2003ന് പകരം വീട്ടി, പലിശ സഹിതം; രാഹുല്‍ ദ്രാവിഡിന് ഇത് മധുരപ്രതികാരം

നെല്‍വിന്‍ വില്‍സണ്‍
2003 മാര്‍ച്ച് 23ന് സൗത്താഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നിന്ന് കലങ്ങിയ കണ്ണുകളുമായി രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. രാജ്യം മുഴുവന്‍ കാത്തിരുന്ന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്ക് വേണ്ടി നേടിയെടുക്കാന്‍ കഴിയാത്തതില്‍ അയാള്‍ക്ക് കുറ്റബോധമുണ്ടായിരുന്നു. വര്‍ഷങ്ങളോളം നീണ്ട ക്രിക്കറ്റ് കരിയറില്‍ ഒരു ലോകകപ്പ് പോലും പില്‍ക്കാലത്ത് രാഹുല്‍ ദ്രാവിഡെന്ന മഹാരഥന്റെ പേരില്‍ ചേര്‍ക്കപ്പെട്ടിട്ടില്ല. 2007 ലോകകപ്പിലാകട്ടെ ആദ്യ റൗണ്ടില്‍ പോലും നാണംകെട്ട് ഇന്ത്യന്‍ ടീം തകര്‍ന്നടിഞ്ഞു. അന്ന് രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു. രാജ്യത്തിന് വേണ്ടി കളത്തില്‍ നിറഞ്ഞ് കളിച്ചിട്ടും കരിയറില്‍ ഒരു ലോകകപ്പ് നേട്ടത്തിന്റെ പോലും ഭാഗമാകാന്‍ കഴിയാതെ പോയതില്‍ അയാള്‍ എത്രയോ സങ്കടപ്പെട്ടിട്ടുണ്ടാകണം?
എല്ലാറ്റിനും ഇന്ത്യയുടെ ആ വന്മതില്‍ ഇന്ന് ന്യൂസിലാന്‍ഡിലെ മൗണ്ട് മോഗിനിയില്‍ പ്രതികാരം ചെയ്തു. രാജ്യാന്തര ക്രിക്കറ്റ് ടീമില്‍ ഇന്ന് രാഹുല്‍ ഇല്ല. ജോഹന്നാസിലെ തോല്‍വിയില്‍ മനംനൊന്ത് ഇന്ത്യയിലേക്ക് വണ്ടി കയറിയ ചെറുപ്പക്കാരനല്ല ഇന്ന് രാഹുല്‍. അയാളുടെ മുടിയില്‍ നര ബാധിച്ചിരിക്കുന്നു. പക്ഷേ ക്രിക്കറ്റ് എന്ന വികാരത്തിന് മുന്‍പില്‍ അയാള്‍ ഇന്നും ചെറുപ്പമാണ്. ന്യൂസിലാന്‍ഡില്‍ നിന്ന് അണ്ടര്‍ 19 ലോകകപ്പ് കിരീടവുമായി ഇന്ത്യന്‍ കൗമാരപ്പട ഇന്ത്യയിലേക്ക് വണ്ടി കയറുമ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷത്തോടെ അവര്‍ക്കൊപ്പം ആയിരിക്കുക രാഹുല്‍ ദ്രാവിഡ് തന്നെയായിരിക്കും.
അണ്ടര്‍-19 ലോകകപ്പിന്റെ ഫൈനല്‍ മത്സരം മൗണ്ട് മോഗിനിയില്‍ നടക്കുകയാണ്. അതിനിടയില്‍ ഒരു ഇന്ത്യന്‍ കാണിയുടെ കൈകളിലുള്ള പ്ലക്കാര്‍ഡുകളിലൊന്നിലേക്ക് ക്യാമറ കണ്ണുകള്‍ ശ്രദ്ധ പതിപ്പിക്കുന്നു. അതില്‍ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്; ‘2003 REVENGE, DRAVID’. അതെ, ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരാള്‍ക്കും 2003 ലോകകപ്പ് ഫൈനല്‍ മറക്കാനാവില്ല. അന്ന് ഇന്ത്യ ഫൈനലില്‍ പരാജയപ്പെട്ടത് ഓസ്‌ട്രേലിയയോട്. അതേ ഓസ്‌ട്രേലിയ തന്നെയാണ് ഇന്ന് ഇന്ത്യയുടെ കൗമാരപ്പടയെ നേരിടുന്നത്. ഇന്ത്യയുടെ പരിശീലകനിലാണ് എല്ലാവര്‍ക്കും പ്രതീക്ഷ. അയാള്‍ പകര്‍ന്ന് നല്‍കിയ ഗൃഹപാഠങ്ങളുമായി ഓസീസിനെ നേരിടാന്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ മൈതാനത്തിറങ്ങുമ്പോള്‍ 2003ന് പകരംവീട്ടുക എന്നതിനപ്പുറം മറ്റൊന്നും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആവശ്യപ്പെടില്ല. കാരണം ആ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്ന മഹാരഥനാണ്.
ആ കുട്ടികള്‍ പകരം വീട്ടി…അവരുടെ പരിശീലകന് വേണ്ടി പലിശ സഹിതം തന്നെ. ഒരു തരത്തിലും ഇന്ത്യയ്ക്ക് എതിരാളികളാകാന്‍ കഴിയാതെ ഓസ്‌ട്രേലിയ മുട്ടുമടക്കി. മൈതാനത്ത് ഇന്ത്യയുടെ വിജയ റണ്‍ പിറക്കുമ്പോഴും അയാളുടെ മുഖം സൗമ്യമായിരുന്നു. ഒരു നിമിഷം അയാള്‍ 2003ലെത്തി. അന്ന് നഷ്ടപ്പെട്ടത് ഇതാ എന്റെ കുട്ടികള്‍ എനിക്ക് വേണ്ടി നേടിതന്നിരിക്കുന്നു. അതില്‍പരം എന്തുവേണം രാഹുലിന് അഭിമാനിക്കാന്‍…ഇങ്ങ് കേരളത്തിലിരുന്ന് ക്രിക്കറ്റ് ആരാധകര്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു; ‘ന്യൂസിലാന്‍ഡില്‍ കിരീടം ഉയര്‍ത്തിയിരിക്കുന്നത് ഇന്ത്യയുടെ കൗമാരപ്പടയാണ്, രാഹുല്‍ ദ്രാവിഡിന്റെ സ്വന്തം കുട്ടികള്‍…’
സംശയം വേണ്ട, ആ മനുഷ്യന്റെ കൈകളില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാണ്…
Man of the moment – Rahul Dravid
These boys in such safe hands. Safest hands of Rahul Dravid. #INDvAUS #U19CWC #U19WorldCupFinal #ICCU19CWC pic.twitter.com/S1OLUTiZ2F— Amit Singh (@amit_beau123) February 3, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here