പോയ വര്‍ഷം നമ്മെ പറ്റിച്ച നുണക്കഥകള്‍

hoax stories of 2017

സാമൂഹ്യമാധ്യമങ്ങളുടെ കടന്നു വരവ് എഡിറ്റ് ചെയ്യപ്പെടാത്തതും, സത്യമാണോയെന്ന് ഉറപ്പില്ലാത്തതുമായ വാര്‍ത്തകളുടെ കുത്തൊഴുക്കിന് കൂടിയാണ് വഴി വെച്ചത്. അങ്ങനെ നുണക്കഥകളുടെ കുരുക്കില്‍ വര്‍ഷത്തില്‍ പല ദിവസവും വായനക്കാരന് വിഡ്ഡി ദിനമായി. പോയവര്‍ഷം നാം വിശ്വസിക്കാന്‍ നിര്‍ബന്ധിതമായ ചില നുണക്കഥകളാണ് ചുവടെ. ട്വിറ്റര്‍, ഫേസ് ബുക്ക് , വാട്‌സ് ആപ്പ് ഭേദമില്ലാതെ ചിറകു വിരിച്ചു പറന്നു ഈ ഉത്തരാധുനീക തട്ടിപ്പു ഗാഥകള്‍…ഇത്തരം തട്ടിപ്പു വാര്‍ത്തകളുടെ പെരുക്കം മൂലം ,ഇത്തവണ ഫേക്ക് ന്യൂസ് എന്ന വാക്ക് കോളിന്‍സ് ഡിക്ഷനറിയുടെ വേര്‍ഡ് ഓഫ് ദ ഇയറുമായത്രേ…പോരാത്തതിന് ഈ വാക്കിന്റെ പോയവര്‍ഷത്തെ ഉപയോഗത്തില്‍ 365 % വര്‍ധനയുണ്ടായതായാണ് ഒരു ബ്രിട്ടീഷ് നിഘണ്ടു വിദഗ്ദ്ധന്റെ കണ്ടെത്തല്‍…ഒരു വാര്‍ത്തയെ കീറിമുറിച്ച് പരിശോധിച്ച് അച്ചടി മഷി പുരട്ടുന്ന വാര്‍ത്താ സംസ്‌ക്കാരത്തിന് അന്ത്യം കുറിക്കുമോ ഇത്തരം പ്രവണതകളെന്ന ആശങ്കയും യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്.
hoax stories of 2017
മുകേഷ് അംബാനിയോ , നിതാ അംബാനിയോ അറിയാതെ മകന്‍ ആകാശ് അംബാനിയുടെ വിവാഹക്കത്ത് പ്രചരിച്ചതും, ഇത് കണ്ട് നിരവധി തരുണീമണികള്‍ നിരാശരായതുമാണ് പ്രമുഖ നുണക്കഥകളില്‍ നമ്പര്‍ വണ്‍ സ്ഥാനത്ത്…സ്വര്‍ണ്ണലിപികളിലുള്ള ക്ഷണക്കത്തിന് ഒന്നരലക്ഷം ഉറുപ്പികയാണെന്നും കാച്ചിവിട്ടു..വിഖ്യാത നുണയന്മാര്‍..നാട്ടുകാരും , കൂട്ടുകാരുമൊക്കെ ആകാശിന്റെ കല്യാണക്കാര്യം അറിഞ്ഞില്ലല്ലോ എന്ന് പരിഭവം പറയുമ്പോഴാണ് സാക്ഷാല്‍ അംബാനി ദമ്പതിമാര്‍ മകന്റെ കല്യാണക്കാര്യം അറിയുന്നത്. ഈ കല്യാണക്കത്ത് വെറും തട്ടിപ്പാണെന്ന് അറിയക്കേണ്ട ഗതികേടും വന്നു അംബാനിക്ക്..

hoax stories of 2017

ആഞ്ചലീനാ ജോളിയുടെ ആരാധികയായ സഹര്‍ തബാര്‍ 50 ശസ്ത്രക്രിയ നടത്തി സോംബി പോലെയായ കഥയാണ് രണ്ടാം സ്ഥാനത്ത്..ടെക്‌നോളഡി ഉത്തുംഗ ശൃംഗത്തില്‍ നില്‍ക്കുന്ന ഇക്കാലത്ത് ഫോട്ടോ ശരിക്കൊന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ പ്രചരിപ്പിച്ചവര്‍ ഞെട്ടിയത് തബാറിന്റെ വിശദീകരണത്തോടെയാണ്. ഏതൊരു വാര്‍ത്തയും സ്വന്തബുദ്ധി കൂടി ുപയോഗിച്ച് വിലയിരുത്തണമെന്ന തത്വം പലരും മറന്നാണ് ഇവ വീണ്ടും വീണ്ടും ഷെയര്‍ ചെയ്ത് കുടുങ്ങിയത്.

