അന്ന് ജനമനസ്സുകളിൽ ഒരു വിങ്ങലായി തീർന്ന ബാലൻ ഇന്ന് ഇങ്ങനെ; അറിയണം അവന്റെ ജീവിതം മാറ്റി മറിച്ച ആ മാലാഖയെ കുറിച്ച്

‘ദുർമന്ത്രവാദിനിയുടെ മകൻ’ എന്ന് വിശേഷിപ്പിച്ച് സമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പെട്ട ബാലന്റെ ചിത്രമടങ്ങുന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് നാം വായിച്ചറിഞ്ഞത്. ആന്യ റിഗ്രൻ ലൊവൻ എന്ന മാലാഖ അവന്റെ ജീവിതത്തിലേക്ക് കടന്നു വരും മുമ്പ് സ്വന്തം കുടുംബത്താൽ തന്നെ അകറ്റപ്പെട്ട് ഭക്ഷണവും വെള്ളവുമില്ലാതെ വഴിയോരത്തലഞ്ഞ്, എല്ലും തോലുമായി പുഴുവരിച്ച് അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലായിരുന്നു ഹോപ്.
ആന്യയും ഭർത്താവ് ഡേവിഡ് ഇമ്മാനുവലും സാമൂഹ്യ പ്രവർത്തകരാണ്. 2016 ജനുവരി 30 നാണ് നൈജീരിയയിലെ ഒരു ഉൾനാട്ടിൽ നിന്നും അവർ ഹോപ് എന്ന ബാലനെ കാണുന്നത്. ഹോപിന്റെ അവസ്ഥ കണ്ടതും ആന്യയുടെ ശരീരമാസകലം വിറങ്ങലിച്ച് പോയി. 20 മാസം മുമ്പാണ് ആന്യ സ്വന്തം കുഞ്ഞിന് ജന്മം നൽകുന്നത്. ഒരു അമ്മ എന്ന നിലയിൽ ഹോപ്പിനെ കണ്ടതും സ്വന്തം കുഞ്ഞിന്റൈ മുഖമാണ് ആന്യയ്ക്ക് ഓർമ്മ വന്നത്. എന്തുവന്നാലും ഹോപ്പിനെ രക്ഷിക്കുമെന്ന് ആന്യ അന്ന് മനസ്സിൽ ഉറപ്പിച്ചതാണ്.
പോഷകക്കുറവ് മൂലമുള്ള ലോഗങ്ങളും വളർച്ചക്കുറവും മാത്രമായിരുന്നില്ല ഹോപിന്റെ പ്രശ്‌നം. ഹൈപോസ്‌പേഡിയാസ് എന്ന രോഗവും ഹോപിനെ കടന്നാക്രമിച്ചിരുന്നു.
കുട്ടി ദിവസങ്ങളായി ഭക്ഷണവും വെള്ളവും ലഭിച്ചിട്ടെന്നറിഞ്ഞ ആന്യ കുഞ്ഞിന് വെള്ളം കൊടുത്തു. ഈ ചിത്രമായിരുന്നു ലോകം മുഴുവൻ പ്രചരിച്ചത്. ആന്യയും ഭർത്താവും ചേർന്ന് അനാഥ ബാല്യങ്ങൾക്കായി നടത്തുന്ന സംഘടനയായ ആഫ്രിക്കൻ ചിൽഡ്രൻസ് എയ്ഡ് എഡ്യുക്കേഷൻ ആന്റ് ഡെവലപ്‌മെന്റ് ഫൗണ്ടേഷനിലേക്കാണ് അവർ ഹോപിനെ കൂട്ടിക്കൊണ്ടുപോയത്. അന്ധവിശ്വാസങ്ങൾ കാരണം സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട ഹോപ്പിനെ പോലുള്ള നിരവധി കുഞ്ഞുങ്ങളുണ്ട് തെക്ക് കിഴക്കൻ നൈജീരിയയിൽ പ്രവർത്തിക്കുന്ന ഈ സംഘടനയിൽ.
ഇന്ന് ഹോപിന് ലഭിച്ച സ്‌നേഹവും പരിചരണവും കൊണ്ട് അവൻ നന്നേ മാറിയിരിക്കുന്നു. ഹോപിന്റെ അന്നത്തെ ചിത്രവും ഇന്നത്തെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് അവനിലുണ്ടായ അവിശ്വസനീയ മാറ്റത്തെ കുറിച്ച് ലോകം അറിയുന്നത്.
2016 ലെ ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ആന്യയെ തെരഞ്ഞെടുത്തിരുന്നു. ജർമൻ മാസികയായ ഊം പുറത്തുവിട്ട പട്ടികയിൽ ഒബാമ, പോപ്, ദലൈ ലാമ എന്നിങ്ങനെ 100 പേരെ പിന്തള്ളിയാണ് ആന്യ ഈ നേട്ടം കരസ്ഥമാക്കിയത്.
ആന്യ അന്ന് അവന്റെ ജീവിതത്തിലേക്ക് കടന്നുവന്നില്ലായിരുന്നുവെങ്കിൽ, ലോകത്താൽ ആവഗണിക്കപ്പെട്ട് വിശപ്പും ദാഹത്താലും വലഞ്ഞ് മരണത്തിന് കീഴടങ്ങേണ്ടി വന്നേനെ ഹോപ്പിന്. ഹോപ്പ് എന്നാൽ പ്രതീക്ഷ…അവന്റെ കഥ ലോകത്തിന് നൽകുന്നതും പ്രതീക്ഷ തന്നെയാണ്…തിന്മ നിറഞ്ഞ ഈ ലോകത്ത് നന്മയുടെ കാവൽക്കാരുമുണ്ടെന്ന പ്രതീക്ഷ…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here