അടിതെറ്റിയ ഡി.എം.കെ

2010 ന് ശേഷം കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടയില്‍ നാലാമത്തെ തിരഞ്ഞെടുപ്പിനാണ് ആര്‍.കെ നഗര്‍ സാക്ഷ്യം വഹിച്ചത്. അതില്‍ രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പാണ് വ്യാഴാഴ്ച്ച നടന്നത്. ഇന്ന് ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന്‍ വിജയം ഉറപ്പിച്ചിരിക്കുന്നു. പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവുകളുടെ ഭാഗമായി അണ്ണാ ഡി.എം.കെ വിമത സ്ഥാനാര്‍ത്ഥിയായാണ് ദിനകരന്‍ തിരഞ്ഞെടുപ്പ് രംഗത്തെത്തിയത്. അണ്ണാ ഡി.എം.കെ യുടെ രണ്ടില ചിഹ്നത്തിന് വേണ്ടി ഒ.പി.എസ് ഇ.പി.എസ് പക്ഷത്തോട് മത്സരിച്ച് ദിനകരന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസില്‍ വിധി എതിരായതിനെ തുടര്‍ന്നാണ് ദിനകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.
ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലത്തില്‍ അണ്ണാ ഡി.എം.കെ രണ്ടാം സ്ഥാനത്താണ്. ജയലളിതയുടെ മരണശേഷം മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തെ മുതലെടുത്ത് മികച്ച പോരാട്ടം നടത്താന്‍ കഴിയുമെന്ന് വിശ്വസിച്ചിരുന്ന ഡി.എം.കെ വോട്ടുകളുടെ കണക്കില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. 2016ലെ ഉപതിരഞ്ഞെടുപ്പില്‍ ആര്‍.കെ നഗറില്‍ ഡി.എം.കെ നേടിയിരുന്നത് 57,673 വോട്ടുകളായിരുന്നു. അന്ന് അണ്ണാ ഡി.എം.കെ യുടെ സ്ഥാനാര്‍ത്ഥിയായിരുന്നത് ജയലളിതയായിരുന്നു. ജയലളിതക്കെതിരെ പോലും അന്ന് ഡി.എം.കെ മോശമല്ലാത്ത മത്സരം കാഴ്ചവെച്ചിരുന്നു. 2016 ല്‍ ഷിംല മുത്തുചോഴനായിരുന്നു ഡി.എം.കെ യെ പ്രതിനിധീകരിച്ച് ആര്‍.കെ നഗറില്‍ മത്സരിച്ചത്. അന്നത്തെ തിരഞ്ഞെടുപ്പില്‍ 97,218 വോട്ടുകള്‍ നേടിയാണ് ജയലളിത വിജയം സ്വന്തമാക്കിയത്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍.കെ നഗറില്‍ വലിയ പ്രതീക്ഷകള്‍ പുലര്‍ത്തിയിരുന്നു ഡി.എം.കെ. എം.കെ സ്റ്റാലിന്‍ വലിയ പ്രതീക്ഷയോടെ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്നു. എന്നാല്‍ ഫലത്തില്‍ അത് മറ്റൊന്നായി. ശക്തരായ എതിരാളികള്‍ ആകാന്‍ പോലും കഴിയാതെയാണ് ഡി.എം.കെ ഇന്ന് ആര്‍.കെ നഗറില്‍ നില്‍ക്കുന്നത്. ഇന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ഡി.എം.കെ കഴിഞ്ഞ തവണ നേടിയ വോട്ടുകളുടെ എണ്ണത്തിന്റെ പകുതിയിലേക്ക് എത്താന്‍ പോലും ബുദ്ധിമുട്ടുന്ന കാഴ്ച കണ്ടു. 2016ല്‍ നേടിയ വോട്ടുകളേക്കാള്‍ 33,598 വോട്ടുകളുടെ കുറവാണ് ഇത്തവണ ഡി.എം.കെ ഏറ്റുവാങ്ങിയിരിക്കുന്നത്.
ഡി.എം.കെ വോട്ടുകള്‍ പലതും അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ദിനകരന്‍ മികച്ച മുന്നേറ്റം നടത്തുമ്പോള്‍ അതില്‍ വലിയ തോതില്‍ ഡി.എം.കെ വോട്ടുകളും ഉള്‍പ്പെട്ടിട്ടുണ്ടാകുമെന്നത് യാഥാര്‍ത്ഥ്യമാണ്. 2015 പൊതുതിരഞ്ഞെടുപ്പിലെ കണക്കുകള്‍ ശ്രദ്ധിക്കുക…ആ തിരഞ്ഞെടുപ്പില്‍ മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായ ഡി.എം.കെ മത്സരിച്ചിരുന്നില്ല. അന്നത്തെ തിരഞ്ഞെടുപ്പില്‍ 1,60,432 വോട്ടുകള്‍ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥി ജയലളിത നേടിയപ്പോള്‍ അതില്‍ ഡി.എം.കെ വോട്ടുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന രാഷ്ട്രീയ വിലയിരുത്തലുകള്‍ സജീവമായിരുന്നു. സമാനമായ സാഹചര്യമാണ് ഇന്നും ഉണ്ടായിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോള്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അതേ ഡി.എം.കെ വോട്ടുകള്‍ ദിനകരനിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷം ഡി.എം.കെ തിരഞ്ഞെടുപ്പ് രംഗത്ത് ഏറെ സജീവമായിരുന്നു. സ്റ്റാലിന്‍ നടത്തിയ റോഡ് ഷോ അണികള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. എന്നാല്‍ പെട്ടന്ന് തന്നെ പ്രചാ രംഗത്ത് നിന്ന് ഡി.എം.കെ പുറകോട്ട് പോയി. ആ പിന്‍വാങ്ങല്‍ രാഷ്ട്രീയമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ വോട്ടെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡി.എം.കെ പ്രചാരണ രംഗത്ത് വീണ്ടും സജീവമായി. മത്സരരംഗത്ത് അയവ് വരുത്തിയിട്ടില്ലെന്ന് കാണിക്കാന്‍ പല രീതിയില്‍ അവര്‍ പ്രകടനം നടത്തി. അതേ സമയം പാര്‍ട്ടി നേതൃത്വത്തിന്റെ ഈ രാഷ്ട്രീയം അണികള്‍ക്കിടയില്‍ വലിയ ആശയകുഴപ്പങ്ങള്‍ സൃഷ്ടിച്ചു. ഒ.പി.എസ് ഇ.പി.എസ് സഖ്യം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ദുര്‍ബലമാണെന്ന് കാണിക്കാന്‍ ഡി.എം.കെ നടത്തിയ നീക്കമായി ഈ നിലപാട് വരും നാളുകളില്‍ വിലയിരുത്തപ്പെട്ടേക്കാം. ആ നീക്കം പക്ഷേ ദിനകരന് ഗുണകരമായി എന്ന് മാത്രമല്ല,അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിപദം ലക്ഷ്യമിടുന്ന സ്റ്റാലിന് ഈ ഫലം ഒട്ടും ആശാവഹവുമല്ല. അതുകൊണ്ട് തന്നെ ഡി.എം.കെ യുടെ പാളിപോയ രാഷ്ട്രീയ നീക്കമായി ഇത് വിലയിരുത്തപ്പെടാനും സാധ്യതകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here