hoax stories of 2017

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയ്ക്ക് ബിഗിനിങ് എന്ന വാക്ക് ശരിയായി ഉച്ചരിക്കാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് പ്രചരിച്ച വീഡിയോകളാണ് മൂന്നാം സ്ഥാനത്ത്.. എഡിറ്റ് ചെയത വീഡിയോകളുടെ ഒറിജിനലുകള്‍ വന്നതോടെ ഫേക്കിന്റെ സ്രഷ്ടാക്കള്‍ പത്തി താഴ്ത്തി.

hoax stories of 2017
സ്വാമി വിവേകാനന്ദന്റെ ശിരച്ഛേദം നടത്തിയ ഒരു പ്രതിമയോടൊപ്പം ഇത് മുസ്ലിങ്ങളാണ് ചെയ്തതെന്ന് പറഞ്ഞ് ശംഖ്‌നാഥ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലെ പോസ്റ്റാണ് നാലാമത്തേത്. ഉത്തര്‍ പ്രദേശിലെ പ്രതിമയുടെ ഫോട്ടോയാണ് അക്കൗണ്ട് ഉടമ തന്നെ ആയിരക്കണക്കിന് തവണ റീട്വീറ്റ് ചെയ്തത്. ഇന്ത്യ സൗദിയോ എന്നൊരു ചോദ്യവും..പോരേ പൂരം …പോസ്റ്റ് വൈറലായതും , കുറേ വര്‍ഗ്ഗീയ കലാപങ്ങളുണ്ടായതും മിച്ചം…സാമൂഹ്യവിരുദ്ധരായ പ്രതികളെ പൊലീസ് വളരെ മുന്നേ തന്നെ അറസ്റ്റ് ചെയ്തിരുന്നു…കാള പെറ്റെന്ന് കേട്ടാല്‍ കയറെടുക്കുന്ന കൂട്ടങ്ങളുള്ള കാലത്ത് വര്‍ഗ്ഗീയത തുറുപ്പ് ചീട്ടായെന്ന് മാത്രം.
hoax stories of 2017
ദിവാലിരാത്രിയിലെ ദീപാലംകൃതമായ ഇന്ത്യ… അതും സ്‌പേസില്‍ നിന്ന് നോക്കുമ്പോള്‍ ..എത്ര മനോഹരമായിരിക്കും..ആ ഫോട്ടോയാണ് ബഹിരാകാശ ശാസ്ത്രജ്ഞനായ പൗളോ നെസ്‌പോള്‍ ട്വിറ്ററില്‍ പങ്ക് വെച്ചത്. ട്വിറ്ററാട്ടികളില്‍ തന്നേക്കാള്‍ വലിയ ഗവേഷകരുണ്ടെന്ന കാര്യം അദ്ദേഹം ഓര്‍ത്തു കാണില്ല..ഫോട്ടോയൊക്കെ ഇന്ത്യയിലെ തന്നെ…പക്ഷേ ദിവാലിക്ക് ഒരു മാസം മുന്നേ എടുത്തത്…സംഭവം തെളിവ് സഹിതം സുമിത് സുന്ദ്രിയാല്‍ പോസ്റ്റിയതോടെ അദ്ദേഹം വെട്ടിലായി…
hoax stories of 2017
അടുത്തതും ദിവാലിയുമായി ബന്ധപ്പെട്ടത് തന്നെ… ലൊക്കേഷന്‍ സുവര്‍ണ്ണ ക്ഷേത്രം…മുകളില്‍ തിളങ്ങി നില്‍ക്കുന്ന സ്വര്‍ണ്ണദീപങ്ങളോടെയുള്ള ചിത്രമാണ് കേറിയങ്ങ് വൈറലായത്. ചിത്രം അതിമനോഹരം…സ്വപ്‌നസമാനം…പക്ഷേ ഫോട്ടോഷോപ്പാണെന്നു മാത്രം..ഒറിജിനല്‍ വന്നതോടെ ഡ്യൂപ്ലിക്കറ്റിന്റെ മാറ്റ് പോയി…എന്ത് ഫോട്ടോഷോപ്പായാലും സത്യത്തിന്റെ ഭംഗി ഒന്ന് വേറെയാ..
hoax stories of 2017
