രാഖുലിന്റേത് കോടികൾ തട്ടാനുള്ള പദ്ധതി; നിയമം കൊണ്ട് നേരിടും- അഡ്വ.ശ്രീജിത്ത്.വി

തന്ത്രപൂർവ്വം കൈക്കലാക്കിയ ചെക്കില്‍ 10കോടി രൂപ ടൈപ്പ് ചെയ്തു ചേര്‍ത്ത് വന്‍ തട്ടിപ്പ് നടത്താനാണ് രാഖുല്‍ കൃഷ്ണ ശ്രമിക്കുന്നതെന്ന് അഡ്വ. ശ്രീജിത്ത്. ദുബായ് കേന്ദ്രമായി ട്രാവല്‍ ഏജന്‍സി നടത്തുന്ന രാഖുല്‍ കൃഷ്ണ തനിക്കെതിരെ നല്‍കിയ കേസിനെ കുറിച്ച് 24 ന്യൂസ് എഡിറ്റർ അരവിന്ദ് വിയോട് പ്രതികരിക്കുകയായിരുന്നു അഡ്വ. ശ്രീജിത്ത്. ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകനാണ് ശ്രീജിത്ത്. ദുബായ് കോടതിയിൽ നിയമപരമായി തന്നെ കേസ് റീഓപ്പൺ ചെയ്യാനാണ് ശ്രീജിത്തിന്റെ നീക്കം.
ചെക്ക് കേസില്‍ ദുബായ് കോടതി ശിക്ഷിച്ചിരിക്കുകയാണല്ലോ?
ശ്രീജിത്ത്: ഞാന്‍ നാട്ടിലേക്ക് മടങ്ങിയത് മൂന്ന് വര്‍ഷം മുമ്പാണ്. ഞാനവിടെ ഇല്ലാത്ത കാലയളവിലാണ് രാഖുല്‍ കേസ് നല്‍കിയതും വിധി സമ്പാദിച്ചതും. ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല. കോടതില്‍ എന്റെ ഭാഗം പറയാനോ പ്രതിരോധിക്കാനോ ഉള്ള അവസരം ലഭിച്ചില്ല. ഇവിടെ സിവില്‍ കേസില്‍ കക്ഷി ഹാജരാകാതിരിക്കുമ്പോള്‍ ലഭിക്കുന്ന എക്സ് പാര്‍ട്ടി വിധിയ്ക്ക് സമാനമായി ദുബായിയില്‍ ക്രിമിനല്‍ കേസിനും വിധി ലഭിക്കും. അതാണിപ്പോള്‍ രാകുല്‍ കൃഷ്ണയുടെ കയ്യിലുള്ളത്.
പക്ഷേ വിധി നടപ്പിലാക്കാന്‍ ദുബായ് പ്രോസിക്യൂഷന്‍ തീരുമാനിച്ചാലോ?
ശ്രീജിത്ത്: ശരിയാണ്. പക്ഷേ ഈ വിധിയ്ക്ക് മുകളില്‍ എനിക്ക് അപേക്ഷ നല്‍കാം. ആ വിധി ക്യാന്‍സല്‍ ചെയ്ത് എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞാന്‍ ദുബായിലെ നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് കഴിഞ്ഞു. ഏറ്റവും അടുത്ത ദിവസം തന്നെ നടപടികള്‍ ആരംഭിക്കും
ശ്രീജിതിന്റെ ചെക്ക് എങ്ങനെയാണ് രാകുല്‍ കൃഷ്ണയുടെ കയ്യില്‍ എത്തിയത്?
ശ്രീജിത്ത്: ഈ കേസ് ഇപ്പോള്‍ കേരളത്തില്‍ മാവേലിക്കര കോടതിയില്‍ ആണുള്ളത്. കോടതിയില്‍ ഉള്ള ഒരു കേസില്‍ പല കാര്യങ്ങളും മാധ്യമങ്ങളില്‍ പറയുന്നത് എതിര്‍കക്ഷിയ്ക്ക് പ്രയോജനം ചെയ്യും. താങ്കളുടെ ചോദ്യത്തിന് ഉത്തരം പോലും എന്റെ കയ്യില്‍ ഉണ്ട്. പക്ഷേ പറയുന്നില്ല. ഒരു കാര്യം പറയാം. പത്തു കോടി രൂപയുടെ ഒരു ചെക്ക് ഒപ്പിട്ട് കൊടുക്കാനുള്ള ബന്ധമൊന്നും ഞാനും അയാളുമായി ഇല്ല. ദുബായിയില്‍ ഞാന്‍ നിയമരംഗത്താണ് പ്രവര്‍ത്തിച്ചത്. യാത്ര, വിസ, പാസ്പോര്‍ട്ട് സംബന്ധിയായ കാര്യങ്ങള്‍ പരിചയം വച്ച് രാഖുല്‍ കൃഷ്ണയുടെ കമ്പനി മുഖേനയാണ് ചെയ്തിരുന്നത്. അതൊരു ട്രാവല്‍ ആന്റ് ടൂര്‍ കമ്പനിയാണ്.
