‘നാടിന് കാവല്‍’ ;കീഴാറ്റൂരിലേക്ക് സിപിഎം റാലി നടത്തും

കീഴാറ്റൂരില്‍ ദേശീയ പാത വേണമെന്ന ആവശ്യവുമായി സിപിഎം രംഗത്ത്. ദേശീയ പാത നിര്‍മ്മാണത്തിനെതിരെ വയല്‍ക്കിളി കൂട്ടായ്മ പ്രക്ഷോഭവുമായി സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് സിപിഎം കീഴാറ്റൂര്‍ ദേശീയപാത വിഷയത്തില്‍ ഇടപെടുന്നത്. ഇതിന്റെ ഭാഗമായി ശനിയാഴ്ച സിപിഎം കീഴാറ്റൂരില്‍ സമരം നടത്തും. ‘നാടിന് കാവല്‍’ എന്ന പേരില്‍ സിപിഎം കീഴാറ്റൂരിലേക്ക് റാലി നടത്താന്‍ തീരുമാനിച്ചു. എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലായിരിക്കും റാലി നടത്തുക. ഞായറാഴ്ച കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ സമരം നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് സിപിഎമ്മിന്റെ ഈ നടപടി. ദേശീയ പാത വരേണ്ടത് നാടിന്റെ ആവശ്യമാണെന്നും, ആകാശത്ത് ഹൈവേ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന സിപിഎം നേതാവ് എം.വി. ഗോവിന്ദന്‍ പറഞ്ഞു. കീഴാറ്റൂര്‍ ദേശീയ പാതക്കെതിരെ സമരം നടത്തുന്ന വയല്‍ക്കിളികള്‍ ന്യൂനപക്ഷമാണെന്നും എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭയില്‍ മുഖ്യമന്ത്രിയും കീഴാറ്റൂര്‍ ദേശീയ പാതയെ അനുകൂലിച്ച് സംസാരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here