Advertisement

ലോകം പോയ വഴി 

December 31, 2017
Google News 3 minutes Read
top 10 happenings around the globe in 2017

1.ട്രംപ് അമേരിക്കന്‍ തലപ്പത്ത്

america slams c court temporarily bans trump travel ban

മാധ്യമ വിശകലനങ്ങളും സര്‍വേകളും തെറ്റിച്ച് അമേരിക്കയുടെ നാല്‍പ്പത്തിയഞ്ചാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റത് ജനുവരിയില്‍. മുസ്ലീം രാഷ്ട്രങ്ങളിലെ പൗരന്‍മാര്‍ക്ക് വീസാ വിലക്ക് ഏര്‍പ്പെടുത്തിയും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വന്‍ മതില്‍ തീര്‍ത്തും ട്രംപിന്റെ ഭരണം വാര്‍ത്തകളില്‍ നിറഞ്ഞു.ഒബാമ ഭരണകൂടം നടപ്പിലാക്കിയ പല പദ്ധതികളും ട്രംപ് നിര്‍ത്തലാക്കി. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന് എതിരായ വെല്ലുവിളികളും ട്രംപിനെ ലോകവാര്‍ത്തകളുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചു. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച ട്രംപിന്റെ നടപടിയെ ഐക്യരാഷ്ട്രസഭ പോലും തള്ളിക്കളഞ്ഞു.

2.ലോകത്തെ ഞെട്ടിച്ച പിന്‍മാറ്റം
 

paris climate agreement

പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നുള്ള അമേരിക്കന്‍ പിന്‍മാറ്റം ജൂണില്‍ ലോകത്തെ ഞെട്ടിച്ചു. അമേരിക്കന്‍ വ്യവസായങ്ങള്‍ക്ക് തിരിച്ചടി ഉണ്ടായി എന്ന ന്യായം പറഞ്ഞാണ് ട്രംപ് പിന്‍മാറ്റം പ്രഖ്യാപിച്ചത്. ഉടമ്പടിയില്‍ തുടരുന്നത് അമേരിക്കയ്ക്ക് വന്‍ നഷ്ടമാണെന്നും ട്രംപ് പ്രഖ്യാപിച്ചു. ആഗോള താപനം കുറയ്ക്കാനുള്ള ഒബാമ ഭരണകൂടത്തിന്റെ ഇടപെടലുകളെയാണ് പിന്‍മാറ്റത്തിലൂടെ ട്രംപ് തള്ളിക്കളഞ്ഞത്.

3.തിരിച്ചടിക്കിടയിലും തെരേസ പ്രധാനമന്ത്രി

Theresa May terror plot foiled
ബ്രക്‌സിറ്റ് സമ്മര്‍ദ്ദത്തില്‍ നേരത്തേ തെരഞ്ഞെടുപ്പ് നടത്തിയ തെരേസ മേയ്ക്ക് ബ്രിട്ടനില്‍ കടുത്ത തിരിച്ചടി നേരിട്ടു.ജൂണില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ തെരേസയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക്  കേവലഭൂരിപക്ഷം നേടാനായില്ല. കിട്ടിയത് 318 സീറ്റ് മാത്രം. മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തി 261 സീറ്റ് നേടി. ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ തെരേസ മേ വീണ്ടും പ്രധാനമന്ത്രിയായി. ബ്രക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഭൂരിപക്ഷക്കുറവ് തെരേസയ്ക്ക് കടുത്ത വെല്ലുവിളിയാകും

4.കിരീടം നഷ്ടപ്പെട്ട ഷെരീഫ്

nawas sherif

അഴിമതിക്കേസിലെ സുപ്രീംകോടതി പരാമര്‍ശത്തെ തുടര്‍ന്ന് ജൂലൈയില്‍ നവാസ് ഷെരീഫ് പാക് പ്രധാനമന്ത്രി പദം രാജിവച്ചു. കേസില്‍ ഷെരീഫിന്റെ മകള്‍ മറിയവും വിചാരണ നേരിടുന്നുണ്ട്. പാക്കിസ്ഥാനില്‍ ഇടക്കാല പ്രധാനമന്ത്രി അധികാരമേറ്റെടുത്തു. പ്രമുഖരുടെ അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട പാരഡൈസ് രേഖകളില്‍ ഉള്‍പ്പെട്ടതും ഷെരീഫിന് തിരിച്ചടിയായി. ഷെരീഫിന്റെ ജനപിന്തുണ ഇടിഞ്ഞെന്ന വാര്‍ത്തകളും പുറത്തുവന്നു. പാക്കിസ്ഥാന്റെ തലപ്പത്തേക്ക് തിരിച്ചെത്താനുള്ള ഷെരീഫിന്റെ സാധ്യത മങ്ങിയിരിക്കുകയാണ്.

