Advertisement

വിപണി @ 2017

December 31, 2017
Google News 0 minutes Read
market round up 2017

ഓഹരി വിപണികള്‍ കരുത്ത് കാട്ടിയ വര്‍ഷമാണ് കടന്നു പോയത്. റെക്കോഡുകള്‍ കുറിച്ചും,തിരുത്തിയുമാണ് ദലാല്‍ സ്ട്രീറ്റിന് 2017 മായാത്ത ഓര്‍മ്മയാകുന്നത്. ദേശീയ ഓഹരി സൂചിക നിഫ്റ്റി ജൂലൈയില്‍ 10,000 കടന്നത് നിക്ഷേപകര്‍ക്ക് നല്ല വാര്‍ത്തയായി. ഒരു ട്വന്‌റി ട്വന്റി മാച്ചിന്റെ ആവേശം നിലനിര്‍ത്തിക്കൊണ്ടാണ് വിപണി പലപ്പോഴും പുത്തന്‍ ഉയരങ്ങള്‍ കീഴടക്കിയത്. കടുത്ത ചില തിരുത്തലുകള്‍ വന്നെങ്കിലും നിഫ്റ്റി 10,000 ത്തിനു മുകളില്‍ തന്നെ പ്രകടനം നടത്തി. സെന്‍സെക്‌സും 33,800 ന് മുകളില്‍ വ്യാപാരം തുടരുകയാണെന്നത് വരും വര്‍ഷവും വിപണികള്‍ മികവ് തെളിയിക്കുമെന്നതിന് സൂചനയായി വിലയിരുത്തപ്പെടുന്നു. വലിയ സാമ്പത്തിക മാറ്റങ്ങളും ആശങ്കയും സമ്പദ് വ്യവസ്ഥയിലുണ്ടായപ്പോഴും വിപണികള്‍ ആരോഗ്യകരമായ അവസ്ഥയിലായിരുന്നെന്നത് നിക്ഷേപകരിലും ആത്മവിശ്വാസം വളര്‍ത്തി.

സ്വാഭാവികമായി വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങളോടൊപ്പം പ്രത്യേക സാമ്പത്തിക നയങ്ങളും വിപമിയിലെ അടിയൊഴുക്കുകള്‍ക്ക് കാരണമായി. ചരക്ക് സേവന നികുതി, നിര്‍ധനത്വ നിയമം, പൊതുമേഖലാ ബാങ്കുകളുടെ പുനര്‍ മൂലധനവല്‍ക്കരണം ,ട്രംപ് പ്രസിഡന്റായതും, ഫെഡറല്‍ റിസര്‍വ്  നിരക്ക് വര്‍ധിപ്പിച്ചതും, പ്രാഥമിക വിപണിയിലെ ഉണര്‍വുമെല്ലാം വിപണികളില്‍ ചലനമുണ്ടാക്കി.

സാമ്പത്തിക മേഖലയെ പരിഷ്‌ക്കരിക്കാനുതകുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത് വിപണിക്കുണര്‍വായി. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടമായിരുന്നു പോയവര്‍ഷം സാമ്പത്തികരംഗത്തെ ആശങ്കയിലാക്കിയത്. ഇതിനു പരിഹാരമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 2.11 ലക്ഷം കോടിയുടെ പുനര്‍മൂലധ പാക്കേജ് വിപണിക്ക് ആവേശമായി. 1.35 ലക്ഷം കോടി പുനര്‍മൂലധന ബോണ്ടുകളിലൂടെയും, 76,000 കോടി ബജറ്റ് വിഹിതത്തിലൂടെയും നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. ഇതിനു പുറമേ, നിര്‍ധനത്വ നിയമം ഭേദഗതി ചെയ്തതിലൂടെ പാപ്പര്‍ പ്രഖ്യാപനം നടത്തി കടത്തില്‍ നിന്നൊഴിവാകുന്നവര്‍ക്ക് തടയിടാനുള്ള നടപടികളും ആരംഭിച്ചു. സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തുന്ന ഇത്തരം നയങ്ങള്‍ നിക്ഷേപകരില്‍ ആത്മവിശ്വാസം വളര്‍ത്താനിടയാക്കി.

