ട്വന്റി-20യിലും ഇന്ത്യയ്ക്ക് പരമ്പര നേട്ടം; സ്വന്തം മണ്ണില്‍ നാണിച്ച് തലതാഴ്ത്തി ദക്ഷിണാഫ്രിക്ക

ഏകദിന പരമ്പര നേടിയതിനു പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലും ഇന്ത്യയ്ക്ക് ചരിത്രനേട്ടം. മൂന്ന് മത്സരങ്ങളുള്ള ട്വന്റി-20 പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്നലെ നടന്ന അവസാനത്തേയും മൂന്നാമത്തേയുമായ ടി20 മത്സരത്തില്‍ ഏഴ് റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര നേടിയത്.
ക്യാപ്റ്റന്‍ കോഹ്‌ലി പരിക്കേറ്റ് വിശ്രമത്തിലായിരുന്നതിനാല്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം ഇന്നലെ മത്സരത്തിനിറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സ് വിജയലക്ഷ്യത്തില്‍ നിന്ന് ഏഴ് റണ്‍സ് അകലെ അവസാനിച്ചു. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എടുക്കാനേ ആതിഥേയര്‍ക്ക് സാധിച്ചുള്ളൂ.
ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ ശിഖര്‍ ധവാന്‍ 40 പന്തുകളില്‍ നിന്ന് 47 റണ്‍സ് നേടിയപ്പോള്‍ അഞ്ച് ഫോറുകളും ഒരു സിക്‌സറുമായി അതിവേഗം സ്‌കോര്‍ ഉയര്‍ത്തിയ സുരേഷ് റെയ്‌നയുടെ ഇന്നിംഗ്‌സ് ഇന്ത്യയ്ക്ക് മുതല്‍കൂട്ടായി. വെറും 27 പന്തുകള്‍ നേരിട്ട് 43 റണ്‍സ് അടിച്ചുകൂട്ടിയ സുരേഷ് റെയ്‌നയാണ് കളിയിലെ താരം. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ജൂനിയര്‍ ദാലയാണ് ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചെങ്കിലും അവസാന ഓവറുകളിലെ പ്രകടനം അവരില്‍ നിന്ന് വിജയത്തെ അകറ്റി. 41 പന്തുകളില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ജീന്‍പോള്‍ ഡുമിനി 55 റണ്‍സും ക്രിസ്റ്റീന്‍ ജോങ്കര്‍ 24 പന്തുകളില്‍ നിന്ന് 49 റണ്‍സും നേടി ആതിഥേയര്‍ക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും വിജയത്തിന് ഏഴ് റണ്‍സ് അകലെ അവര്‍ക്ക് പരാജയം സമ്മതിക്കേണ്ടി വരികയായിരുന്നു. നാല് ഓവറുകളില്‍ വെറും 24 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകള്‍ നേടിയ ഭുവനേശ്വര്‍ കുമാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
ട്വന്റി 20 പരമ്പര അവസാനിച്ചതോടെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും തിരശ്ശീല വീണു. ആദ്യം അരങ്ങേറിയ ടെസ്റ്റ് പരമ്പര 2-1 ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയപ്പോള്‍ പിന്നീട് നടന്ന ഏകദിന പരമ്പരയും(5-1) ട്വന്റി 20 പരമ്പരയും(2-1) ഇന്ത്യ സ്വന്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here