‘ബിഗ് ബി സിനിമയിലെ ആ ഡയലോഗ് ശരിയല്ല’; വിമര്‍ശനവുമായി സംവിധായകന്‍ കമല്‍

2007ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ മികച്ച സ്റ്റെലിഷ് ചിത്രങ്ങളിലൊന്നായ മമ്മൂട്ടിയുടെ ബിഗ് ബിയിലെ ഒരു ഡയലോഗിനെ വിമര്‍ശിച്ച് സംവിധായകന്‍ കമല്‍ രംഗത്ത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ‘കൊച്ചി, പഴയ കൊച്ചിയല്ലെന്നറിയാം. പക്ഷേ, ബിലാല്‍ പഴയ ബിലാല്‍ തന്നെയാണ്’…എന്ന സൂപ്പര്‍ഹിറ്റ് ഡയലോഗിനെയാണ് കമല്‍ വിമര്‍ശിച്ചിരിക്കുന്നത്. സിനിമ പുറത്തിറങ്ങി 11 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്. ചിത്രത്തിലെ കൊച്ചിയെ കുറിച്ചുള്ള ആ ഡയലോഗ് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് കമല്‍ പറഞ്ഞു. പുതിയ തലമുറയെ കൊച്ചിയെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് ആ ഓരൊറ്റ ഡയലോഗിലൂടെ. കൊച്ചിയെ കുറിച്ച് ഒരു നെഗറ്റീവ് ഇംപാക്ട് യുവാക്കള്‍ക്കിടയില്‍ ആ ഡയലോഗ് വഴി ഉടലെടുത്തുവെന്നാണ് കമലിന്റെ വിമര്‍ശനം.

‘തന്റെ ഗ്രാമഫോണ്‍ എന്ന സിനിമയുടെ ചിത്രീകരണം കൊച്ചി-മട്ടാഞ്ചേരിയില്‍ നടത്തുന്നതിനെ അന്ന് പലരും നിരുത്സാഹപ്പെടുത്തിയിരുന്നു. പക്ഷേ, മട്ടാഞ്ചേരിക്കാര്‍ ഞാനുമായി സഹകരിച്ചു. പിന്നീട്, ചിത്രം കണ്ടവര്‍ ഗ്രാമഫോണ്‍ തങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന സിനിമയാണെന്ന്  പറഞ്ഞു. അത് ചിത്രത്തിന്റെ മഹത്വം കൊണ്ടല്ല, മറിച്ച് ക്വട്ടേഷന്‍ സംഘത്തെ കാണാത്ത മട്ടാഞ്ചേരിയെ ചിത്രീകരിച്ചതിനാലാണെന്നും അവര്‍ പറഞ്ഞു’.

ഫോര്‍ട്ട് കൊച്ചിയിലെ ഇസ്ലാമിക് ഹെറിറ്റേജ് സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു സംവിധായകന്‍ കമല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top