കാര്‍ത്തിക് ‘ട്വിസ്റ്റില്‍’ ത്രിരാഷ്ട്ര കിരീടം ഇന്ത്യക്ക്

ആവേശം അവസാന നിമിഷം വരെ അലതല്ലിയ നിദാഹസ് ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലില്‍ ജയം ഇന്ത്യക്കൊപ്പം. ട്വിസ്റ്റുകളാല്‍ സമ്പന്നമായ മത്സരത്തില്‍ ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞു. ഒടുവില്‍ എല്ലാ ട്വിസ്റ്റുകളും തന്റെ തോളിലേറ്റി ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക് ഇന്ത്യക്ക് നാല് വിക്കറ്റ് വിജയം സമ്മാനിച്ചു. 167 റണ്‍സെന്ന വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. അവസാന പന്തില്‍ 5 റണ്‍സായിരുന്നു ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രിസീല്‍ മനോവിശ്വാസത്തോടെ ബാറ്റ് വീശിയ ദിനേശ് കാര്‍ത്തിക് പന്ത് അതിര്‍ത്തി കടത്തിയതോടെ ഇന്ത്യ വിജയാഘോഷം തുടങ്ങി. കോബ്രാ ഡാന്‍സില്‍ വിജയം ആഘോഷിക്കാന്‍ തയ്യാറെടുത്ത ബംഗ്ലാദേശികള്‍ കൊളംബോയിലെ ക്രിക്കറ്റ് മൈതാനത്ത് പരാജിതരായി തലതാഴ്ത്തി…നിരാശയോടെ തളര്‍ന്നിരുന്നു…ഇന്ത്യ തട്ടിപ്പറിച്ചെടുത്തത് ബംഗ്ലാദേശികള്‍ സ്വപ്‌നം കണ്ട അട്ടിമറി കിരീടനേട്ടം.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി. 50 പന്തുകളില്‍ നിന്ന് 77 റണ്‍സ് നേടിയ സബീര്‍ റഹ്മാനാണ് ബംഗ്ലാദേശിന്റെ സ്‌കോര്‍ ബോര്‍ഡിന് തുണയായത്. ഇന്ത്യക്കു വേണ്ടി യുസ്വേന്ദ്ര ചഹല്‍ 3 വിക്കറ്റും ജയദേവ് ഉനദ്കട്ട് 2 വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ 56 റണ്‍സ് കരുത്തില്‍ മികച്ച മുന്നേറ്റം നടത്തി. മനീഷ് പാണ്ഡെ 28 റണ്‍സും ലോകേഷ് രാഹുല്‍ 24 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍, അവസാന ഓവറുകളില്‍ മത്സരം കൂടുതല്‍ സസ്‌പെന്‍സുകളിലേക്ക് നീങ്ങി. വെറും 8 പന്തുകളില്‍ നിന്ന് 29 റണ്‍സ് അടിച്ചെടുത്ത ദിനേശ് കാര്‍ത്തിക് അവസാന പന്തിലെ സിക്‌സറിലൂടെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here