കര്‍ദ്ദിനാളിന് ഹൈക്കോടതിയുടെ വിമര്‍ശനം

എറണാങ്കുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇന്ത്യയിലെ ക്രിമിനല്‍ നിയമലംഘനത്തില്‍ പോപ്പിന്റെ സിയമസംഹിതക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് കോടതി പറഞ്ഞു. കാനോന്‍ നിയമങ്ങള്‍ക്ക് സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ മാത്രമാണ് പ്രസ്‌കതിയുള്ളൂവെന്നും കോടതി പറഞ്ഞു. രൂപതയുടെ സ്ഥലം ക്രയവിക്രിയം ചെയ്യുന്നതില്‍ മൂന്നാമതൊരാളുടെ അഭിപ്രായം ആവശ്യമില്ലെന്നും സഭയുടെ സ്വത്തുക്കള്‍ പൊതുസ്വത്തല്ലെന്നും കര്‍ദ്ദിനാള്‍ കോടതിയില്‍ വിശദീകരിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രാജ്യത്തിന്റെ നിയമങ്ങള്‍ സഭയ്ക്കും കര്‍ദ്ദിനാളിനും ഒരുപോലെ ബാധകമാണെന്നും ഹൈക്കോടതി പറഞ്ഞു. സ്വത്ത് വിൽപ്പന പോലുള്ള സിവിൽ നിയമത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളിൽ പോപ്പാണ് തീരുമാനമെടുക്കേണ്ടതെന്ന മാർ ആലഞ്ചേരിയുടെ വാദത്തോട് യോജിപ്പില്ലെന്നും കോടതി വാക്കാൽ പരാമർശിച്ചു.
അതിരുപത ഒരു ട്രസ്റ്റാണെന്ന വാദം കോടതി നിരാകരിച്ചു . സഭയുടെ സ്വത്ത് വിൽക്കാൻ കച്ചേരിയുടെ അനുമതി വേണമെന്ന് ബൈലോയിൽ പറയുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി . സ്വത്ത് വിൽപ്പനയ്ക്ക് ആര്‍ച്ച് ബിഷപ്പ് രണ്ട് കമ്മിറ്റികളുടെ അംഗീകാരം നേടിയിട്ടുണ്ടെന്നും ഹർജി ഭാഗം വാദിച്ചു .
ബിഷപ്പാണ് സ്വത്തിന്റെ അധികാരി എങ്കിൽ ബിഷപ്പ് എന്തിന് കമ്മിറ്റികളുടെ അനുമതി വാങ്ങിയെന്നും കോടതി ആരാഞ്ഞു. സ്വത്ത് വിൽപ്പന സഭയുടെ ആഭ്യന്തര കാര്യമാണെന്നും കേസെടുക്കാനാവില്ലെന്നും മാർ. ആലഞ്ചേരിയുടെ അഭിഭാഷകൻ ബോധിപ്പിച്ചു .
കാനൻ നിയമപ്രകാരമാണ് സഭ ഭരിക്കപ്പെടുന്നത്. കാനൻ നിയമ പ്രകാരം സഭക്ക് ഇന്ത്യയിലെ നിയമങ്ങൾ ബാധകമല്ല . സഭയുടെ ആഭ്യന്തര വിഷയങ്ങളിൽ ലംഘനമുണ്ടായാൽ പോലും ക്രമിനൽ കേസെടുക്കാനാവില്ലന്നും മാർ ആലഞ്ചേരി ബോധിപ്പിച്ചു. സിവിൽ കാര്യങ്ങളിൽ കാനൻ നിയമം ഇന്ത്യയിൽ ബാധകമല്ലെന്ന് ഹൈക്കോടതിയുടെ തന്നെ വിധിയുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേസിൽ തിങ്കളാഴ്ച വാദം കേള്‍ക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here