2017 നെ ഐപിഓ വര്‍ഷമെന്ന് വിളിച്ചാലും തെറ്റില്ല. പ്രാഥമിക ഓഹരി വിപണിയിലുണ്ടായ വളര്‍ച്ച ചരിത്രം കുറിച്ചു. മോത്തിലാല്‍ ഓസ്വാളിന്റെ കണക്കുകള്‍ പ്രകാരം 120 കമ്പനികള്‍ പ്രാഥമിക വിപണിയില്‍ നിന്ന് സമാഹരിച്ചത് 70,000 കോടി രൂപ. ഡി മാര്‍ട്ട് ഓപ്പറേറ്ററായ അവന്യൂ സൂപ്പര്‍മാര്‍ക്കറ്റ്‌സ് ഓപ്പണിങ് ടിക്കില്‍ തന്നെ നിക്ഷേപകരുടെ ആസ്തി ഇരട്ടിയാക്കിയതും ശുഭ സൂചകമായ വാര്‍ത്തയാണ്.

ഉത്തരകൊറിയന്‍ മേഖലയിലെ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ രാജ്യാന്തര വിപണിയില്‍ ആശങ്കയുളവാക്കി.യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുന്നത് ആഗോള വിപണികളെ പിടിച്ചുലച്ചു.

യു പി , ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ വിജയം വിപണികളെ പുതിയ ഉയരങ്ങളിലെത്തിച്ചു. രാഷ്ട്രീയ സ്ഥിരത കേന്ദ്ര സര്‍ക്കാരിനെ പുതിയ നയങ്ങള്‍ക്ക് പ്രേരിപ്പിക്കുമെന്ന വിശ്വാസം നിക്ഷേപകരില്‍ നിറച്ചത് പുതിയ പ്രതീക്ഷകള്‍.

ക്രൂഡ് ഓയില്‍ വിലയായിരുന്നു വിപണികള്‍ ഉറ്റുനോക്കിയ മറ്റൊരു ഘടകം. ക്രൂഡ് വില ഡിസംബര്‍ ആദ്യം ബാരലിന് 65 ഡോളറെന്ന നിലവാരത്തിലേക്കുയര്‍ന്നിരുന്നു. വരും വര്‍ഷവും എണ്ണവിലയിലെ വ്യതിയാനങ്ങള്‍ വിപണികളില്‍ മാറ്റങ്ങളുണ്ടാക്കാം.

രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ തലപ്പത്ത് നിന്നുള്ള  വിശാല്‍ സിക്കയുടെ രാജി, ഐടി മേഖലയില്‍ താല്‍ക്കാലികമായെങ്കിലും തിരിച്ചടിയായി.

11 വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നടപ്പാക്കപ്പെട്ട ചരക്ക് സേവന നികുതിയും വിപണിയില്‍ പ്രതീക്ഷയുളവാക്കി. രാജ്യം ഒറ്റനികുതിയിലേക്ക് മാറുന്നത് സാമ്പത്തിക സ്ഥിരതയിലേക്കും, നിക്ഷേപ സ്ഥിരതയിലേക്കും നയിക്കുമെന്ന വിശ്വാസത്തിലാണ് നിക്ഷേപകര്‍.

പോയ വര്‍ഷത്തെ ആവേശം തുടര്‍ന്നാല്‍ 2018 ഉം വിപണികള്‍ക്ക് ശുഭമാകും. എന്നാല്‍ ക്രൂഡ് ഓയില്‍ വില, കൊറിയന്‍ മേഖലയിലെ സംഘര്‍ഷം, ഫെഡറല്‍ റിസര്‍വ് നയങ്ങള്‍ തുടങ്ങിയവ വിപണിയെ പിന്നാക്കം പോകാനുമിടയാക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here