‘പെയ്‌സ്,നിങ്ങള്‍ മുത്താണ്’; പ്രായം തളര്‍ത്താത്ത റെക്കോര്‍ഡ് തിളക്കത്തില്‍ ഇന്ത്യന്‍ താരം

paes

ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പെയ്‌സിന് ലോകറെക്കോര്‍ഡ്. ഡേവിസ് കപ്പിലെ ഡബിള്‍സ് പോരാട്ടത്തില്‍ വിജയം നേടിയതോടെയാണ് 44-കാരനായ ലിയാന്‍ഡര്‍ പെയ്‌സ് റെക്കോര്‍ഡ് താളുകളില്‍ ഇടംപിടിച്ചത്. ഡേവിസ് കപ്പിലെ 43-ാം ഡബിള്‍സ് വിജയമാണ് ഇന്ന് പെയ്‌സ് നേടിയത്. ഇതോടെ 42 വിജയങ്ങള്‍ സ്വന്തം പേരിലുള്ള ഇറ്റാലിയന്‍ താരം നിക്കോള പിയെട്രാഗെലിയുടെ റെക്കോര്‍ഡാണ് ലിയാന്‍ഡര്‍ പെയ്‌സ് മറികടന്നത്. ഡേവിസ് കപ്പ് ഏഷ്യ ഓഷ്യാനിയ മേഖലാ ഗ്രൂപ്പ് ഒന്ന് ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്‌സ്-രോഹന്‍ ബോപ്പണ്ണ സഖ്യം വിജയം നേടിയതോടെയാണ് ലോക റെക്കോര്‍ഡ് ലിയാന്‍ഡര്‍ പെയ്‌സിലേക്ക് എത്തിയത്.

1990ലാണ് പെയ്‌സ് ആദ്യത്തെ ഡേവിസ് കപ്പ് മത്സരത്തില്‍ പങ്കെടുക്കുന്നത്. അന്ന് സീഷന്‍ അലിക്കൊപ്പമായിരുന്നു പെയ്‌സ് കളത്തിലിറങ്ങിയത്. പിന്നീട്, മഹേഷ് ഭൂപതിക്കൊപ്പം മികച്ച നേട്ടങ്ങളാണ് ലിയാന്‍ഡര്‍ സ്വന്തം പേരില്‍ കുറിച്ചത്. പെയ്‌സിനൊപ്പം കളത്തിലിറങ്ങില്ലെന്ന് നേരത്തേ തന്നെ ബൊപ്പണ്ണ അറിയിച്ചിരുന്നെങ്കിലും പരസ്പരമുള്ള വൈരാഗ്യവും പിണക്കവും മറന്ന് ഇരുതാരങ്ങളും ഇന്ന് കോര്‍ട്ടിലെത്തി. പെയ്‌സിനൊപ്പം മികച്ച പോരാട്ടമാണ് ബൊപ്പണ്ണ ഇന്ന് നടത്തിയത്.

റെക്കോര്‍ഡ് നേട്ടത്തിലെത്തിയ പെയ്‌സിനെ സച്ചിന്‍ ടെന്‍ഡുല്‍ക്കറടക്കമുള്ള താരങ്ങള്‍ അഭിനന്ദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top