ഈട: ചോരയും പ്രണയവും

1999മുതല്‍ മലയാള സിനിമാ മേഖലയില്‍ എഡിറ്ററായി സേവനമനുഷ്ഠിച്ചിട്ടുള്ള ബി അജിത് കുമാറിന്റെ ആദ്യ സംവിധാന സംരംഭമാണ് ഷെയ്ന്‍ നിഗവും നിമിഷാ സജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈട.
വക്കില്‍ ചോര പൊടിഞ്ഞ പ്രണയ കാവ്യങ്ങള്‍ ഏറെ കണ്ടിട്ടുള്ള നാടാണ് കേരളം. അവിടെയാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയായ കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഈട എന്ന പ്രണയ കഥയെത്തുന്നത്. ഈട മുഴുവന്‍ പ്രണയമാണ് എന്ന പരസ്യ വാചകമുണ്ട് സിനിമയ്ക്ക്. ആ പരസ്യ വാചകം മനസില്‍ ഉറപ്പിച്ച് തുടങ്ങുകയും ഈട മുഴുവന്‍ ചോരയാണെന്ന തിരിച്ചറിവില്‍ അവസാനിക്കുകയും ചെയ്യുന്ന സിനിമാറ്റിക് എക്സ്പീരിയന്‍സാണ് ഈട.
കൊല്ലുന്നവന്‍ എന്തിന് കൊല്ലുന്നു എന്നും മരിക്കുന്നവര്‍ എന്തിന് കൊല്ലപ്പെടുന്നു എന്നും തിരിച്ചറിയാത്ത ചോര പുരണ്ട കണ്ണൂരിന്റെ രാഷ്ട്രീയത്തെ പക്ഷം പിടിക്കാതെ പക്വത കൈവെടിയാതെ അവതരിപ്പിച്ച അജിത് കുമാര്‍ എന്ന സംവിധായകന്റെ കയ്യൊതുക്കം എടുത്തു പറയേണ്ടതാണ്.
ആ ചോരക്കളിയുടെ ഇടയില്‍ നിന്നാണ് ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുന്ന പശ്ചാത്തലത്തിലെ കുടുംബത്തില്‍ നിന്നുള്ള ആനന്ദ് എന്ന ചെറുപ്പക്കാരനും ഇടത് പശ്ചാത്തലമുള്ള കുടുംബത്തിലെ പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത്. പുരുഷ കേന്ദ്രീകൃത സിനിമകള്‍ ആഘോഷമാക്കുന്ന ഇക്കാലത്ത് ഉറച്ച ശബ്ദമുള്ള വ്യക്തമായ നിലപാടുള്ള നായകനോളം പോന്ന ഐശ്വര്യ എന്ന കഥാപാത്രം നിമിഷാ സജയന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. ഷെയ്ന്‍ നിഗം ഓരോ സിനിമ കഴിയും തോറും തന്നിലെ പ്രതിഭയെ കൂടുതല്‍ മിനുക്കിയെടുക്കുന്നുണ്ട്. പ്രതീക്ഷയുള്ള യുവതാരമാണദ്ദേഹം. എങ്കിലും നിരാശ ബാധിച്ച ഭയം വിളിച്ചറിയിക്കുന്ന മുഖ ഭാവത്തോടെയുള്ള കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങളിലേക്ക് കൂടി അയാളെ പ്രതീക്ഷിക്കുന്നുണ്ട്. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ അല്‍പം കൂടി ശ്രദ്ധ പുലര്‍ത്തിയാല്‍ നല്ലൊരു യുവതാരമെന്ന നിലയില്‍ തിളങ്ങാന്‍ കഴിയും.
രണ്ട് വ്യത്യസ്ത ധ്രുവങ്ങളാണ് പ്രണയവും രാഷ്ട്രീയവും. അവ രണ്ടിനേയും ഒറ്റ കുടക്കീഴില്‍ കൊണ്ട് വരുമ്പോഴും മുഷിപ്പില്ലാത്ത അനുഭവമാക്കി മാറ്റുന്നത് സംവിധായകന്‍ കൂടിയായ എഡിറ്ററുടെ മിടുക്കാണ്. രാഷ്ട്രീയ വൈരം മനസില്‍ സൂക്ഷിക്കുമ്പോഴും പൊതുവേ നിഷ്കളങ്കരായ മനുഷ്യരാണ് അവരോരുത്തരും എന്ന് വിശദീകരങ്ങളില്ലാതെ വെളിവാകുന്ന രീതിയിലാണ് കഥയുടെ ഒഴുക്ക്. കണ്ണൂരിലിങ്ങനെയാണെന്നും ഇങ്ങനെ തന്നയേ തുടരൂ എന്നും ആഴത്തില്‍ അവരുടെ മനസില്‍ ഉറച്ചു പോയ ബോധത്തേയും അവരുടെ മനസിലുറച്ച് പോയ ബോധത്തേയും അവരുടെ നിഷ്കളങ്കതയേയും മുതലെടുത്ത് രാഷ്ട്രീയമെന്നാല്‍ വെറുപ്പ് എന്ന വികാരമാണെന്ന് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരുമെല്ലാം സിനിമയില്‍ പരാമര്‍ശ വിധേയമാകുന്നുണ്ട്.
കമ്മട്ടിപ്പാടത്തിന് ശേഷം മണികണ്ഠന്‍ ആചാരിയുടെ ഏറ്റവും ശക്തമായ വേഷമാണ് ഉപേന്ദ്രന്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റേത്. അലന്‍സിയര്‍ അവതരിപ്പിച്ച ഗോവിന്ദന്‍ എന്ന കഥാപാത്രവും എടുത്ത് പറയേണ്ട ഒന്നാണ്. സുരഭി ലക്ഷ്മി, സുജിത് ശങ്കര്‍, സുധി കോപ്പ, പി ബാലചന്ദ്രന്‍ തുടങ്ങി നീണ്ട താരനിര തന്നെയുണ്ട് ചിത്രത്തില്‍. സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് പപ്പുവാണ്. സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ജോണ്‍ പി വര്‍ക്കി, ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് കണ്ണൂരിന്റെ രാഷ്ട്രീയത്തിന്റെ പകയും കൊലയും പ്രണയവും തുടങ്ങി മുഴുവന്‍ സിനിമയുടെ സംഗീതമായി എത്തുമ്പോള്‍ ആ സംഗീതം സിനിമയുടെ ജീവനാവുന്നുണ്ട്.
ഒറ്റവാക്കില്‍ ഈട കാണേണ്ട. കണ്ടറിയേണ്ട കാഴ്ചയാണ്. കൈയ്യൊതുക്കമുള്ള സിനിമയാണ്. കയ്യാടിക്കാവുന്ന അവതരണമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here