രാഖുലുമായി ഏതെല്ലാം തരത്തിലാണ് ഇടപെട്ടിരുന്നത്?
ശ്രീജിത്ത്: കേരളത്തില്‍ നിന്നും വരുന്നവരുടെ പശ്ചാത്തലം നന്നായി അയാള്‍ പഠിക്കും. എന്റെ കുടുംബം ഒരു ബിസിനസ് കുടുംബമാണ്. എന്നാല്‍ ഞാന്‍ നല്ല ബിസിനസുകാരനല്ല. പക്ഷെ ദുബായ് കേന്ദ്രീകരിച്ച് ഒരു ഈവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തിയിരുന്നു. രാഖുൽ എന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെട്ടതാണ്. അന്ന് എന്റെ അച്ഛന്‍ എംഎല്‍എ ഒന്നും അല്ല. ചില ബിസിനസുകളിലേക്ക് എന്നെ വലിച്ചിടാന്‍ അയാള്‍ പലപ്പോഴും ശ്രമിച്ചുവെങ്കിലും ഞാന്‍ വഴങ്ങിയിരുന്നില്ല. പലപ്പോഴും എന്റെ ഒഴിഞ്ഞുമാറല്‍ അയാളെ അരിശപ്പെടുത്തിയിരുന്നു. സ്വകാര്യവും വ്യക്തിപരവുമായ ചില പ്രതിസന്ധികളെ തുടര്‍ന്നാണ് ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. അതോടെ പ്രതീക്ഷ നഷ്ടപ്പെട്ട രാഖുല്‍ എനിക്ക് നേരെ നീങ്ങിത്തുടങ്ങി.
എന്ത് പ്രതീക്ഷയായിരുന്നു അയാള്‍ക്ക് ശ്രീജിതില്‍ ഉണ്ടായിരുന്നത്?
ശ്രീജിത്ത്: ബിസിനസില്‍ താത്പര്യം ഇല്ലാതിരുന്ന ഞാന്‍ എനിക്ക് വരുന്ന ബിസിനസ് അവസരങ്ങള്‍ രാകുലിന് കൈമാറിയിരുന്നു. അത് ചെറുതും വലുതുമൊക്കെയുണ്ട്. ഉദാഹരണത്തിന് ഒരിക്കല്‍ ഒരു ഹോട്ടല്‍ വില്‍ക്കുന്നതിനായി എന്റെ ഒരു കുടംബ സുഹൃത്ത് എന്നെ ഏല്‍പ്പിച്ചു. പവര്‍ ഓഫ് അറ്റോര്‍ണിയും തന്നു. രാഖുലിന് ഇത്തരം കാര്യങ്ങളില്‍ ഉള്ള താത്പര്യം കൊണ്ട് പുള്ളി അത് ഏറ്റെടുത്ത് വിറ്റ് തരാമെന്ന് പറഞ്ഞു. പിന്നീട് അതിന്റെ പേരില്‍ ഒരുപാട് ക്രമക്കേടുകള്‍ അയാൾ നടത്തി. ഈ ഘട്ടത്തിലാണ് അപ്രതീക്ഷിതമായി എനിക്ക് നാട്ടിലേക്ക് വരേണ്ടി വന്നത്. ചികിത്സയുമൊക്കെയായി ഞാൻ ഇന്ത്യയിൽ തന്നെ താങ്ങി. ഈ കാലയളവിൽ ഇയാൾ ബാധ്യതകൾ തന്ത്രപൂർവ്വം എന്നിലേക്ക് ചാർത്തി പണം തട്ടാനുള്ള ശ്രമം ആരംഭിച്ചു.
ബിനോയ് കൊടിയേരിയ്ക്കും പണം നല്‍കിയത് ഇതേയാള്‍ തന്നെയാണോ?
ശ്രീജിത്ത്: ആ ഇടപാടിനെ കുറിച്ച് അറിയില്ല. പക്ഷേ ജാസ് ടൂര്‍സ് ഇപ്പോഴും രാഖുല്‍ കൃഷ്ണയുടേതാണ്. അയാളുടെ ഭാര്യയാണ് ഉടമ.
പക്ഷേ ഒരു ദുബായി പൗരന്‍ ആണല്ലോ പരാതിക്കാരന്‍?
