആഗ്ര കഴിഞ്ഞ് രാജസ്ഥാനിലെ കോട്ടയിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. എന്നാൽ മഥുര സ്‌റ്റേഷനിൽ നിന്നും തെറ്റായ സിഗ്‌നൽ ലഭിച്ചതോടെയാണ് ട്രെയിൻ വഴി തെറ്റിയതെന്നാണ് ഡ്രൈവർ യാത്രക്കാർക്കു നൽകിയ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here