Advertisement

കോടതികൾ സംശയത്തിന്റെ നിഴലിൽ

January 12, 2018
Google News 1 minute Read

ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് കുര്യൻ ജോസഫും അടക്കം നാല് സുപ്രീം കോടതി ന്യായാധിപന്മാർ കോടതി നടപടികൾ നിർത്തിവച്ച് നടത്തിയ വാർത്താസമ്മേളനം ഇന്ത്യൻ ഭരണ വ്യവസ്ഥയുടെ നെടുംതൂണുകളിൽ ഒന്നായ നീതിന്യായവ്യവസ്ഥയെ അപ്പാടെ സംശയത്തിന്റെ നിഴലിൽ നിർത്തും. ഇനി വരും മണിക്കൂറുകളിലും ദിവസങ്ങളിലും ചർച്ചകൾ ആ വഴിക്ക് നീങ്ങിയാൽ കെട്ടിപ്പൊക്കിയ അഭിമാനചിഹ്നങ്ങളൊക്കെ ഒരു നീർക്കുമിള പോലെ പൊട്ടിത്തകരും. ആ സാഹചര്യം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കും. പക്ഷെ ആ ചർച്ച ഒരു കാരണവശാലും ഒഴിവാവുകയുമില്ല.

ഇന്ത്യൻ നീതിന്യായവ്യവസ്ഥയിൽ അഴിമതിയും സ്വജനപക്ഷപാതവും ഇനി നിഗൂഢമായ ഒരു കൊലകുറ്റം തന്നെയും ഒളിഞ്ഞിരിക്കുന്നുവെങ്കിൽ അതിനെ കുടൽമാല സഹിതം വലിച്ചു പുറത്തിടുക തന്നെ വേണം. കറുത്ത കുപ്പായത്തിനുള്ളിൽ തങ്ങളുടെ അവസാന ആശ്രയമായ നീതിയാണുള്ളതെന്ന പൊതുജനത്തിന്റെ ആശ്വാസത്തിന് മേൽ വീണ കരിനിഴലാണ് ഇപ്പോൾ പുറത്തുവരുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. ”സുപ്രീംകോടതിയിൽ ഇതാണെങ്കിൽ ഹൈക്കോടതി എന്തായിരിക്കും ..” എന്ന ജനത്തിന്റെ ലോജിക്കലായ ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ കുറച്ചു നാളെങ്കിലും പകച്ചു നിൽക്കാനേ ഈ മൂന്നാം തൂണിന് ഇനി കഴിയൂ.

വാർത്താസമ്മേളനത്തിലൂടെ ന്യായാധിപന്മാർ പകർന്ന ചില സന്ദേശങ്ങൾ കൂടി ശ്രദ്ധിക്കുക. ഇന്ത്യമഹാരാജ്യത്തിൽ എന്തിനും ഏതിനും കോടതികളിൽ തീർപ്പുണ്ട് എന്ന കോടതികളുടെ തന്നെ ധാരണയെ കാറ്റിൽ പറത്തിയ നടപടിയാണ് ഈ വാർത്താസമ്മേളനം. സിഗരറ്റ് വലിക്കു വിധി, ഹെല്‍മറ്റ് വിധി, യോഗ വിധി , പ്രകടന വിധി, റിസോര്‍ട് വിധി, വഴി വെട്ടു വിധി, നോക്ക് കൂലി വിധി, ആനയ്ക്ക് വിധി കാട്ടില്‍ കിടക്കുന്ന ചേനക്ക് വേറെ വിധി , പെന്‍ഷന്‍ വിധി , ശമ്പള വിധി, ബോണസ് വിധി, മരം വെട്ടാന്‍ വിധി വെട്ടാതിരിക്കാന്‍ വിധി, കാടിനൊരു വിധി റോഡിനൊരു വിധി , കോളെജിനു വിധി , തമ്മില്‍ തല്ലുന്ന പള്ളിക്ക് വിധി, കെട്ടി പൂട്ടി വച്ചിരുന്ന നിധി കൂടിനു വിധി . പലപ്പോഴും ജുഡീഷ്യൽ ആക്ടിവിസത്തിലേക്ക് നീങ്ങിയ ഇടപെടലുകൾ നടത്തിയ കോടതി സംവിധാനത്തിലെ പരമോന്നത ഘടകത്തിലെ നാലുപേരാണ് ഇന്ന് വാർത്താസമ്മേളനം നടത്തിയത്. എന്തിന് ? അവർക്ക് അവരുടെ അധികാരത്തിൽ നിന്ന് ചെയ്യാൻ കഴിയാത്ത എന്ത് കാര്യമാണ് മാധ്യമങ്ങൾ വഴി ഇത് തുറന്ന് പറഞ്ഞതിലൂടെ ലക്ഷ്യമിടുന്നത് ? സ്വാഭാവികമായും ഈ വിഷയം ചർച്ച ചെയ്യപ്പെടണം എന്നത് തന്നെയാണത് . സമീപകാലത്തു ചില അഴിമതിക്കഥകൾ പോലും മാധ്യമങ്ങൾ ചർച്ച ചെയ്യരുത് എന്ന് ഉത്തരവ് പുറപ്പെടുവിച്ച സുപ്രീം കോടതിയാണ് അധികാരത്തിന്റെ കറുത്ത വേഷം ഊരിവച്ച് മാധ്യമങ്ങൾക്ക് മുന്നിൽ ചില സത്യങ്ങൾ വിളിച്ചു പറയുന്നതും, നിങ്ങൾ അത് ചർച്ച ചെയ്തുകൊണ്ടേയിരിക്കണം എന്ന് പരോക്ഷമായി ആവശ്യപ്പെടുന്നതും.

