സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞു : ജസ്റ്റിസ് ചെലമേശ്വർ

സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞുവെന്ന് ജസ്റ്റിസ് ചെലമേശ്വർ. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സുപ്രീംകോടതിയിൽ ഭരണംസംബന്ധിച്ച് നടക്കുന്ന ചില കാര്യങ്ങൾ ശരിയല്ലെന്നും, ഇത് തങ്ങൾ ചീഫ് ജസ്റ്റിസിനെ ധരിപ്പിക്കുവാൻ ശ്രമിച്ചുവെന്നും ചെലമേശ്വർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ അത് പരാജയപ്പെട്ടു. ഇന്ന് രാവിലെയും നാല് മുതിർന്ന ജസ്റ്റിസുമാർ ഒപ്പിട്ട നിർദ്ദേശങ്ങൾ ചീഫ് ജസ്റ്റിസിന് കൈമാറിയിരുന്നു. ഇതിലും നടപടിയൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് തങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും ചെലമേശ്വർ കൂട്ടിച്ചേർത്തു. തങ്ങൾ നിശബ്ദരായിരുന്നിവെന്ന് നാളെ ആരും കുറ്റപ്പെടുത്തരുതെന്നും ജഡ്ജിമാർ പറഞ്ഞു.
കോടതിയുടെ പ്രവർത്തനം സുതാര്യമല്ലെങ്കിൽ രാജ്യം തകരും. കോടതിയുടെ മഹത്വം ഉയർത്താനാണ് പ്രതിഷേധമെന്നും ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തങ്ങൾ ചൂണ്ടിക്കാണിച്ച പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് എന്നാൽ വാർത്താസമ്മേളന്തതിൽ ഇവർ പറഞ്ഞില്ല. ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ എല്ലാമുണ്ടെന്നും കത്തിന്റെ പകർപ്പ് അൽപ്പസമയത്തിനകം മാധ്യമങ്ങൾക്ക് നൽകുമെന്നും അവർ പറഞ്ഞു.
ജസ്റ്റിസ് കുരിയൻ ജോസഫ്, ജസ്റ്റിസ് മദൻ ലൊകുർ, ജസ്റ്റിസ് രഞ്ജൻ ഗൊഗോയി എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മറ്റ് മൂന്ന് ജസ്റ്റിസുമാർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here