Advertisement

വകയിരുത്താന്‍ വകയുണ്ടോ ….

February 1, 2018
Google News 1 minute Read
budget

ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് ആദ്യം മനസിലേക്ക് ഓടിയെത്തിയത് ഇതൊരു ബജറ്റ് ആയിരുന്നോ എന്ന സംശയമാണ്. കാരണം ബജറ്റെന്നാല്‍ സര്‍ക്കാരിന്റെ വരവ് -ചെലവ് കണക്കുകളേക്കുറിച്ചുള്ള വിശദമായ രേഖയെന്നാണ് സാമ്പത്തിക ശാസ്ത്ര ക്ലാസുകളില്‍ പഠിച്ചിരിക്കുന്നത്. വലിയ ചില ചെലവുകളേക്കുറിച്ച് ധനമന്ത്രി പറഞ്ഞെങ്കിലും ഇതിനുള്ള വരവ് എവിടെയെന്ന് പറഞ്ഞിട്ടില്ല. കുടുംബ ബജറ്റ് തയാറാക്കുന്ന, പ്രതിമാസം 18,000 രൂപ വരുമാനമുള്ള കാരണവര്‍ക്ക് ഈ മാസം ഒന്നരക്കോടി രൂപയുടെ മസരട്ടി ലവാന്റെ കാര്‍ വാങ്ങാന്‍ തീരുമാനിച്ചെന്ന് പ്രഖ്യാപിക്കാം. കുടുംബത്തിലെ ഫ്രീക്കന്‍ പയ്യനുള്‍പ്പെടെയുള്ളവരുടെ കയ്യടി വാങ്ങാം. പക്ഷേ ഇതിനുള്ള തുക എവിടെ നിന്നൊപ്പിക്കുമെന്ന വിശദീകരണം വരുമ്പോള്‍ മാത്രമേ സംഭവം പ്രഖ്യാപനത്തില്‍ നിന്ന് നടപ്പാക്കലിലേക്ക് കടക്കൂ. കുറേ പ്രഖ്യാപനങ്ങള്‍ നടത്തി സഭ പിരിഞ്ഞാല്‍ ഇതിനൊക്കെയുള്ള വകയുണ്ടാകുമോയെന്ന് സാധാരണക്കാരന് സംശയം തോന്നിയാല്‍ അത് സ്വാഭാവികമല്ലേ ….
budget
ഏറ്റവുമധികം കയ്യടിയേറ്റു വാങ്ങിയത് ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയെന്ന് സ്വയം പറഞ്ഞ് ജയ്റ്റ്‌ലി അവതരിപ്പിച്ച പദ്ധതിയാണ്. 10 കോടി കുടുംബങ്ങളിലെ ഏകദേശം 50 കോടി പേരെ ഇന്‍ഷുറന്‍സ് പദ്ധതികളില്‍പ്പെടുത്തി പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ ചികില്‍സാ സഹായം നല്‍കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി നടന്നാല്‍ തീര്‍ച്ചയായും നല്ലത്. പക്ഷേ നടത്തിപ്പിനുള്ള ഭീമമായ ചെലവ് എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തില്‍ കൃത്യമായൊരു വിശകലനം നല്‍കാന്‍ ജയ്റ്റ്‌ലി തയാറായിട്ടില്ലെന്നത് പഴയ പല പദ്ധതികളും പോലെ ഇവ കടലാസിലൊതുങ്ങുമോയെന്ന സംശയം ജനിപ്പിക്കുന്നു.
