‘കിംഗ്’ കോഹ്‌ലി; ഏത് റെക്കോര്‍ഡുകളും ഇവിടെ എടുക്കപ്പെടും

പണ്ടൊക്കെ ക്രിക്കറ്റ് കളി ആസ്വദിച്ചിരുന്നവര്‍ തങ്ങളുടെ താരങ്ങള്‍ സെഞ്ചുറി അടിക്കുമ്പോള്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. ഇന്നാണെങ്കില്‍ സോഷ്യല്‍ മീഡിയ ഇത്രയേറെ വളര്‍ന്ന സാഹചര്യത്തില്‍ ഇഷ്ടതാരങ്ങളെ കുറിച്ചും അവരുടെ നേട്ടങ്ങളെ കുറിച്ചും വാചാലരാകാന്‍ വേറെ ഒരു മാധ്യമവും ആരാധകര്‍ക്ക് വേണ്ട. എന്നാല്‍ കോഹ്‌ലി ആരാധകര്‍ വല്ലാത്തൊരു ധര്‍മ്മസങ്കടത്തിലാണ്. കോഹ്‌ലിയെ പോലൊരു പ്രതിഭ ഓരോ കളികളിലും അസാമാന്യ പ്രകടനമാണ് നടത്തുന്നത്. സെഞ്ചുറിയെന്ന പദം തന്നെ കോഹ്‌ലിയെ പോലൊരു താരത്തിന് ആവര്‍ത്തന വിരസതയുള്ള വാക്കായി മാറി കഴിഞ്ഞു. കോഹ്‌ലിക്കു മാത്രമല്ല അയാളുടെ ആരാധകര്‍ക്കും. ഓരോ ഇന്നിംഗ്‌സുകള്‍ കഴിഞ്ഞ് അയാള്‍ കൂടാരം കയറുമ്പോള്‍ അയാള്‍ക്കൊപ്പം ഒരു പിടി റെക്കോര്‍ഡുകളും കരിയറിലേക്ക് ഓടികയറുന്നത് കാണാം. അസാമാന്യ പ്രതിഭയെന്ന് എല്ലാവരും വിലയിരുത്തുന്ന താരത്തിന് റെക്കോര്‍ഡ് നേട്ടങ്ങളെല്ലാം പഴംകഥകള്‍ പോലെയാണ് തോന്നുന്നത്. ഏങ്കിലും നേട്ടങ്ങള്‍ കൊയ്തുകൊണ്ടേയിരിക്കും. ഒന്നിനു പിറകെ ഒന്നായി അയാള്‍ ചരിത്രത്തില്‍ ഇടംപിടിച്ചുകൊണ്ടേയിരിക്കും.
സൗത്താഫ്രിക്കയിലെ ഏകദിന പരമ്പരയ്ക്ക് ശേഷവും ഇത്തരത്തില്‍ പല റെക്കോര്‍ഡുകളാണ് ഇന്ത്യന്‍ നായകന്‍ സ്വന്തം പേരിലേക്ക് കൂട്ടിച്ചേര്‍ത്തത്. സെഞ്ചൂറിയനില്‍ ഇന്നലെ അവസാന ഏകദിനത്തിന് ശേഷവും വിരാട് ചില റെക്കോര്‍ഡുകള്‍ സ്വന്തം പേരിനൊപ്പം ചാര്‍ത്തി. പരമ്പര സ്വന്തമാക്കി കഴിഞ്ഞതിനാല്‍ ഇന്ത്യന്‍ ടീമിന് താരതമ്യേന പ്രാധാന്യം കുറഞ്ഞ ഒരു ഏകദിനമായിരുന്നു സെഞ്ചൂറിയനിലേത്. എന്നിട്ടും വിജയിക്കാനുള്ള നായകന്റെ വാശിയെ ക്രിക്കറ്റ് ലോകം അഭിനന്ദിച്ചു.
സൗത്താഫ്രിക്കയില്‍ നടന്ന ഏകദിന പരമ്പരയില്‍ 558 റണ്‍സ് നേടിയാണ് വിരാട് കോഹ്‌ലി പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരയില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തികത സ്‌കോര്‍ എന്ന നേട്ടം വിരാട് ഇന്നലെ സ്വന്തമാക്കി. ഇന്ത്യന്‍ താരമായ രോഹിത് ശര്‍മ്മ ഓസ്‌ട്രേലിയക്കെതിരെ നേടിയ 491 റണ്‍സിന്റെ റെക്കോര്‍ഡാണ് വിരാട് കോഹ്‌ലി സെഞ്ചൂറിയനില്‍ മറികടന്നത്.
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 9500 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും വിരാട് ഇന്നലെ സ്വന്തം പേരിലാക്കി. വെറും 200 ഇന്നിംഗ്‌സുകളില്‍ നിന്നാണ് വിരാട് ഈ നേട്ടം സ്വന്തമാക്കിയത്. സൗത്താഫ്രിക്കയുടെ ഫാബുലസ് താരമായ സാക്ഷാല്‍ എ.ബി. ഡിവില്ലിയേഴ്‌സ് കൈവശം വച്ചിരുന്ന റെക്കോര്‍ഡാണ് സൗത്താഫ്രിക്കന്‍ മണ്ണില്‍ വെച്ചുതന്നെ വിരാട് തകര്‍ത്തത്.
പതിനേഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് സൗത്താഫ്രിക്ക സ്വന്തം മണ്ണില്‍ ഇത്രയും പരിതാപകരമായ ഒരു പരാജയ പരമ്പരയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുന്നത്. ഇതിനും മുന്‍പ് സൗത്താഫ്രിക്കയെ ഇത്രയും മോശമായ രീതിയില്‍ മുട്ടുകുത്തിച്ചിട്ടുള്ളത് ഓസ്‌ട്രേലിയ മാത്രമാണ്. ഇന്ത്യയുടെ സൗത്താഫ്രിക്കയിലെ ആദ്യ പരമ്പര നേട്ടവും ഇത് തന്നെ. ഇവിടെയെല്ലാം ആഘോഷിക്കപ്പെടുന്നതും പ്രശംസിക്കപ്പെടുന്നതും കോഹ്‌ലി എന്ന താരത്തിനൊപ്പം ആക്രമണോത്സുകതയുടെ പര്യായമായ കോഹ്‌ലി എന്ന നായകന്‍ കൂടിയാണ്.
എല്ലാ അര്‍ത്ഥത്തിലും കോഹ്‌ലിയെന്ന നായകനും താരവും ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട പരമ്പര ഇത് തന്നെയാണ്. അതിനാല്‍ തന്നെ അയാളുടെ റെക്കോര്‍ഡുകള്‍ക്ക് മധുരം കൂടും. സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി വിരാടിനെ താരതമ്യം ചെയ്യുന്നവര്‍ ഏറ്റവും വലിയ പാതകമാണ് ഇന്ത്യന്‍ ക്രിക്കറ്റിനോട് ചെയ്യുന്നത്. വിരാട് വിരാടായി തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിലനില്‍ക്കട്ടെ. അയാള്‍ക്ക് മറ്റൊരു സച്ചിന്‍ പട്ടമല്ല ആവശ്യം. കാലഘട്ടത്തിനു യോജിച്ച രീതിയില്‍ ബാറ്റുവീശുന്ന വിരാട് കോഹ്‌ലി അങ്ങനെതന്നെ തുടരട്ടെ…ക്രിക്കറ്റ് ആരാധകര്‍ ആഗ്രഹിക്കുന്നതും അത് തന്നെയാണ്…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here