Advertisement

ബിജെപിയുടെ അഴിമതിയും കള്ളക്കളികളും തുറന്നുകാട്ടിയതിന് 3 മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തി

March 27, 2018
Google News 1 minute Read
three journalists killed for gving news against BJP

ബിജെപി-മണൽമാഫിയ-പോലീസ് അവിശുദ്ധ ബന്ധം തുറന്നുകാട്ടിയതിൻറെ പേരിൽ മൂന്ന് മാധ്യമ പ്രവർത്തകരെ കൊലപ്പെടുത്തി. മധ്യപ്രദേശിലും ബിഹാറിലുമാണ് കൊലപാതകം നടന്നത്.

മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ വാർത്താചാനൽ റിപ്പോർട്ടർ സന്ദീപ് ശർമയെ (35) ട്രക്കിടിച്ചും ബിഹാറിലെ ഭോജ്പൂരിൽ പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കറിലെ മാധ്യമപവർത്തകരായ നവീൻ നിശ്ചൽ, വിജയ് സിങ് എന്നിവരെ ബൈക്കിൽ കാർ കയറ്റിയുമാണ് കൊലപ്പെടുത്തിയത്.

ബിജെപി നേതൃത്വവുമായി ബന്ധമുള്ള മണൽമാഫിയപൊലീസ് അവിശുദ്ധ ബന്ധം തുറന്നുകാട്ടിയതിനാണ് മധ്യപ്രദേശിലെ കോട്വാലിയിൽ സന്ദീപ് ശർമയെ (35) മണൽ മാഫിയാസംഘം ട്രക്ക് കയറ്റി കൊന്നത്.

തനിക്കെതിരെ മണൽ മാഫിയയുടെയും പൊലീസിന്റെയും വധഭീഷണിയുണ്ടെന്ന് കാട്ടി സന്ദീപ്ശർമ ഉന്നത പൊലീസുദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി, സംസ്ഥാന മനുഷ്യാവകാശകമീഷൻ എന്നിവർക്കും പരാതി നൽകിയിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സന്ദീപ് ശർമ ഇരുന്ന ബൈക്കിൽ ട്രക്ക് മനഃപൂർവം ഇടിച്ചുകയറ്റുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ ഭിന്ദ് പൊലീസ് കേസെടുത്തു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി എസ്പി പ്രശാന്ത് ഖേരെ പറഞ്ഞു.

വില്ലേജ് കൗൺസിൽ മേധാവിക്കെതിരെ വാർത്ത കൊടുത്തതിനാണ് ദൈനിക് ഭാസ്‌കറിലെ നവീൻ നിശ്ചൽ, വിജയ് സിങ് എന്നിവരെ കൊലപ്പെടുത്തിയത്. ഭോജ്പൂരിലെ നഹ്‌സി വില്ലേജിലെ മുൻ മേധാവി സഹീദ പർവീണും പഞ്ചായത്ത് മുൻ മുഖ്യൻ കൂടിയായ ഭർത്താവ് അഹമദ് അലി എന്ന ഹർസുവും നടത്തുന്ന അനധികൃത ഇടപാടുകൾ നിശ്ചൽ പുറത്തുകൊണ്ടുവന്നിരുന്നു.

ഇതിലുള്ള വൈരാഗ്യത്തെതുടർന്നാണ് ഹർസു മാധ്യമപ്രവർത്തകർ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചുകയറ്റിയത്. ഞായറാഴ്ച രാത്രി ഇരുവരും വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. തെറിച്ചുവീണ ഇവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹർസുവാണ് അപകടമുണ്ടാക്കിയ വാഹനമോടിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. തെളിവ് നശിപ്പിക്കാൻ വാഹനം കത്തിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here