നോട്ടസാധുവാക്കലിനു ശേഷം ഗര്‍ഭിണികള്‍ക്ക് 6,000 രൂപ വീതം നല്‍കുമെന്ന് പ്രധാനമന്ത്രി നേരിട്ട് പറഞ്ഞെങ്കിലും പിന്നീട് സര്‍ക്കാരിന് കാശില്ലാത്തതിനാല്‍ അത് ആദ്യത്തെ ഗര്‍ഭത്തിന് മാത്രമേ ലഭിക്കൂ എന്നും, തുകയുടെ പകുതി സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കണമെന്നും വിശദീകരണമുണ്ടായി. വമ്പന്‍ കമ്പനികള്‍ ഓഫര്‍ പ്രഖ്യാപനം വലിയ അക്ഷരങ്ങളില്‍ നല്‍കി താഴെ കണ്ടീഷന്‍സ് അപ്ലൈ നല്‍കുന്നതുപോലെയായിപ്പോകുമോ പല പദ്ധതികളും എന്നൊരു ആശങ്കയില്ലാതില്ല.
ധനക്കമ്മിയിലെ പ്രഖ്യാപിത ലക്ഷ്യമായ 3.2% എന്നത് 3.5% ആയി പുനര്‍നിര്‍ണ്ണയിച്ചിട്ടുണ്ട്. ഇതില്‍ നിന്നു തന്നെ ചെലവിലുണ്ടായ വര്‍ധന മനസിലാക്കാം. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളില്‍ ധനക്കമ്മി ലക്ഷ്യം കൃത്യമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി എല്ലാവര്‍ക്കും അറിയാം.
പ്രധാന പദ്ധതികള്‍ക്കായി വകയിരുത്തിയിരിക്കുന്നത് 1,14,540 കോടി രൂപയാണ്. കാര്‍ഷിക മേഖലയ്ക്കായി മൊത്തം നീക്കിയിരുപ്പ് 11 ലക്ഷം കോടിയും. ഇത്രത്തോളം തുക വകയിരുത്താനാകുമോയെന്ന ആശങ്കയും മാറണമെങ്കില്‍ പ്രഖ്യാപനത്തിനുപരി വിശദമായ കണക്കുകള്‍ ലഭിക്കണം.farmer sc stays tn hc order to dismiss agricultural loan
തികച്ചും വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പ്രഖ്യാപനങ്ങളൊന്നും തന്നെ കാണാന്‍ കഴിയുന്നില്ല.
ആദായനികുതി സ്ലാബുകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ശമ്പളക്കാര്‍ക്ക് 40,000 രൂപ വരെ കിഴിവ് നല്‍കുമെന്നതൊഴിച്ചാല്‍ ആദായനികുതിയുമായി ബന്ധപ്പെട്ട പ്രതീക്ഷകളൊന്നും നടപ്പായില്ല. കൂടുതല്‍ പേര്‍ നികുതി പരിധിയില്‍ വന്നപ്പോഴും, നികുതി വരുമാനത്തില്‍ അതിനനുസരിച്ചുള്ള വര്‍ധന വന്നിട്ടില്ല. മേയില്‍ വരാനിരിക്കുന്ന നികുതി പരിഷ്‌ക്കാര കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് കാത്തിരിക്കുന്നത് കാരണമാകാം ആദായനികുതി സംബന്ധമായ പ്രഖ്യാപനങ്ങള്‍ക്ക് ജയ്റ്റ്‌ലി തയാറാകാതിരുന്നത്. 25% കോര്‍പ്പറേറ്റ് നികുതി വിഭാഗത്തില്‍ 250 കോടി വരെ വിറ്റു വരവുള്ളവരെ ഉള്‍പ്പെടുത്തിയത് ആ വിഭാഗത്തില്‍പ്പെട്ട ബിസിനസുകള്‍ക്ക് ഉത്തേജനമാകും. എന്നിരുന്നാലും നിക്ഷേപ മാന്ദ്യം നേരിടുന്ന വ്യാവസായിക ലോകത്തിന് മറ്റ് നയങ്ങള്‍ കൂടി വേണ്ടിയിരുന്നെന്ന് തോന്നി. രാഷ്ട്രപതി,ഉപരാഷ്ട്രപതി,ഗവര്‍ണ്ണര്‍മാര്‍ എന്നിവരുടെ ശമ്പളവര്‍ധനയും, എംപിമാര്‍ക്ക് 5 വര്‍ഷത്തിലൊരിക്കല്‍ വേതനവര്‍ധനയുമുണ്ടാകുമെന്ന പ്രഖ്യാപനവും ആദായനികുതി ഇളവ് പ്രതീക്ഷിച്ചവര്‍ക്ക് നിരാശയായേക്കാം.

