‘പരോളി’ന്റെ നിറം കട്ടച്ചുവപ്പല്ല

ഉന്മേഷ് ശിവരാമൻ
കമ്യൂണിസം പശ്ചാത്തലമാക്കി വൈയക്തിക സംഘര്‍ഷങ്ങള്‍ അവതരിപ്പിക്കുന്ന സിനിമയാണ് ‘പരോള്‍’. മമ്മൂട്ടിയുടെ താരസ്വരൂപത്തിന്റെ മിന്നലാട്ടങ്ങള്‍ ആദ്യ പകുതിയിലുണ്ട്. രണ്ടാം പകുതിയില്‍ താരം മണ്ണിലേക്ക് ഇറങ്ങുകയാണ്. ജീവിതസംഘര്‍ഷങ്ങളില്‍ ഉഴലുന്ന സാധാരണക്കാരനെന്ന പ്രതീതി ജനിപ്പിക്കാന്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന് കഴിയുന്നുണ്ട്. അവിടെയും, ചെയ്യാത്ത തെറ്റിന് ജയില്‍ശിക്ഷ അനുഭവിക്കുന്ന നായകനെന്ന താരസമവാക്യത്തിലാണ് സിനിമയുടെ നില്‍പ്പ്. കമ്യൂണിസത്തില്‍ തുടങ്ങി ജയില്‍ ജീവിതത്തിന്റെ കാത്തിരിപ്പിലാണ് ‘പരോള്‍’ അവസാനിക്കുന്നത്.
കുടിയേറ്റവും കമ്യൂണിസവും
മലയോര മേഖലയിലേക്ക് കുടിയേറ്റം വ്യാപകമായ കാലമാണ് സിനിമയുടെ തുടക്കത്തിലെ പ്രമേയകാലം. മാട്ടുക്കട്ട സദാശിവന്‍ എന്ന ജന്‍മിയെ വെല്ലുവിളിച്ച് മലയോരഗ്രാമത്തില്‍ ആദ്യം ചെങ്കൊടി ഉയര്‍ത്തുന്നത് പുല്ലാങ്കുന്നേല്‍ ഫിലിപ്പോസ് ആണ്(മമ്മൂട്ടിയുടെ അച്ഛന്‍ കഥാപാത്രം).കാട്ടുമൃഗങ്ങളെയും ജന്മിത്വത്തെയും വെല്ലുവിളിക്കുന്ന അച്ഛനെ കണ്ടാണ് അലക്‌സ്(മമ്മൂട്ടി) വളരുന്നത്.
കമ്യൂണിസ്റ്റുകാരനായ അച്ഛനെപ്പോലെ അലക്‌സും കമ്യൂണിസ്റ്റുകാരനായി.കര്‍ഷകര്‍ക്ക് തുച്ഛവില നല്‍കുന്ന ചൂഷകരെ മാറ്റിനിര്‍ത്തി കാര്‍ഷികവിഭവങ്ങള്‍ ശേഖരിച്ചുവിറ്റ് നല്ല വില ലഭ്യമാക്കുക,ചൂഷക മുതലാളിത്തത്തെ വെല്ലുവിളിക്കുക,മണ്ണില്‍ പണിയെടുക്കുക എന്നിങ്ങനെ കമ്യൂണിസ്റ്റു സ്വഭാവത്തിലൂടെയാണ് അലക്‌സിന്റെ കഥാപാത്രം സിനിമയുടെ ആദ്യ പകുതിയില്‍ നിറയുന്നത്.
കമ്യൂണിസം പ്രമേയമാക്കുന്ന സിനിമകളില്‍ സാധാരണ കാണുന്ന ഒരു വിപ്ലവഗാനം ‘പരോളി’ലുമുണ്ട്. പക്ഷേ, പ്രേക്ഷകരില്‍ ഒട്ടും ആവേശമുണ്ടാക്കാന്‍ ആ ഗാനത്തിന് കഴിയുന്നില്ല എന്നതാണ് തിയേറ്റര്‍ അനുഭവം.
ആ ഗാനദൃശ്യങ്ങളിലെ മുദ്രാവാക്യം വിളികളാകട്ടെ അസഹനീയവുമാണ്. മുഷ്ടി ചുരുട്ടി ആവേശത്തോടെ ‘ഈങ്ക്വിലാബ് സിന്ദാബാദ്’ എന്നു വിളിച്ചിട്ടുള്ളവര്‍ക്ക് സിനിമയ്ക്കായി പരുവപ്പെടുത്തിയ ആ ‘കോറസ് ശൈലി’ അത്ര രസിച്ചെന്നുവരില്ല. മുദ്യാവാക്യത്തിന്റെ ഈ കച്ചവടവത്കരണം നീതീകരിക്കാവുന്നതല്ല.
വ്യക്തിബന്ധങ്ങള്‍ നിറയുന്ന പരോള്‍
വ്യക്തി ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കമ്യൂണിസ്റ്റാണ് സഖാവ് അലക്‌സ്. പക്ഷേ, സ്വന്തം ഭാര്യയ്ക്കും മകനുമെന്നതിനപ്പുറം, സഹോദരിക്കാണ് അയാള്‍ പ്രാമുഖ്യം നല്‍കുന്നത്. ഭാര്യ(ഇനിയയുടെ കഥാപാത്രം) അത് ഇടയ്ക്കിടെ പറയാറുമുണ്ട്. സഹോദരിയുടെ ഭര്‍ത്താവിന് കാനഡയില്‍ പോകാനും അയാളെ കഞ്ചാവുകേസില്‍ പിടിക്കുമ്പോള്‍ കൈക്കൂലി കൊടുക്കാനും അലക്‌സിനെ പ്രേരിപ്പിക്കുന്നത് അളവറ്റ സഹോദരീ സ്‌നേഹം തന്നെയാണ്. ഭാര്യയുടെ മരണത്തിന് കാരണമാകുന്നതും ഈ സ്‌നേഹാധിക്യമാണെന്ന് ദൃശ്യങ്ങള്‍ പറയുന്നു.