ഇര്‍മ ചുഴലിക്കൊടുങ്കാറ്റെന്ന് പറഞ്ഞ് ഫേസ്ബുക്ക് യൂസറായ ഹെന്റി മോയാ ഡുറാന്‍ ഷെയര്‍ ചെയ്ത വീഡിയോ 35 മില്യണ്‍ പേരാണ് കണ്ടത്. മിനിട്ട് വെച്ച് ദുരന്തമങ്ങ് വൈറലായി..വിവരമുള്ളോര് പിന്നീട് ഇത് 2016 ല്‍ ഉറുഗ്വേയെ വിറപ്പിച്ച ടൊര്‍ണാഡോയെന്ന് കണ്ടെത്തിയതോടെ ഫേസ് ബുക്ക് ദുരന്തന്റെ ആപ്പീസു പൂട്ടി…
hoax stories of 2017
  ജൂലൈയിലെ ജി 20 ഉച്ചകോടിയില്‍ നിന്നുള്ള ഒരു ഫോട്ടോ നാട്ടാരെയൊക്കെ ചിരിപ്പിച്ച് വൈറലായി..ഇതിലെ ട്രംപ്..പുചിന്‍..തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ത്രയത്തിന്റെ മുഖത്ത് വിരിഞ്ഞ ഭാവങ്ങള്‍ പലരും ചര്‍ച്ചയുമാക്കി..എന്നാല്‍ അസോസിയേറ്റഡ് പ്രസ് പുറത്ത് വിട്ട ഒറിജിനല്‍ ഫോട്ടത്തില്‍ പുചിന്റെ സീറ്റിലിരിക്കുന്നത് സാക്ഷാല്‍ തെരേസ മേ…പാവം പുചിന്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നു പോലുമില്ല..സ്വന്തം പ്രസിഡന്റിനെ ഫോട്ടോഷോപ്പിലൂടെ വൈറലാക്കിയത് റഷ്യന്‍ പ്രസ് തന്നെയെന്ന് പിന്നീട് പുറത്തായി..വൈറലാകാനുള്ള ഓരോരോ വഴികള്‍…
hoax stories of 2017
    നോട്ട് നിരോധനവും പിന്നാലെ അടിക്കടി നോട്ട് മാറ്റല്‍ ചട്ടങ്ങളില്‍ വന്ന മാറ്റങ്ങളുമൊക്കെ ജനങ്ങളെ വട്ടാക്കിയ കാലം..2000 പിന്‍വലിക്കും..പുതിയ ആയിരം വരുന്നു,,2000 ന്റെ നോട്ടില്‍ ചിപ്പുണ്ട്…കടലിനടിനടിയില്‍ കുഴിച്ചിട്ടാല്‍ പോലും ഇന്‍കം ടാക്‌സുകാര് വന്ന് പൊക്കുമെന്നൊക്കെ നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറന്ന് നടന്നു..വെപ്രാളികളായവരൊക്കെ ഇതൊക്കെ അങ്ങട് വിശ്വസിക്കുകയും ചെയതു..കള്ളപ്പണക്കാരൊക്കെ കുത്തുപാളയെടുത്ത് നടക്കുന്ന മനോഹരകാലം പലരും സ്വപ്‌നം കാണുകയും ചെയ്തു..സ്പനം ബഹുത് അച്ഛാ…ബട്ട് നടക്കില്ലാ ഹേ…എന്ന് കേന്ദ്രബാങ്ക് തന്നെ പറയേണ്ടി വന്നു…നോട്ട് ഡിസൈന്‍ ചെയ്യാനും പുറത്തിറക്കാനും രാജ്യത്ത് റിസര്‍വ് ബാങ്കിന് മാത്രമാണ് അധികാരമെന്നാണ് വെപ്പ്..എന്നാല്‍ നോട്ട് നിരോധനം കഴിഞ്ഞ ഏപ്രിലില്‍  വരാന്‍ പോകുന്ന ഒരു 200 ന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പറന്ന് നടന്നു..സെക്യൂരിറ്റി ത്രെഡും മറ്റെല്ലാ സവിശേഷതകളുമുള്ള നല്ല അസല് നോട്ട്…യഥാര്‍ത്ഥ 200 വന്നപ്പോഴാണ് ഇവന്‍ വ്യാജനെന്ന് നാട്ടുകാര് മനസിലാക്കിയത്. വേറിട്ട ഡിസൈന്‍ ഭാഷയുള്ള ഈ നോട്ടിന്റെ ശില്‍പ്പിയെ വേണമെങ്കില്‍ അടുത്ത നോട്ട് ഡിസൈനിങ്ങിന് ആര്‍ബിഐക്ക് ആശ്രയിക്കാം..ധൈര്യമായി..
