പ്രതിഷേധം ഐപിഎല്‍ വേദിയിലേക്കും അലയടിക്കണമെന്ന് രജനീകാന്ത്

Kaveri issue

കാവേരി നദീജല വിഷയത്തില്‍ കൂടുതല്‍ രൂക്ഷമായി പ്രതിഷേധിക്കണമെന്ന് തമിഴ്‌നടന്‍ രജനീകാന്ത്. തമിഴ്‌നാട്ടില്‍ ഐപിഎല്‍ കളിക്കാനുള്ള സമയമല്ല ഇത്. നാട്ടിലെ കര്‍ഷക ജനങ്ങള്‍ വെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്. ഈ അവസരത്തില്‍ പ്രതിഷേധം ആളികത്തണം. കാവേരി പ്രശ്‌നത്തിലെ പ്രതിഷേധം ഐപിഎല്‍ വേദിയിലും പ്രകടമാകണമെന്ന് രജനീകാന്ത് കൂട്ടിച്ചേര്‍ത്തു. ചെന്നൈ താരങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് കളത്തിലിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഏപ്രില്‍ 10ന് ചെപ്പോക്ക് എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ചെന്നൈയിലെ ആദ്യ ഐപിഎല്‍ മത്സരം നടക്കേണ്ടത്. ഏപ്രില്‍ ഏഴ് ശനിയാഴ്ച മുതല്‍ ആരംഭിച്ച ഐപിഎല്‍ മത്സരങ്ങള്‍ മെയ് 20 വരെ നീണ്ടുനില്‍ക്കുന്നതാണ്. ഇതിനിടയില്‍ തമിഴ്‌നാട്ടില്‍ ഉടലെടുത്തിരിക്കുന്ന കാവേരി നദീജല തര്‍ക്കം ഐപിഎല്ലിന്റെ നടത്തിപ്പിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ബിസിസിഐ. ചെന്നൈയില്‍ ഏഴ് മത്സരങ്ങളാണ് ഇത്തവണ നടക്കേണ്ടത്. തമിഴ്‌നാട്ടില്‍ പ്രതിഷേധം രൂക്ഷമായാല്‍ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്തുന്നത് ബുദ്ധിമുട്ടേറിയ വിഷയമാകും.

വള്ളുവര്‍ കോട്ടത്തില്‍ കാവേരി വിഷയത്തില്‍ പ്രതിഷേധിച്ച് തമിഴ് ചലച്ചിത്ര താരസംഘടനയായ നടികര്‍ സംഘം നടത്തുന്ന ഉപവാസ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രജനീകാന്ത്. കമല്‍ഹാസന്‍, സൂര്യ, വിജയ്, വിശാല്‍, സത്യരാജ്, വിവേക്, ധനുഷ്, ശിവകാര്‍ത്തികേയന്‍ തുടങ്ങി നിരവധി താരങ്ങളാണ് വള്ളുവര്‍ കോട്ടത്തില്‍ നടക്കുന്ന ഉപവാസ സമരത്തില്‍ പങ്കെടുക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top