Advertisement

കൈകളില്ല, പക്ഷേ വിമാനം പറപറപ്പിക്കും; ഇത് ജസീക്ക കോക്സ്

March 8, 2018
Google News 1 minute Read
jaseekka

ദൈവം കൈകൾ നൽകില്ല, പക്ഷേ വിമാനത്തിന്റെ ചിറകാണ് ജസീക്ക!! കൈകളില്ലാതെ ഭൂമിയിൽ ജനിച്ച് വീണ പെൺകുട്ടി, ഇന്നവൾ ലോകത്തെ നെറുകയിലാണ്. ആയിരക്കണക്കിന് പേരെ ആകാശച്ചിറകിലേറ്റി പറപ്പിച്ച്, രാജ്യങ്ങൾ തോറും മോട്ടിവേഷണൽ ക്ലാസുകൾ നയിക്കുന്ന മിടുക്കി. ഇത് ജെസീക്ക കോക്സ്. ലോകം തന്നെ അത്ഭുതത്തോടെയും അഭിമാനത്തോടെയും നോക്കുന്ന വ്യക്തിത്വം. അമേരിക്കയിലെ എരിസോണയിൽ ജനിച്ചു. കൈകളില്ലാതെയാണ് ജസീക്ക ഭൂമിയിലേക്ക് ജനിച്ച് വീണത്, എന്നാൽ അത് ഒരു കുറവല്ല്ല എന്ന് ബോധ്യപ്പെടുത്തിയാണ് ജസീക്കയുടെ മാതാപിതാക്കൾ അവളെ വളർത്തിയത്. പതുക്കെയെങ്കിലും കൈകളില്ലാത്ത വിഷമം അവളുടെ മനസിൽ നിന്ന് പാടെ മാഞ്ഞ് പോയി. കൈകൾ കൊണ്ട് മറ്റ് കുട്ടികൾ ചെയ്യുന്നതെല്ലാം ജെസിക്ക ചെയ്തു, അവരെക്കാൾ കൃത്യമായി, വൃത്തിയായി. ഇടയ്ക്ക് കൃത്രിമ കൈ വച്ചെങ്കിലും ജെസീക്ക അത് ഉപേക്ഷിക്കുകയായിരുന്നു. അസാധാരണമായ ഒരു ആത്മവിശ്വാസമായിരുന്നു ജെസീക്കയുടെ കൈമുതൽ. അതവളെ നിഴലുപോലെ പിന്തുടർന്നു.

ഇന്ന് പൈലറ്റിന്റെ വേഷത്തിൽ കോക്പിറ്റിൽ ഇരിക്കുമ്പോഴും ആ ആത്മവിശ്വാസമാണ് അവളെ മുന്നോട്ട് നയിക്കുന്നത്. ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണിൽ നിന്ന് ആത്മവിശ്വാസമില്ലായ്മയുടെ ഒരു കണികയെങ്കിലും ജെസിക്കയെ വേട്ടയാടിയിരുന്നെങ്കിൽ ജെസീക്ക ഇന്നവിടെവരെ എത്തില്ലായിരുന്നു. പരസഹായമില്ലാത്ത വളർന്ന ബാല്യം തന്നെയാണ് ഇന്ന് ജെസിക്കയുടെ തല ഉയർത്തിപ്പിക്കുന്നത്. ഒരു മിനിട്ടിൽ 25വാക്കുകള്‍ കാലുകൾ കൊണ്ട് ടൈപ്പ് ചെയ്യാൻ ജെസീക്കയ്ക്കാവും. പത്താം ക്ലാസ് മുതൽ കരാട്ടെയും അഭ്യസിച്ച് തുടങ്ങി. പതിനാലാം വയസ്സിൽ ബ്ലാക്ക് ബെൽറ്റ് നേടി, അതും അമേരിക്കൻ തയ്ക്കാണ്ടോ അസോസിയേഷനിൽ നിന്ന്. പിന്നീട് ഡബിൾ ബ്ലാക്ക് ബെൽറ്റും സ്വന്തമാക്കി. ഈ നേട്ടം കൈവരിച്ച കൈകളില്ലാത്ത ആദ്യ വ്യക്തിയായിരുന്നു ജെസിക്ക. പിന്നീട് മനശാസ്ത്രത്തിൽ ബിരുദമെടുത്തു.അരിസോണ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം എടുത്തത്. ഇവിടെ തന്നെ എത്രയോ തവണ മോട്ടിവേറ്റർ സ്പീക്കറായി ജസീക്ക എത്തി.