hoax stories of 2017
ട്വീറ്റ് ചെയ്ത് പലതവണ പുലുവാല് പിടിച്ചിട്ടുള്ള ആളാണ് കിരണ്‍ ബേദി..ഈ വര്‍ഷവും ആളു പതിവ് തെറ്റിച്ചില്ല..ഈ ബിഗ് ബെന്നും, പിസാ ഗോപുരവും, ഇരട്ട ഗോപുരവും, സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുമൊക്കെ ത്രിവര്‍ണ്ണം പുതച്ചാലോ…വൗ…അപ്പോത്തന്നെ നമ്മുടെ ദേശസ്‌നേഹം ഉച്ചസ്ഥായിയിലെത്തും..ഒരു ജയ്ഹിന്ദ് പറയും..അത്രയെ ബേദിയും ചെയ്തിട്ടുള്ളു..പക്ഷേ ഫോട്ടോ കറക്ടല്ലാതായിപ്പോയപ്പോള്‍ തിരുത്തുകയല്ലാതെന്തു വഴി…
അത്രയെ രണ്ട് ചീറ്റകള്‍ ആക്രമിക്കുന്ന ഒരു ഇമ്പാലയുടെ ചിത്രമാണ് 2017 ല്‍ വൈറലായ മറ്റൊരു നുണക്കഥ..ചീറ്റ ആക്രമിക്കുമ്പോഴും ധൈര്യത്തോടെ തല ഉയര്‍ത്തി ഒരു വിപ്ലവകാരിയെപ്പോലെ നിന്ന ഇമ്പാലയെ പുകഴ്ത്താത്തവരില്ല..അതും സ്വന്തം മക്കളുടെ ജീവന്‍ രക്ഷിക്കാനാണ് ഇമ്പാല ജീവന്‍ വെടിഞ്ഞതെന്നും, ദൃശ്യം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ കടുത്ത ഡിപ്രഷന് അടിമയാണെന്നും കൂടി കേട്ടതോടെ ഇരട്ടച്ചങ്കുള്ളോരുടെ പോലും ചങ്കു തകര്‍ന്നു..എന്നാല്‍ ചിത്രം വെറും ഫേക്കാണെന്ന് തെളിഞ്ഞപ്പോള്‍ വൈറലാക്കിയവര്‍ക്ക് ഡിപ്രഷനായോയെന്ന ചോദ്യം ബാക്കി നില്‍ക്കുന്നു..
നാട്ടിലെല്ലാരും മാധ്യമപ്രവര്‍ത്തകരാകുന്ന കാലത്ത് കൗതുകവും,ഭയവും,അതിശയവുമൊക്കെ ജനിപ്പിക്കുന്ന വാര്‍ത്തകള്‍ ഇനിയുമുണ്ടാവും..സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും ,ആശയങ്ങള്‍ പ്രചരിപ്പിക്കാനുമൊക്കെയായുള്ള ചിത്രങ്ങളും ഇനിയും വരാം..എന്നാല്‍ സാമാന്യ ബുദ്ധി എന്നൊന്ന് തങ്ങള്‍ക്കുണ്ടെന്ന കാര്യം വായനക്കാര്‍ മറക്കാതിരുന്നാല്‍ നല്ലത്. അതുപയോഗിച്ചാല്‍ പല വാര്‍ത്തകളിലെയും നെല്ലും പതിരും തിരിച്ചറിയാനാകും..കേള്‍ക്കുന്നതും കാണുന്നതുമെല്ലാം വിശ്വസിക്കണോയെന്ന ചോദ്യമാണ് പുതുവല്‍സരത്തില്‍ മുന്നോട്ട് വെക്കുന്നത്…സ്വന്തം മേധാശക്തിയില്‍ വിശ്വസിച്ചില്ലെങ്കില്‍ 365 ദിവസവും നമ്മെ വിഡ്ഡികളാക്കുന്ന നെറികെട്ട വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കും.

hoax stories of 2017

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top