Advertisement

ജിഷാ വധം: ഇത് കേരളം കാത്തിരുന്ന വിധി

December 12, 2017
Google News 1 minute Read
Jisha

ഏപ്രില്‍ 28, 2016!! കേരളം ഏറെ ചര്‍ച്ച ചെയ്ത ഒരു മൃഗീയ കൊലപാതക കേസിന്റെ ദുരന്ത മുഖം സമൂഹത്തിന് മുന്നിലേക്ക് അതിന്റെ എല്ലാ ഭീതിയും നിറച്ച് എത്തിയ ദിവസമാണത്. പെരുമ്പാവൂരിലെ കുറുപ്പം പടി ഇരിങ്ങോല്‍ ഇരവിച്ചിറ കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീടും, ആ വീടിന്റെ സുരക്ഷിതത്വമില്ലായ്മയും വാര്‍ത്തകളില്‍ നിറഞ്ഞ ദിവസങ്ങള്‍… കേരളത്തിന്റെ മനസാക്ഷിയെ പൈശാചികതയുടെ കട്ട കറുപ്പിന്റെ ലോകത്ത് തളച്ചിട്ട ദിവസങ്ങള്‍ കൂടിയായിരുന്നു അത്.  അവിടെ നിന്നാണ് ഹൃദയം പൊട്ടിയ ഒരു അമ്മയുടെ നിലവിളിയോടൊപ്പം ജസ്റ്റിസ് ഫോര്‍ ജിഷ എന്ന ഹാഷ് ടാഗ് ലോകത്തിന് മുന്നിലേക്ക് വരുന്നതും, ജിഷയ്ക്കായി ആയിരങ്ങള്‍ തെരുവിലേക്കിറങ്ങിയതും. മാസങ്ങള്‍ക്ക് ശേഷം കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ജിഷ എന്ന പേരും ആ ഒറ്റമുറി വീടും ഇന്നും മലയാളികളുടെ മനസിലെ ഉണങ്ങാത്ത മുറിവാണ്.

Jisha-death

അതിക്രൂരമായി മാനഭംഗപ്പെടുത്തിയ നിലയില്‍ മാരക മുറിവുകളോടെയാണ് ജിഷ എന്ന നിയമ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ആ ഒറ്റമുറി വീട്ടില്‍ നിന്ന്  കണ്ടെടുക്കുന്നത്. കുടൽമാല മുറിഞ്ഞ് കുടൽ പുറത്തുവന്ന നിലയിലായിരുന്നു മൃതദേഹം. പുറമ്പോക്കിലെ ആ ഒറ്റമുറി വീട്ടില്‍ നിന്ന് ഒരു സുരക്ഷിത ഭാവി സ്വപ്നം കണ്ട് നിയമം ഐച്ഛിക വിഷയമായി പഠിച്ച ഒരു പെണ്‍കുട്ടിയാണ് രഹസ്യ ഭാഗങ്ങളിലടക്കം 38 മാരക മുറിവുകളുമായി മരണത്തിന് കീഴടങ്ങിയത്.

മെയ് രണ്ടിനാണ് ജിഷ ലൈംഗിക പീഢനത്തിന് ഇരയായെന്ന് വെളിവാകുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നത്. പിന്നീടങ്ങോട്ട് ജിഷയുടെ കൊലപാതകിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് രാജ്യമൊട്ടാകെ ശക്തമായ പ്രതിഷേധത്തിന് തുടക്കമായി. ഇതിനിടെ കേസ് അന്വേഷണം കൊച്ചി റേഞ്ച് ഐജി മഹിപാല്‍ യാദവിന് കൈമാറിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് സൂചന ലഭിച്ച പോലീസ് ഇതിനോടകം തന്നെ ഇതര സംസ്ഥാന തൊഴിലാളികjustice-for-jishaളെ ചോദ്യം ചെയ്ത് തുടങ്ങി. മെയ് മൂന്നിനാണ് ജിഷ വധകേസിലെ ഏക പ്രതിയായ അമീറുല്‍ ഇസ്ലാമിന്റെ അറസ്റ്റിലേക്ക് വഴി വയ്ക്കുന്ന സുപ്രധാന തെളിവായ ചെരുപ്പ് കനാല്‍ പരിസരത്ത് നിന്ന് ലഭിക്കുന്നത്. ഇതിനിടെ പ്രതിയെ പിടികൂടിയെന്ന് കാണിച്ച് മുഖം മറച്ച് രണ്ട് പേരെ പോലീസ് അവതരിപ്പിച്ചത് വന്‍ വിവാദമായി. പോലീസുകാരെ തന്നെ വേഷം മാറ്റി പോലീസ് തന്നെ കൊണ്ട് വരികയായിരുന്നുവെന്ന് വരെ ആക്ഷേപം ഉയര്‍ന്നു. അന്വേഷണം ഊര്‍ജ്ജിതമല്ലെന്നും, ജിഷയ്ക്ക് നീതിവേണമെന്നും ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ അപ്പോഴും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയായിരുന്നു.

മെയ് അഞ്ചോടെ കേസിന്റെ അന്വേഷണ ചുമതല ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ജിജിമോന് കൈമാറി. പോസ്റ്റ് മോര്‍ട്ടം നടപടികളിലും, അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലും വ്യാപക ക്രമക്കേടുണ്ടെന്നാണ് പിന്നീട് പുറത്ത് വന്ന വാര്‍ത്തകള്‍. മെയ് ഏഴോടെ അമീറുല്‍ ഇസ്ലാമിന്റെ രേഖാ ചിത്രം പോലീസ് പുറത്ത് വിട്ടു. മെയ് 25ന് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തു. ഇതിന് ശേഷം പുതിയ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു.  ജിഷയുടെ ഫോണ്‍ വിളി സംബന്ധിച്ച അന്വേഷണത്തിനൊടുവില്‍ ജൂണ്‍ ആറിന് ജിഷയുടെ സുഹൃത്തിനെ പോലീസ് പിടികൂടിയിരുന്നു.