taxation
ഓഹരിവിപണികളിലെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കുള്ള
ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് തിരികെ കൊണ്ടു വന്നതുമായി ബന്ധപ്പെട്ട തിരുത്തല്‍ വിപണികളില്‍ സംഭവിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് കൂടുതല്‍ ഇടിവ് ഈ പേരിലുണ്ടാവുമെന്ന് കരുതാന്‍ വയ്യ.
12 മാസത്തെ ചരക്ക് സേവന നികുതി വരുമാനം കൊണ്ട് ധനക്കമ്മി ലക്ഷ്യം കൈവരിക്കാമെന്ന ആത്മവിശ്വാസം ധനമന്ത്രി വ്യക്തമാക്കുന്നു. കൃഷിക്കും ഗ്രാമങ്ങള്‍ക്കുമാണ് ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും പറയുന്നു.

കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് ജിയോ കറന്‍സി വരുമെന്നും, ബ്ലോക്ക് ചെയിന്‍ സംവിധാനത്തിലൂന്നിയ സേവനങ്ങള്‍ കൊണ്ടുവരുമെന്നും റിലയന്‍സ് പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ ബജറ്റില്‍ ബ്ലോക്ക് ചെയിന്‍ സംവിധാനം വികസിപ്പിക്കുമെന്ന ജയ്റ്റ്‌ലിയുടെ പ്രഖ്യാപനവുമായി ഇതിനെ ഒന്നു കൂട്ടി വായിക്കണമോയെന്ന് വിവേകം ചോദിക്കുന്നു.
ക്രിപ്‌റ്റോകറന്‍സികള്‍ നിയമപരമല്ലെന്നും, ഇത്തരം ഇടപാടുകള്‍ കൃത്യമായി നിരീക്ഷിക്കുമെന്നും പറഞ്ഞത് ആശാസ്യമാണ്.റയില്‍വേ വികസനത്തിന് 1.49 ലക്ഷം കോടിയാണ് വകയിരുത്തിയത്. നവീകരണവും,വൈഫൈ സംവിധാനവും,സിസിടിവിയുമൊക്കെ പറഞ്ഞെങ്കിലും പുതിയ തീവണ്ടികള്‍ സംബന്ധിച്ച പ്രഖ്യാപനം കണ്ടില്ല.
Women-Empowermentസ്ത്രീശാക്തീകരണത്തിനായുള്ള പദ്ധതികളും യഥാര്‍ത്ഥ ശാക്തീകരണത്തിനുതകുമോയെന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ മോഡലില്‍ തിരിച്ചറിയല്‍ സംവിധാനം വരുമെന്ന് പറഞ്ഞിട്ടുണ്ട്. വാണിജ്യ രംഗത്ത് 372 പരിഷ്‌ക്കാരങ്ങള്‍ പറയുന്നെങ്കിലും വിശദാംശങ്ങളിലേക്ക് കടന്നിട്ടില്ല.
പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനവും സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നു. ഇത് തൊഴില്‍ നഷ്ടമുണ്ടാക്കുമോയെന്നും മറ്റുമുള്ള സംശയങ്ങള്‍ക്ക് കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. ചെറുകിട-ലഘു വ്യവസായ മേഖലയ്ക്ക് കൂടുതല്‍ വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. മുന്‍പും വായ്പകള്‍ ഉണ്ടായിരുന്നതുകൊണ്ട് ഇതും സംഭവിച്ചതിനു ശേഷം വിലയിരുത്തുന്നതാവും നല്ലത്.
