കീഴാറ്റൂർ ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് സ്റ്റേ

കീഴാറ്റൂർ ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത സുരേഷും അമ്മ ചന്ദ്രോത്ത് ജാനകിയും സമർപ്പിച്ച റിട്ട് ഹർജിയിലാണ് നടപടി. എന്നാൽ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പടെയുള്ള പ്രവർത്തനങ്ങളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഏറെ വിവാദങ്ങൾക്കിടെയാണ് വയൽക്കിളികൾക്ക് താൽക്കാലികാശ്വാസം നൽകി ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്. വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത സുരേഷും അമ്മ ചന്ദ്രോത്ത് ജാനകിയും സമർപ്പിച്ച റിട്ട് ഹർജിയിൽ ജസ്റ്റിസ് മുഷ്താഖിന്റെ ബെഞ്ചാണ് വാദം കേട്ടത്. കീഴാറ്റൂർ ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് താൽകാലികമായി നിർത്തിവയ്ക്കാൻ കോടതി നിർദ്ദേശിച്ചു. പരിസ്ഥിതി ആഘാത പഠനം നടത്തിയില്ലെന്ന വാദം മുഖവിലയ്‌ക്കെടുത്താണ് നടപടി. കീഴാറ്റൂർ വിഷയത്തിൽ സമരം ചെയ്യുന്ന വയൽക്കിളികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ 13 എതിർ കക്ഷികളാണ് കേസിൽ ഉണ്ടായിരുന്നത്. കീഴാറ്റൂർ ബൈപ്പാസിനെതിരെ നിരവധി രേഖകൾ ഹൈക്കോടതിക്ക് മുൻപിൽ സമർപ്പിച്ചിരുന്നു. തളിപ്പറമ്പു വഴി കടന്നു പോകുന്ന ദേശീയപാതക്ക് കീഴാറ്റൂർ വഴി ബൈപ്പാസ് നിർമിക്കാനുള്ള ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം കീഴാറ്റൂരിൽ വലിയ പ്രക്ഷോഭങ്ങൾക്കും കാരണമായി. വയൽ നഷ്ടപ്പെടുത്തി ബൈപ്പാസ് വേണ്ടെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ വയൽകിളി സമരത്തിന് സിപിഎം ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ ലഭിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here