മക്കൾ നീതി മയ്യം; കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപിച്ചു

മധുരയിൽ ആയിരങ്ങൾ പങ്കെടുത്ത യോഗത്തിൽ മക്കൾ നീതി മയ്യം എന്ന പേരിൽ കമല്ഹാസന് തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. പാർട്ടി പതാകയും അദ്ദേഹം പുറത്തിറക്കി. എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളും യോഗത്തിൽ പങ്കെടുത്തു. ദ്രാവിഡ പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാകും തന്റേതെന്നു കമൽ പറഞ്ഞു.
പിണറായി വിജയന് തമിഴില്‍ അഭിസംബോധന ചെയ്തുകൊണ്ട് വീഡിയോ സന്ദേശം അയച്ചു. ചുവപ്പും വെള്ളയും നിറമുള്ള ആറ് മുഷ്ടികള്‍ കൈകോര്‍ത്തതിന്റെ നടുവിലായി നക്ഷത്രം ആലേഖനം ചെയ്തതാണ് പാര്‍ട്ടി ചിഹ്നം. ആറ് മുഷ്ടികള്‍ ദക്ഷിണേന്ത്യയിലെ ആറ് സംസ്ഥാനങ്ങളേയും നക്ഷത്രം തമിഴ് ജനതയേയുമാണ് പ്രതിനിധാനം ചെയ്യുന്നത്. അഴിമതി നിറഞ്ഞ ഭരണത്തെ എത്രനാള്‍ സഹിക്കാനാകുമെന്ന് കമല്‍ ഹാസന് ജനങ്ങളോട് ചോദിച്ചു. തമിഴ്നാട്ടിലെ എട്ട് ഗ്രാമങ്ങളെ പാര്‍ട്ടി ദത്തെടുത്തിട്ടുണ്ട്. ജനങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുകയാണ് പരമമായ ലക്ഷ്യം. പണവുമായി വോട്ട് ചോദിച്ച് വരുന്നവരെ ആട്ടിയോടിക്കാനുള്ള ധൈര്യം കാണിക്കണമെന്നും കമല്ഹാസന് പറഞ്ഞു.