ശ്രീജിത്ത്: യുഎഇയില്‍ നമ്മള്‍ ഏത് ബിസിനസ് തുടങ്ങിയാലും 51 ശതമാനം ഷെയര്‍ അവിടുത്തെ പൗരനായിരിക്കണം. സ്പോണ്‍സര്‍ എന്ന് കേട്ടിട്ടുണ്ടാകുമല്ലോ.. സ്പോണ്‍സര്‍ക്ക് നമ്മള്‍ പ്രതിവര്‍ഷം ഒരു തുക നല്‍കണം. അത്രമാത്രമാണ് അവരുടെ റോള്‍. ഇവിടെ രാകുല്‍ കൃഷ്ണയുടേതാണ് ജാസ്. എന്റെ അറിവില്‍ ഇപ്പോള്‍ ഭാര്യയുടെ പേരില്‍ മാറ്റി. ഈ സ്പോണ്‍സര്‍ അറബിയെ ഇക്കാര്യത്തിലേക്ക് രാകുല്‍ വലിച്ച് ഇഴക്കുകയാണ്.
രാകുല്‍ കൃഷ്ണയ്ക്ക് ഇതിനും വേണ്ടി ആസ്തിയുണ്ടോ?
ശ്രീജിത്ത് : വാര്‍ത്തകള്‍ അനുസരിച്ച് ബിനോയി 13കോടി, എന്റെ പേരില്‍ 10കോടി, കൂടാതെ എന്റെ അറിവില്‍ തന്നെ പലരേയും കുടുക്കി ഇതുപോലെ കോടികളുടെ കള്ളക്കഥ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ കേട്ടത് തന്നെ 25കോടിയോളമുണ്ട്. ഇത്രയും ആസ്തിയുള്ള ഒരു ട്രാവല്‍ ഏജന്‍സി ലോകത്ത് ഉണ്ടോ?
ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് വായ്പ ലഭിക്കുമോ?
ശ്രീജിത്ത്: ഈ ചോദ്യം കോടതിയും പ്രോസിക്യൂഷനും മാധ്യമങ്ങളും ഉറക്കെ ചോദിക്കേണ്ടതാണ്. ജാസ് ഒരു ട്രാവല്‍ കമ്പനിയാണ്. അവിടെ പണമിടപാട് നടക്കുന്നത് എങ്ങനെ? യുഎഇയുടെ ബിസിനസ് സൗഹൃദ അന്തരീക്ഷത്തെ ദുരുപയോഗം ചെയ്യുകയാണ് ചിലര്‍. സ്പോണ്‍സര്‍ അറബികളെ കവചമാക്കി പലരും കോടികളാണ് നിരപരാധികളില്‍ നിന്നും തട്ടിയെടുക്കുന്നത്. ഇത്തരക്കാരുടെ ചതിക്കുഴികളില്‍പ്പെട്ട് ജീവനൊടുക്കിയവര്‍ വരെയുണ്ട്.
ശ്രീജിത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് രാഖുല്‍ പണം ആവശ്യപ്പെട്ടിരുന്നോ?
ശ്രീജിത്ത്: ഒറ്റത്തവണ ഫോണില്‍ ബന്ധപ്പെട്ടു. തുക കുറച്ചാണെങ്കിലും ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് പറഞ്ഞു. ഞാന്‍ അയാള്‍ക്ക് ഒരു രൂപ പോലും കൊടുക്കാനില്ല. നിയമത്തില്‍ വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ മറുപടിയും അങ്ങനെ തന്നെ കൊടുത്തു. അതായിരുന്നു അയാളും ഞാനും തമ്മിലുള്ള അവസാന സംഭാഷണം.
ശ്രീജിത്തിന്റെ അടുത്ത നീക്കം എന്താണ്?
ശ്രീജിത്ത്: ഞാന്‍ ഇപ്പോള്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. എനിക്ക് നിയമത്തില്‍ വിശ്വാസമുണ്ട്. ദുബായിലേയും കേരളത്തിലേയും കേസുകള്‍ നേരിടും. ഒരു തട്ടിപ്പുകാരന്റെ ഭീഷണിയ്ക്ക് മുന്നില്‍ ഞാന്‍ വഴങ്ങില്ല. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പറയുന്നില്ല. കോടതിയുടെ പരിഗണനയില്‍ ഉള്ള കേസില്‍ പരസ്യമായ അഭിപ്രായം പാടില്ലെന്ന കാര്യം അഭിഭാഷകനായ ഞാന്‍ ലംഘിക്കുന്നില്ല.
(സംഭാഷണം എഡിറ്റ് ചെയ്യാതെ ചേർത്തിരിക്കുന്നു.)
Sreejith v disclosing facts with Aravind V news editor 24
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here