ചലച്ചിത്ര താരം മധു അന്തരിച്ചെന്ന് വ്യാജ പ്രചരണം; മധുവിന്റെ പ്രതികരണം; ഓഡിയോ

ചലച്ചിത്ര താരം മധു അന്തരിച്ചെന്ന തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണങ്ങൾ നടക്കുന്നുണ്ട്. വാർത്തയോട് പ്രതികരിക്കുന്ന താരത്തിന്റെ ഓഡിയോ ക്ലിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വാട്ട്‌സാപ്പ് മെസ്സേജ് കണ്ട് വിഷമത്തിൽ വിളിച്ച് നോക്കിയതാണെന്ന് മറുതലയ്ക്കൽ നിന്ന് പറയുമ്പോൾ ഒരു ചിരിയാണ് മധു സമ്മാനിച്ചത്. തുടർന്ന് സുഖമാണോ എന്ന ചോദ്യത്തിന് ‘ഒരു കുഴപ്പവുമില്ല, സുഖമായി ഇരിക്കുന്നു’ എന്ന് മറുപടി നൽകുന്നു.

അതേസമയം, വ്യാജവാർത്ത പ്രചരിപ്പിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത് സംബന്ധിച്ച് മധുവിന്റെ മകൾ ഉമ നായർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരാതി അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിനോട് ആവശ്യപ്പെട്ടു.

സിനിമാ താരങ്ങളെ നിർദാക്ഷിണ്യം ‘കൊല്ലുന്ന’ ഇത്തരം വ്യാജ വാർത്തകൾ മുമ്പും പ്രചരിച്ചിട്ടുണ്ട്. ചലച്ചിത്ര താരം രേഖ, കനക, ജഗതി തുടങ്ങി നിരവധി പേരാണ് ഇത്തരം വ്യാജപ്രചരണങ്ങളുടെ ഇരയായിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top