സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്‌കാരം കെ. മോഹനന്

കേരള സര്‍ക്കാരിന്റെ 2016 ലെ സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്‌ക്കാരത്തിന് ദേശാഭിമാനി മുന്‍ ജനറല്‍ എഡിറ്റര്‍ കെ. മോഹനനെ തെരഞ്ഞെടുത്തു.  ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന, സംസ്ഥാന സര്‍ക്കാരിന്റെ അത്യുന്നത മാധ്യമ പുരസ്‌കാരമാണിത്.  അവാര്‍ഡ് വിവരം മുഖ്യമന്ത്രി പിണറായി വിജയന്‍ കെ. മോഹനനെ ഫോണില്‍ അറിയിച്ചു.  തോമസ് ജേക്കബ്, മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു  എന്നിവരടങ്ങടുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.  നിലപാടുകളില്‍ ഉറച്ച് നിന്നുകൊണ്ട് മലയാള പത്രപ്രവര്‍ത്തനത്തിന് പ്രൊഫഷണല്‍ സ്വഭാവം നല്‍കുന്നതില്‍ മോഹനന്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് ജൂറി വിലയിരുത്തി.  അടിയന്തിരാവസ്ഥയിലെ സെന്‍ഷര്‍ഷിപ്പ് തുടങ്ങിയ നിയന്ത്രണങ്ങളെ അതിജീവിച്ചുകൊണ്ട് രാഷ്ട്രീയ പത്ര പ്രവര്‍ത്തനത്തിന് ജനാധിപത്യപരമായ പുതുമാനം നല്‍കിയ പത്രാധിപരും പത്രപ്രവര്‍ത്തകനും പംക്തികാരനുമാണ് കെ. മോഹനനെന്ന് സമിതി അഭിപ്രായപ്പെട്ടു.  1964 ല്‍ ദേശാഭിമാനിയില്‍ ചേര്‍ന്ന് കര്‍മനിരതമായ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ച കെ. മോഹനന്‍ 1965 ല്‍ തിരുവനന്തപുരം ലേഖകനായി 15 വര്‍ഷം നിയമസഭാ റിപ്പോര്‍ട്ടിംഗ് നടത്തി.  1966 ല്‍ ഇടുക്കി ഡാമിലെ ക്രമക്കേടുകളെപ്പറ്റി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ഭരണതലത്തില്‍ പ്രതികരണം സൃഷ്ടിച്ചു.  അടിയന്തിരാവസ്ഥയിലെ ഫ്രീ സെന്‍ഷര്‍ഷിപ്പിനെ അതിജീവിച്ച് പത്രം പ്രസിദ്ധീകരിക്കുന്നതില്‍ മോഹനന്‍ നല്‍കിയ നേതൃത്വം പത്രലോകം എന്നും സ്മരിക്കുന്നതാണ്.  ശക്തമായ മുഖപ്രസംഗങ്ങളും രാഷട്രീയ നര്‍മം നിറഞ്ഞ തലസ്ഥാനിയുടെ തൂലികയും കെ. മോഹനന്റേതായിരുന്നു.  കേരള മീഡിയ അക്കാദമിയുടെ ചെയര്‍മാനായി രണ്ടു ടേമില്‍ പ്രവര്‍ത്തിച്ചു.  തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡ് സമ്മാനിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top