കുറേയിനങ്ങളുടെ കസ്റ്റംസ് തീരുവ കൂട്ടിയത് പ്രാദേശിക ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുമെന്ന് കരുതാം. പെട്രോള്‍-ഡീസല്‍ എക്‌സൈസ് തീരുവ കുറച്ചതും ആശ്വാസം തന്നെ. 2022 നുള്ളില്‍ 40 കോടി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുമെന്ന് 2015 ല്‍ പറഞ്ഞിരുന്നത് മാറ്റി ഇത്തവണ 2022 നുള്ളില്‍ 50 ലക്ഷം പേര്‍ക്കെന്ന് തിരുത്തിയതും പ്രഖ്യാപനവും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരത്തിനുദാഹരണമാണ്. അന്നു തന്നെ ഇത്രയധികം പേര്‍ക്ക് പരിശീലനം നല്‍കാനുള്ള പരിശീലകരുടെ അഭാവമുള്‍പ്പെടെയുള്ളവ പലരും ചൂണ്ടിക്കാട്ടിയത് പരമാര്‍ത്ഥമെന്ന് തെളിഞ്ഞിരിക്കുകയാണ്.
പ്രഖ്യാപനം മാത്രം നോക്കിയാല്‍ ബജറ്റ് കൊള്ളാം. പക്ഷേ ഇന്ന് ബജറ്റ് ശ്രവിച്ച എല്ലാവരും തന്നെ ഇതില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ ആനുകൂല്യത്തിനായി ശ്രമിച്ചു വിജയം കാണുകയും,പദ്ധതികള്‍ എത്രത്തോളം പ്രായോഗികമായെന്ന് പരിശോധിക്കുകയും ചെയ്തു കഴിഞ്ഞ് അടുത്ത ബജറ്റ് പ്രഖ്യാപനവേളയില്‍ ശരിയായ വിലയിരുത്തല്‍ നടത്തുകയാവും ബുദ്ധി. ഇന്ന് വാക്കാല്‍ പറഞ്ഞത് നാളെ പ്രവര്‍ത്തിക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കുമ്പോള്‍ മാത്രമാകും ബജറ്റ് സാര്‍ത്ഥകമാകുക.fall in stock market sensex touches 28442 sensex 98 point down sensex 72 point loss stock market today sensex falls to 56 point sensex closed in 190 point ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം stock market in lose sensex closed in low point രാജ്യം 8 ശതമാനം വളര്‍ച്ചയിലേക്ക് , അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുന്നു തുടങ്ങി വലിയ പ്രതീക്ഷകളാണ് ധനമന്ത്രി പങ്കു വെച്ചത്. ഉയരുന്ന ക്രൂഡോയില്‍ വിലയും, പൊതുവെയുള്ള വിലക്കയറ്റവും എത്രകണ്ട് ധനസ്ഥിതിയെ ബാധിക്കുമെന്ന് കണ്ടറിയണം. വലിയ കുതിപ്പു തുടരുന്ന ഓഹരി വിപണികളില്‍ അതേപോലെ തിരുത്തല്‍ വന്നാലും നിക്ഷേപങ്ങളുടെ തിരിച്ചൊഴുക്കുണ്ടാകാം. കേള്‍ക്കുന്ന ദിവസം കയ്യടിക്കേണ്ട ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമയല്ല ബജറ്റ്. കണക്കുകളുടെ അടിസ്ഥാന്തതില്‍ കൃത്യമായ വിശകലനം നടത്തി കാത്തിരുന്നു വേണം വിലയിരുത്തല്‍. സാധ്യതകള്‍ പലതും കാണിക്കുന്നുണ്ടെങ്കിലും സാധ്യമാകുന്നതെന്തൊക്കെയെന്ന് നോക്കിക്കാണേണ്ടിയിരിക്കുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here