AJisha26

തൊട്ടടുത്ത ദിവസം തന്നെ പെരുമ്പാവൂര്‍ ടൗണില്‍ പൊതു ജനങ്ങളില്‍ നിന്ന് വിവരം ശേഖരിക്കാന്‍ ഇന്‍ഫോര്‍മേഷന്‍ ബോക്സുകള്‍ സ്ഥാപിച്ചു. ജൂണ്‍ പത്തിന് ജിഷയുടെ വീടിന് സമീപത്തുള്ള കിസാന്‍ കേന്ദ്രയില്‍ നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. എന്നാല്‍ ഈ ദൃശ്യങ്ങളില്‍ നിന്ന് അന്വേഷണ സംഘത്തിന് കൊലയാളിയെ തിരിച്ചറിയാന്‍ സാധിച്ചില്ല. ജിഷയുടെ വീടിന് സമീപത്ത് നിന്ന് ലഭിച്ച ചെരുപ്പില്‍ നിന്ന് ജീഷയുടെ രക്തകോശങ്ങള്‍ ലഭിച്ചുവെന്ന റിപ്പോര്‍ട്ട് ജൂണ്‍ പതിനാലിന് പുറത്ത് വന്നതിന് പിന്നാലെ ജൂണ്‍ 16ന് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാമിനെ പോലീസ് പിടി കൂടി.രക്തക്കറയുടെയും ഉമിനീരിന്റെയും ഡി.എന്‍.എ. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി അമീറുള്‍ ഇസ്ലാമാണെന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് അമീറുള്‍ ഇസ്ളാമിനെ പെരുമ്പാവൂരിലെ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. കാക്കനാട് ജില്ലാ ജയിലിലടച്ചു. അമീറിനെ കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് സംഘം ഇയാളെ കാഞ്ചീപുരത്തും ജിഷയുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. സെപ്തംബര്‍ 17ന് ജിഷകൊലപാതക കേസില്‍ കുറ്റപത്രം നല്‍കി. മാർച്ച് 13 നാണു കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. പ്രോസിക്യൂഷൻ സാക്ഷികളായി​ 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറു പേരെയും കോടതി വിസ്തരിച്ചിരുന്നു.

 

യുവതിയുടെ വീട്ടിലെ വാതിലില്‍ കണ്ട രക്തക്കറ, യുവതിയുടേതല്ലാത്ത തലമുടി, യുവതിയുടെ നഖങ്ങള്‍ക്കിടയില്‍നിന്ന് ലഭിച്ച തൊലിയുടെ അവശിഷ്ടങ്ങള്‍, വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഉമിനീര്‍, വീടിനു പുറത്തുനിന്ന് കിട്ടിയ ഒരു ജോടി ചെരിപ്പ് തുടങ്ങിയവയായിരുന്നു അന്വേഷണസംഘത്തിന് കിട്ടിയ തെളിവുകള്‍. രക്തക്കറയുടെയും ഉമിനീരിന്റെയും ഡി.എന്‍.എ. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി അമീറുള്‍ ഇസ്ലാമാണെന്ന് പോലീസ് കണ്ടെത്തിയത്.

Jisha-Case-arrested-Ameerul-Islam-perumbavoor-photo-1ഒമ്പത് മാസത്തെ വിചാരണയ്ക്ക് ശേഷമാണ് കോടതി ഇന്ന് വിധി പറ‍ഞ്ഞത്. അതിക്രമിച്ചു കയറൽ, വീടിനുള്ളിൽ അന്യായമായി തടഞ്ഞുവയ്ക്കൽ, കൊലയ്ക്കു ശേഷം തെളിവു നശിപ്പിക്കൽ, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണു പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

മലയാളികളുടെ മനസില്‍ ഇനിയും കെട്ടിട്ടില്ലാത്ത ഒരു കനല്‍പൂവാണ് ജിഷ. ഒരു അറസ്റ്റ് കൊണ്ടോ കോടതി വിധി കൊണ്ടോ, തൂക്കുകയര്‍ കൊണ്ടോ ആ കനല്‍ ഒരിക്കലും കെട്ടുപോകകയും ഇല്ല, കാരണം ഇന്നല്ലെങ്കില്‍ നാളെ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരും സമാനമായ അവസ്ഥയെ നേരിട്ടേക്കാമെന്ന ഭീതിയിലാണ് ഓരോ മലയാളികളും. നിയമത്തെ പേടിയില്ലാത്ത ഒരു സമൂഹത്തില്‍ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകള്‍ക്കും മാനഭംഗങ്ങള്‍ക്കും ഇനിയും സാക്ഷിയാകേണ്ടിവരുമെന്ന ഒരു ഭയം ഇല്ലാത്ത ജീവിക്കാന്‍,  ഭരണകൂടങ്ങള്‍ക്ക് എന്താണ് ചെയ്യാനാവുക എന്ന ചോദ്യമാണ് ജിഷയുടെ, സൗമ്യയുടെ കൊലപാതകള്‍ സമൂഹത്തില്‍ ബാക്കിയാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here