‘അലറിക്കരയുന്ന മമ്മി’ക്ക് പിന്നിലെ രഹസ്യം കണ്ടെത്തി

ഈജിപ്തിലെ ‘അലറിക്കരയുന്ന മമ്മി’ ക്ക് പിന്നിലെ രഹസ്യം കണ്ടെത്തി. വർഷങ്ങളായി ഗവേഷകരെ കുഴക്കിയ ആ രഹസ്യത്തിനാണ് ഒടുവിൽ തിരശ്ശീല വീണത്.
1886 ലാണ് ഈ മമ്മി ഗവേഷകർക്കു ലഭിക്കുന്നത്. വായ തുറന്ന നിലയിലായിരുന്നു ഇതിനെ കല്ലറയിൽ നിന്നെടുത്തത്. മാത്രവുമല്ല തികച്ചും ‘വൃത്തിഹീനമായ’ രീതിയിലായിരുന്നു ‘മമ്മിഫിക്കേഷൻ’. സാധാരണ ഗതിയിൽ ലിനൻ തുണിയിൽ പൊതിഞ്ഞാണ് മമ്മികളെ തയാറാക്കുക. എന്നാൽ ‘അലറിക്കരയുന്ന മമ്മി’യുടെ കൈകൾ മൃഗങ്ങളുടെ തുകലിലാണു പൊതിഞ്ഞിരുന്നത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളാകട്ടെ ആട്ടിൻ തോലിലും.
ഈജിപ്തിലെ തടാകങ്ങളുടെ അടിത്തട്ടിൽ നിന്നു ലഭിച്ചിരുന്ന ‘നാട്രോൺ’ എന്ന തരം ഉപ്പിലിട്ടായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്. കുറച്ച് ഉപ്പ് മമ്മിയുടെ വായിൽ നിന്നും കണ്ടെത്തി. രാജാക്കന്മാരുടെ കല്ലറയ്ക്കു സമീപത്തു തന്നെയായിരുന്നു ഇതിന്റെയും കല്ലറ. ഒരു കൂട്ടർ മികച്ച രീതിയിൽ മമ്മിയാക്കാൻ ശ്രമിച്ചപ്പോൾ മറുവിഭാഗം അതിനെ തടഞ്ഞ രീതിയിലായിരുന്നു ‘അലറിക്കരയുന്ന മമ്മി’യുടെ അവസ്ഥയെന്നാണു ഗവേഷകർ പറയുന്നത്. 130 വർഷത്തിലേറെയായി ഗവേഷകരും ചിന്തിക്കുകയായിരുന്നു, എന്താണ് ഈ മമ്മിയുടെ പ്രത്യേകതയെന്ന്. പക്ഷേ ഒടുവിൽ കണ്ടെത്തി വിഷപ്രയോഗം കാരണമല്ല, മറിച്ച് തൂക്കിക്കൊന്നതാണ് ആ മമ്മിയെ. കഴുത്തിനു ചുറ്റിലും കയർ മുറുകിയ പാട് കണ്ടെത്തിയതാണ് ഇത്തരമൊരു നിഗമനത്തിലേക്കു നയിച്ചത്.
മോശപ്പെട്ട രീതിയിൽ ‘മമ്മിഫിക്കേഷൻ’ നടത്താനുമുണ്ട് കാരണം. റേംസിസ് ഫറവോ മൂന്നാമന്റെ മകനായ പെന്റാവെർ രാജകുമാരന്റെ മമ്മിയാണ് ഇതെന്നാണു കണ്ടെത്തൽ. ഇരുവരുടെയും എല്ലുകളിൽ നിന്നെടുത്ത ഡിഎൻഎ പരിശോധിച്ചപ്പോഴാണ് ഈ ബന്ധം തിരിച്ചറിഞ്ഞത്. രണ്ടാം ഭാര്യയുടെ സഹായത്തോടെ സ്വന്തം പിതാവിനെ കൊലപ്പെടുത്താൻ രാജകുമാരൻ ശ്രമിച്ചതിന്റെ ശിക്ഷയാകാം അതെന്നാണു നിഗമനം. അതിക്രൂരമായ നിലയിലാണു റേംസിസ് കൊല്ലപ്പെട്ടത്. തൊണ്ട മുറിച്ച നിലയിലും കാൽവിരലുകൾ വെട്ടിയെടുത്ത നിലയിലുമായിരുന്നു. സിടി സ്‌കാനിലൂടെയാണ് ഇതു തിരിച്ചറിഞ്ഞത്.
ഏതാനും വർഷം മുൻപ് തുടക്കമിട്ട ഈജിപ്ഷ്യൻ മമ്മി പ്രോജക്ടിലൂടെയാണ് ‘അലറിക്കരയുന്ന മമ്മി’യുടെ രഹസ്യം കണ്ടെത്തിയത്. എന്നാൽ ഇപ്പോഴും പൂർണമായും ഇത് പെന്റാവെർ രാജകുമാരന്റേതാണെന്നു ഗവേഷകർ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഒരു കാര്യത്തിൽ ഉറപ്പ് ഈജിപ്തിന്റെ ചരിത്രത്തിൽ ഇത്രയും അസ്വാഭാവികവും നിഗൂഢവുമായ രീതിയിൽ ഒരു ‘മമ്മിഫിക്കേഷൻ’ നടന്നിട്ടില്ല!
secret behind screaming mummy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here