സിഐഡി എസ്കേപ്‍ഡ്; കൊല്ലം അജിത്ത് വില്ലന്‍ മാത്രമായിരുന്നില്ല

സിഐഡിമാരെ പേടിച്ച് അനന്തന്‍ നമ്പ്യാരുടെ ഒപ്പം ഓടിയൊളിച്ചിരുന്ന രണ്ട്  ശിങ്കിടികളിലൊരാളായിട്ടാണ് പഴയകാലത്തെ കൊല്ലം അജിത്തിനെ ഒാര്‍മ്മവരിക. അന്ന് അജിത്തിനൊപ്പം ഉണ്ടായിരുന്നതും കൊല്ലം സ്വദേശി തന്നെ, കുണ്ടറ ജോണി. തിലകനൊപ്പം മണ്ടത്തരത്തില്‍ നിന്ന് മണ്ടരത്തരത്തിലേക്ക് കുതിച്ച് ചാടി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുമ്പോഴും കൊല്ലം അജിത്ത് വില്ലന്‍ തന്നെയായിരുന്നു. ഒരു ഡയലോഗ് പോലും പറയാതെ പ്രേക്ഷകരെ ചിരിപ്പിച്ച് കൊന്ന വില്ലന്‍.

രൂപം കൊണ്ടാവും അഭിനയിച്ച ചിത്രങ്ങളില്ലെല്ലാം വില്ലനായാണ് അജിത്ത് എത്തിയത്. എന്നാല്‍ ഏതൊരു നായകനേക്കാള്‍ തെളിമയാര്‍ന്ന ഹൃദയത്തിന് ഉടമയായിരുന്നു അജിത്ത്. സിനിമയെന്ന മായിക ലോകത്ത് സംവിധായക വേഷം കൂടിയണിഞ്ഞ അജിത്തിന് സിനിമ കടമല്ലാതെ മറ്റൊന്നും നേടിക്കൊടുത്തില്ലെന്നതാണ് സത്യം. മൂന്ന് സിനിമകളാണ് അജിത്ത് സംവിധാനം ചെയ്തത്.   സെന്‍സര്‍ബോര്‍ഡിന്റെ നോട്ടത്തില്‍ അതിലൊന്ന് തീയറ്റര്‍ പോലും കാണാതെ പോയി. പകല്‍പോലെ എന്ന അജിത്തിന്റെ ചിത്രത്തിന് മേല്‍ മാത്രമല്ല സ്വപ്നങ്ങള്‍ക്കുമേല്‍ കൂടിയായിരുന്നു സെന്‍സര്‍ ബോര്‍ഡ് കത്തി വച്ചത്. സെന്‍സര്‍ ബോര്‍ഡുമായി ഇടഞ്ഞ അജിത്ത് കേരളത്തില്‍ ഉടനീളം ചിത്രം പ്രദര്‍ശിപ്പിക്കാനായി നടന്നു, അതും ഒറ്റയ്ക്ക്. അതുംഫലപ്രദമായില്ല. വളരെ ചുരുക്കം പേരാണ് ആ ചിത്രം കണ്ടത്. കോളിങ് ബെൽ, ഒരു കടലിനും അപ്പുറം എന്നീ രണ്ട് ചിത്രങ്ങള്‍ കൂടി അജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങി. താര നിരയോ കണ്ണഞ്ചിപ്പിക്കുന്ന സെറ്റോ പണത്തിന്റെ പള പളപ്പോ ഇല്ലാതെ സാധാരണമായ കഥയാണ് അജിത് പറഞ്ഞത്. സിനിമയുടെ മായികലോകത്തില്‍പ്പെട്ട പ്രേക്ഷകര്‍ക്കും ഈ ചിത്രങ്ങളെയോ അതിന്റെ പിന്നിലെ ഈ ഒറ്റയാള്‍ പോരാട്ടത്തെയോ തിരിച്ചറിയാനായില്ല. സാമ്പത്തിക ബുദ്ധി മുട്ട് സ്വന്തം ജീവിതത്തില്‍ വില്ലന്റെ വേഷം കെട്ടിയപ്പോള്‍ ബിഗ് സ്ക്രീനില്‍ നിന്ന്  മിനി സ്ക്രീനിലേക്ക് അജിത്ത് ചുവട് മാറ്റി.

ഈ മനുഷ്യന് സ്ക്രീനിന് മുന്നിലായിരുന്നു പകയും ദേഷ്യവും വില്ലത്തരവും. ജീവിതത്തില്‍ വെറും പച്ചയായ ഒരു മനുഷ്യനായിരുന്നു അജിത്ത്. റോളുകള്‍ക്കായി പിന്നാമ്പുറത്ത് തിരക്കഥ രചിക്കാനോ, മുഖസ്തുതി പാടാനോ പോയില്ല. തന്നെ തേടിയെത്തുന്ന റോളുകള്‍ വൃത്തിയായി ചെയ്തു.
പത്മരാജന്റെ സഹായിയായാണ് അജിത്ത് സിനിമാ രംഗത്ത് എത്തുന്നത്. കൊല്ലം കടപ്പാക്കടയിലെ സ്റ്റേഷന്‍ മാസ്റ്ററുടെ മകനായി ജനിച്ച അജിത്തിന് സിനിമയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. സിനിമാ പാരമ്പര്യം ഒരു പൊടിയ്ക്ക് പോലും അവകാശപ്പെടാനില്ലാതെ സിനിമയില്‍ ഇത്രയും കൊല്ലം പിടിച്ച് നിന്ന താരങ്ങള്‍ വിരളമാണ്.

1983ല്‍ പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തിലാണ് ആദ്യം മുഖം കാണിക്കുന്നത്. പിന്നീട് പത്മരാജന്‍ സിനിമകളില്‍ വലുതും ചെറുതുമായി നിരവധി വേഷങ്ങള്‍ ചെയ്തു. അഞ്ഞൂറോളം ചിത്രങ്ങളില്‍ പലഭാഷകളിലായി അഭിനയിച്ചു. നായകന്റെ അടി വാങ്ങി മടങ്ങുന്ന വില്ലന്‍ വേഷത്തില്‍ നിന്ന് മാറി ഒരു മുഴുനീളെ വേഷം ചെയ്തത് 1989ല്‍ ഇറങ്ങിയ അഗ്നിപ്രവേശം എന്ന ചിത്രത്തിലായിരുന്നു .2012ല്‍ പുറത്തിറങ്ങിയ ഇവന്‍ അര്‍ദ്ധനാരി എന്ന ചിത്രമാണ് കൊല്ലം അജിത്തിന്റെതായി അവസാനമായി തീയറ്ററുകളില്‍ എത്തിയ ചിത്രം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top