ആദര്‍ശവാനായ അലക്‌സ് എന്ന കമ്യൂണിസ്റ്റുകാരന്‍ വനപാലകര്‍ക്ക് കൈക്കൂലി നല്‍കുന്നത് സഹോദരിയെ മാത്രം ഓര്‍ത്താണ്. കര്‍ഷകസംഘത്തിന്റെ പണമാണ് അയാള്‍ വകമാറ്റുന്നത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ലെന്ന് അയാള്‍ തന്നെ പറയുന്ന ആ പണം, രണ്ടാമതൊന്ന് ആലോചിക്കാതെ സഹോദരീ സ്‌നേഹത്തെ മുന്‍നിര്‍ത്തി വകമാറ്റുകയാണ് അലക്‌സെന്ന കമ്യൂണിസ്റ്റുകാരന്‍. കമ്യൂണിസത്തിനും ആദര്‍ശത്തിനുമപ്പുറം വ്യക്തിപരതയെ പ്രതിഷ്ഠിക്കുകയാണ് ഇവിടെ സിനിമ.
അലക്‌സിന്റെ നീതിയും നിയമവും
പരോള്‍ ലഭിച്ച് പുറത്തിറങ്ങുമ്പോഴാണ് തന്റെ മകന്റെ വഴിവിട്ട സഞ്ചാരത്തെ കുറിച്ച് അലക്‌സ് അറിയുന്നത്. കഞ്ചാവിന് അടിമയാണ് മകനെന്ന് അയാള്‍ തിരിച്ചറിയുന്നു. ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ രണ്ടുപേരില്‍ ഒരാള്‍ സ്വന്തം മകനാണെന്ന് അറിയുമ്പോള്‍ അവനെ നിയമത്തിന് വിട്ടുകൊടുക്കാനല്ല അലക്‌സ് ശ്രമിക്കുന്നത്. മകനെ നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷിക്കണം എന്ന നീതിശാസ്ത്രമാണ് അലക്‌സിന്റേത്.
മക്കള്‍ വഴിതെറ്റുമ്പോള്‍ മാതാപിതാക്കള്‍ക്ക് അവരെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയുമെന്ന വ്യക്തിബോധമാണ് സിനിമയുടെ യുക്തി.
മകനെ രക്ഷിച്ച് അവനുവേണ്ടി ജയില്‍ശിക്ഷയിലേക്ക് മടങ്ങുകയാണ് അലക്‌സ് എന്ന അച്ഛന്‍.
സിനിമയിലെ ഇടുക്കി
ഇടുക്കിയെ പ്രമേയപരിസരമാക്കിയ സിനിമകളില്‍ കുടിയേറ്റവും കാര്‍ഷികജീവിതവുമുണ്ട്. നന്‍മ നിറഞ്ഞ ഒരുപാടു സാധാരണക്കാരും അത്തരം സിനിമകളില്‍ കഥാപാത്രങ്ങളായി. ‘പരോളി’ല്‍ കഞ്ചാവിന്റെ ഇടമായി കൂടി ഹൈറേഞ്ചിനെ പറഞ്ഞുവെയ്ക്കുന്നു.
ഇടുക്കിയില്‍ നിന്ന് കഞ്ചാവുതോട്ടങ്ങള്‍ അപ്രത്യക്ഷമായിട്ട് ഏറെകാലമായി. എന്നിട്ടും, ഇടുക്കിയെന്നാല്‍ കഞ്ചാവുനാടെന്ന പഴമയിലാണ് ‘പരോള്‍’ കഥ പറയുന്നത്.
ഇടുക്കിയുടെ ദൃശ്യഭംഗി ഒപ്പിയെടുക്കുന്നതില്‍ സിനിമ വിജയിച്ചു. ഹെലിക്യാം ദൃശ്യങ്ങള്‍ ആ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നുണ്ട്.
സഖാവ് അബ്ദുവായി സിദ്ദിഖ് മികച്ച പ്രകടനം നടത്തുന്നു. ഇനിയയുടെ അഭിനയവും മികച്ചത് തന്നെ.ലാലു അലക്‌സ്,അലന്‍സിയര്‍,സുരാജ് വെഞ്ഞാറമ്മൂട്,സുധീര്‍ കരമന,ഇര്‍ഷാദ്,മിയ ജോര്‍ജ്ജ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍.നവാഗതനായ ശരത് സന്ദിത്താണ് ‘പരോളി’ന്റെ സംവിധായകന്‍.ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഗാനങ്ങളൊന്നും സിനിമയിലില്ല താനും. അല്‍പ്പമെങ്കിലും ഭേദം സിനിമയിലുള്ള ഒരു അറബി ഗാനമാണ്.
നായക ഹീറോയിസത്തിന്റെ മിന്നലാട്ടങ്ങള്‍ നിറയുന്ന ഒരു ശരാശരി മമ്മൂട്ടി ചിത്രം മാത്രമാണ് ‘പരോള്‍’
parole mammootty movie review
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here