ഈ വിഷയത്തിൽ ചീഫ് ജസ്റ്റിസ് ഇമ്പീച് ചെയ്യപ്പെടാണോ എന്ന ചോദ്യത്തിന് രാജ്യം തീരുമാനിക്കും എന്നായിരുന്നു ഉത്തരം. അതായത് വാർത്താസമ്മേളനം നടത്തിയത് സുപ്രീം കോടതിയിലെ നീതി ഭരണത്തിൽ നിലനിൽക്കുന്ന അഴിമതികളെയും ഉൾനാടകങ്ങളേയും പൊതുജന മധ്യത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിൽ തന്നെയായിരുന്നു. മാത്രമല്ല ജനങ്ങളുടെ പിന്തുണ തങ്ങൾക്ക് ഇക്കാര്യത്തിൽ വേണം എന്ന സന്ദേശം പകരുകയും ചെയ്തിരിക്കുന്നു ഈ നീക്കത്തിലൂടെ.

വിഷയം ചർച്ച ചെയ്യാൻ തയ്യാറെടുക്കുന്ന മാധ്യമങ്ങൾക്ക് നേരെ ഉത്തരവുകൾ കൊണ്ട് തന്നെ വേലിക്കെട്ട് തീർക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ നിയമരംഗം. അതിൽ അഭിഭാഷകർ മുതൽ ചില ന്യായാധിപന്മാർ വരെയുണ്ട്. നേരത്തെ മുതൽ തന്നെ ജുഡീഷ്യറിയുടെ സഹായത്തോടെ മാധ്യമങ്ങൾക്ക് കൂച്ചു വിലങ്ങുമായി നടക്കുന്ന മോഡിഭരണകൂടം അടിയന്തിരമായി വിഷയത്തെ കുഴിച്ചു മൂടാനുള്ള ശ്രമങ്ങളും ആരംഭിച്ചു. അതിൽ ആദ്യ നടപടി മാധ്യമങ്ങളെ ഈ വിഷയം ചർച്ച ചെയ്യുന്നതിൽ നിന്നും വിലക്കുക എന്നത് തന്നെയായിരിക്കും.

നോട്ട് നിരോധനത്തിന്റെ മറവിൽ അമിത് ഷായുടെ മകൻ അനധികൃത വഴിയിലൂടെ അമിതമായി സമ്പാദ്യം ഉണ്ടാക്കി എന്ന മാധ്യമ റിപ്പോർട്ട് ഇത്തരത്തിൽ കോടതി വിധിയിലൂടെ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നതിൽ നിന്നും വിലക്കിയിരുന്നു. ഭരണകൂടത്തിന്റെ പിടിയിൽ നിന്നും പൂർണ്ണമായും സ്വതന്ത്രമല്ല ജുഡീഷ്യറി എന്ന സന്ദേശം പൊതുജങ്ങൾക്ക് ലഭിക്കുന്ന നിലവിലെ സാഹചര്യം അത്ര നല്ലതല്ല.

a Supreme irony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here