കീഴാറ്റൂര്‍ സമരം കോണ്‍ഗ്രസുകാരുടെ സൃഷ്ടി; മന്ത്രി ജി. സുധാകരന്‍

കീഴാറ്റൂര്‍ സമരം കോണ്‍ഗ്രസുകാരുടെ സൃഷ്ടിയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കീഴാറ്റൂരില്‍ യാതൊരു പ്രശ്‌നങ്ങളും നിലവില്‍ ഇല്ല. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് ചില രാഷ്ട്രീയക്കാരാണ്. കോണ്‍ഗ്രസിന്റെ കണ്ണൂര്‍ സമരമാണ് കീഴാറ്റൂരില്‍ നടക്കുന്നതെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. വി.എം. സുധീരനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വസ്തുതകള്‍ മനസിലാക്കാതെ കീഴാറ്റൂര്‍ സമരത്തെ അനുകൂലിക്കുന്നത് അങ്ങേയറ്റം മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. സിപിഎമ്മില്‍ കീഴാറ്റൂരിനെ കുറിച്ച് അഭിപ്രായ ഭിന്നതകളില്ല. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് മറ്റ് ചിലര്‍ ചേര്‍ന്നാണ്. 60 പേരില്‍ 56 പേരുടെ അനുമതിയും ബൈപ്പാസിന് വേണ്ടി ലഭിച്ചിട്ടുണ്ട്. നാഷ്ണല്‍ ഹൈവേ കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച പോലെയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച അലൈന്‍മെന്റ് നടപ്പിലാക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തുള്ള അലൈന്‍മെന്റാണ് ഇത്. അന്നൊന്നും ഇല്ലാത്ത വിവാദങ്ങളാണ് കോണ്‍ഗ്രസ് ഇന്ന് കീഴാറ്റൂരില്‍ സൃഷ്ടിക്കുന്നത്. സമരം നടത്തുന്നവര്‍ക്ക് വ്യക്തമായ ബദല്‍ മാര്‍ഗം പോലും നിര്‍ദ്ദേശിക്കാന്‍ കഴിയുന്നില്ല. വ്യക്തമായ രാഷ്ടട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചാണ് പലരും കീഴാറ്റൂരിലേക്ക് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here