ബസ് ചാർജിൽ വർധന; പുതിയ നിരക്ക് മാർച്ച് 1 മുതൽ

സംസ്ഥാനത്ത് നിലവിൽ വന്ന പുതിയ നിരക്ക് മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ നിരക്ക് പ്രകാരം 8 രൂപയാണ് മിനിമം ചാർജ്. ഫാസ്റ്റ് പാസഞ്ചറിന്റെ നിരക്ക് 10 രൂപയിൽ നിന്ന് 11 രൂപയും ആക്കി.
വിദ്യാർത്ഥികളുടെ നിരക്കിൽ ആനുപാതികമായ മാറ്റമുണ്ടാകും. സൂപ്പർ എക്‌സ്പ്രസ് / എക്‌സിക്യൂട്ടീവ് ബസുകളിൽ മിനിമം ചാർജ് 13ൽ നിന്ന് 15 രൂപയാക്കും. സെമി സ്ലീപ്പർ / സൂപ്പർ ഡിലക്‌സ് ബസുകളിൽ ഇപ്പോഴുള്ള 20 രൂപയിൽ നിന്ന് 22 രൂപയാക്കിയാവും കൂട്ടുന്നത്. വോൾവോ ബസുകളിൽ 45 രൂപയായിരിക്കും മിനിമം ചാർജ്ജ്. ഇപ്പോൾ ഇത് 40 രൂപയാണ്.
ബസ് ചർജ്ജ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 16 മുതൽ അനിശ്ചിത കാല സമരത്തിന് ബസുടമകൾ ആഹ്വാനം ചെയ്തിരിക്കുകയാണ്. മിനിമം ചാർജ്ജ് 10 രൂപയാക്കണമെന്നാണ് ആവശ്യം. എന്നാൽ ഇപ്പോഴുള്ള ബസ് ചാർജ് വർധന പര്യാപ്തമല്ലെന്ന് ബസ് കോർഡിനേഷൻ കമ്മിറ്റി പ്രതിനിധി ടി ഗോപിനാഥ് പ്രതികരിച്ചു. വിദ്യാർത്ഥികളുടെ ചാർജ് വർദ്ധനയടക്കമുള്ള ആവശ്യം അംഗീകരിച്ചേ മതിയാവൂ. നിലവിലെ സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ഗോപിനാഥ് പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here