2005 ൽ അമേരിക്കയിലെ ടക്സൺ എന്ന സ്ഥലത്ത് റോട്ടറി ക്ലബിൽ പ്രസംഗിക്കാൻ പോയതായിരുന്നു ജസീക്കയുടെ ഭാവി മാറ്റിമറിച്ചത്. പ്രസംഗം കേൾക്കാനിടയായ റൈറ്റ് ഫ്ലൈറ്റ് ഇൻകോക എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടർ റോബിൻ സ്റോഡാർ ജസീക്കയോട് ചോദിച്ചു തനിക്ക് വിമാനം പറത്തിക്കൂടെയെന്ന്. ഞാൻ ജീവിതത്തിൽ ഏറ്റവും ഭയക്കുന്ന പണിയാണത് എന്നാണ് ജസീക്ക അതിന് ഉത്തരമായി പറഞ്ഞത്. പക്ഷേ ജസീക്ക ആ വെല്ലുവിളി ഏറ്റെടുക്കാൻ തന്നെ തീരുമാനിച്ച് മുന്നോട്ട് പോയി. വെറും ആറ് മാസം കൊണ്ട് ലൈസൻസ് സ്വന്തമാക്കി. മൂന്ന് വർഷം കൊണ്ട് പരിശീലനവും പൂർത്തിയാക്കി. ആദ്യമായി പൈലറ്റിന്റെ സീറ്റിലിരുന്ന് ഒറ്റയ്ക്ക് വിമാനം പറത്തിയതാണ് എന്റെ ജീവിതത്തിലെ മനോഹരമായ അനുഭൂതി എന്നാണ് ജെസീക്ക പറയുന്നത്.

2008ൽ ലൈറ്റ് വെയ്റ്റ് എയർ ക്രാഫ്റ്റ് ലൈസൻസും ജസീക്ക സ്വന്തമാക്കി. അത് വഴി ഗിന്നസ് ബുക്കിലും ജസീക്ക ഇടം നേടി. ആറ് മണിക്കൂറോളം സമയം തുടർച്ചയായി വിമാനം ഓടിച്ച് പ്രശസ്തിയുടെ നെറുകയിലേക്കും ജസീക്ക പറന്ന് ഇറങ്ങിയിട്ടുണ്ട്. പരിശീലന കാലയളവിൽ മൊത്തം 89മണിക്കൂറാണ് ജെസീക്ക ആകാശത്ത് പറന്ന് നടന്നത്. ഇരുപതോളം രാജ്യങ്ങളിൽ ജസീക്ക പ്രചോദന പ്രസംഗകയായി പോയിട്ടുണ്ട്. തന്റെ അച്ഛനും അമ്മയും തന്നെ ഒരു വിധിയുടെ ബലിമൃഗം ആയി കാണാതെ ജീവിതത്തില്‍ പിന്തുണയാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്ന് ജസീക്ക ഒരോ പ്രസംഗവേദിയിൽ പറയും. തന്നെ തയ്കോണ്ടോ പരിശീലിപ്പിച്ച ഇൻസ്ട്രക്റ്റർ പാട്രിക്കിനെയാണ് ജസീക്ക ജീവിത പങ്കാളിയായി തെരഞ്ഞെടുത്തത്. ചെയ്യാൻ കഴിയില്ല, എന്ന് ഒരിക്കലും ഞാൻ പറയില്ല. അത് ഇത് വരെ ചെയ്യാൻ പറ്റിയില്ല എന്നാണ് ഞാൻ പറയാറ്. നിങ്ങൾക്ക് എന്തും ചെയ്യാനാകുമെന്നുള്ളതിന്റെ തെളിവാണ് ഞാൻ, ജെസീക്ക പറയുന്നു.

Source: Arivukal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here