ചെങ്ങന്നൂരില്‍ ഡി. വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി

ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പില്‍ ഡി. വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫ് ഔദ്യോഗികമായി അംഗീകരിച്ചു. നേരത്തേ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിജയകുമാറിന്റെ പേര് അംഗീകരിച്ചിരുന്നു. നാലര പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായാണ് ഡി. വിജയകുമാര്‍ ജനവിധി തേടുന്നത്. 1991 ലും 2006 ലും ചെങ്ങന്നൂരില്‍ നിന്ന് മത്സരിക്കാനുള്ള അവസരങ്ങള്‍ തൊട്ടടുത്ത് എത്തിയിരുന്നെങ്കിലും അവസാന നിമിഷം അതെല്ലാം കൈവിട്ടു പോകുകയായിരുന്നു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യു പ്രസ്ഥാനത്തിലൂടെയാണ് വിജയകുമാര്‍ രാഷ്ട്രീയത്തിലെത്തിയത്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരുനുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹം പിന്നീട് ഉമ്മന്‍ചാണ്ടിയുമായും നല്ല സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ പ്രതിനിധിയായാണ് വിജയകുമാര്‍ ചെങ്ങന്നൂരില്‍ ജനവിധി തേടുക. ചെങ്ങന്നൂരിലെ വോട്ടര്‍മാരുമായും മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന വിജയകുമാര്‍ ജനവിധിയില്‍ വിജയം നേടുമെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. തന്നില്‍ നിക്ഷിപ്തമായിരിക്കുന്നത് വലിയ കടമയാണെന്നും യുഡിഎഫ് മുന്നണിയെ വിജയത്തിലെത്തിക്കാന്‍ തനിക്ക് കഴിയുമെന്നും ഡി. വിജയകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here