5.അമേരിക്കയെ ചുഴറ്റിയെറിഞ്ഞ് ഹാര്‍വി

harvey cyclone US chemical plant blast

ഓഗസ്റ്റില്‍ ഹാര്‍വി ചുഴലിക്കാറ്റും കനത്തമഴയും അമേരിക്കയില്‍ നിരവധി പേരുടെ ജീവനെടുത്തു.ടെക്‌സസ് തകര്‍ന്നടിഞ്ഞു.50 വര്‍ഷത്തിനിടെ ടെക്‌സസ് നേരിട്ട വലിയ ദുരന്തമായിരുന്നു ഹാര്‍വി. ഒരു ലക്ഷത്തോളം വീടുകള്‍ തകര്‍ന്നു.സെപ്റ്റംബറില്‍ ആഞ്ഞടിച്ച ഇര്‍മ ചുഴലിക്കാറ്റ് ഫ്‌ളോറിഡയിലും മിയാമിയിലും വന്‍ നാശം വിതച്ചു.65 ലക്ഷം പേരെയാണ് ഇര്‍മയെ തുടര്‍ന്ന് ഒഴിപ്പിച്ചത്

6.ലോകത്തിന്റെ കണ്ണീരായി റോഹിങ്ക്യകള്‍

rohingya

സെപ്റ്റംബര്‍ മാസത്തില്‍ ആ ദുരിതതീവ്രത ലോകമറിഞ്ഞു. മ്യാന്‍മറില്‍ കടുത്ത അതിക്രമം നേരിട്ട റോഹിങ്ക്യകള്‍ കൂട്ടപ്പലായനം ചെയ്തു. ആറ് ലക്ഷത്തോളം റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക്  എത്തിയത്.സൈന്യവും പൊലീസും ചേര്‍ന്ന് നടത്തിയ നരനായാട്ടില്‍ റോഹിങ്ക്യകള്‍ക്ക് സര്‍വ്വതും നഷ്ടമായി. സ്വന്തം പൗരന്‍മാരായി റോഹിങ്ക്യകളെ മ്യാന്‍മര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. വിഷയത്തില്‍ ഐക്യരാഷ്ട്രസഭ  ഇടപെട്ടു. ഒടുവില്‍ ബംഗ്ലാദേശില്‍ നിന്ന് മടങ്ങുന്ന റോഹിങ്ക്യകളെ സ്വീകരിക്കാമെന്ന് മ്യാന്‍മറിന് സമ്മതിക്കേണ്ടി വന്നു

7.ഫാ. ടോം ഉഴുന്നാലിന് സ്വാതന്ത്ര്യം

tom uzhunnalil

മലയാളിയായ ഫാ. ടോം ഉഴുന്നാലില്‍ ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായി . വാര്‍ത്ത പുറത്തെത്തിയത് സെപ്റ്റംബര്‍ 12 ന്.വത്തിക്കാന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഒമാന്‍ സര്‍ക്കാര്‍  ഇടപെട്ടാണ് മോചനം സാധ്യമാക്കിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.യെമനില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഫാ.ടോം ആദ്യമെത്തിയത് ഒമാനില്‍. പിന്നീട് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കണ്ടു.രാജ്യത്തിന് നന്ദി പറഞ്ഞ് ഇന്ത്യയില്‍ എത്തിയ ടോമിന് ദില്ലിയിലും കേരളത്തിലും വന്‍ സ്വീകരമാണ് ലഭിച്ചത്

8.സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ

Catalonia Declares Independence

ഹിതപരിശോധനയ്ക്ക് ഒടുവില്‍ ഒക്ടോബറില്‍ ആ പ്രഖ്യാപനമുണ്ടായി. സ്‌പെയിനില്‍ നിന്നുമാറി സ്വതന്ത്രരാജ്യമായെന്ന് കാറ്റലോണിയ പ്രഖ്യാപിച്ചു. വര്‍ഷങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമായിരുന്നു ഹിതപരിശോധന.പക്ഷേ പ്രഖ്യാപനത്തെ സ്‌പെയിന്‍ അംഗീകരിച്ചില്ല. അനുവദിച്ച സ്വയംഭരണം റദ്ദാക്കി സ്‌പെയിന്‍ കാറ്റലോണിയന്‍ നിയന്ത്രണം ഏറ്റെടുത്തു. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് എതിരായ സുപ്രീംകോടതി വിധി കൂടി വന്നതോടെ കാറ്റലോണിയന്‍ നേതാവ് പൂജ്ഡ്യമോന്‍ രാജ്യം വിട്ടു

9.ഇറാനെ തകര്‍ത്തെറിഞ്ഞ ഭൂകമ്പം

massive earthquake hits iran iraq border and gulf countries

നവംബര്‍ 12-നുണ്ടായ വന്‍ ഭൂകമ്പത്തിന്റെ കെടുതികളില്‍ നിന്ന് ഇറാന്‍ ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ്. ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 400 ല്‍ അധികമാളുകള്‍ മരിച്ചു.പതിനായിരങ്ങള്‍ ഭവനരഹിതരായി. ഇറാഖിലെ വടക്കന്‍ കുര്‍ദ്ദിഷ് മേഖലയിലും നാശനഷ്ടങ്ങള്‍ ഉണ്ടായി. ഇറാഖില്‍ ഏഴുപേരാണ് മരിച്ചത്.

10.മുഗാബെ യുഗം അവസാനിച്ചു

Robert Mugabe robert mugabe resigned

സിംബാബ്‌വേയില്‍ റോബര്‍ട്ട് മുഗാബെ യുഗം അവസാനിച്ചു. സ്വാതന്ത്ര്യം നേടിയ 1980 മുതല്‍ മുഗാബെ ആയിരുന്നു സിംബാബ്‌വേയുടെ പ്രസിഡന്റ്. മുഗാബെയുടെ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ സൈന്യം ഇടപെട്ടു. ഇതിനെ തുടര്‍ന്ന് ഭാര്യയെ പിന്തുടര്‍ച്ചാവകാശിയാക്കാന്‍ മുഗാബെ ശ്രമിച്ചു. ഈ നീക്കത്തെ സന-പിഎഫ് പാര്‍ട്ടി എതിര്‍ത്തതോടെ മുഗാബെയ്ക്ക് പടിയിറങ്ങേണ്ടി വന്നു.

top 10 happenings around the globe in 2017

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here