‘താരമല്ല, അഭിനേതാവാണ് ഞാന്‍’; ഫഹദ്, നിങ്ങളാണ് ഞങ്ങ പറഞ്ഞ നടന്‍!!!

നെല്‍വിന്‍ വില്‍സണ്‍
സൂപ്പര്‍താര പരിവേഷങ്ങള്‍ കൊടികുത്തി വാഴുന്ന മലയാള സിനിമ വ്യവസായം. താരപരിവേഷങ്ങള്‍ ഇല്ലാതെ തിയറ്ററുകളില്‍ ആളെ നിറക്കാന്‍ കഴിയാത്ത അവസ്ഥ. അതിനിടയിലാണ് ഫഹദ് ഫാസില്‍ മലയാള സിനിമയിലെത്തുന്നത്. മീശ പിരിച്ചും മുണ്ട് മടക്കി കുത്തിയും സീന്‍ ബൈ സീന്‍ കൂളിംഗ് ഗ്ലാസ് മാറ്റി വെച്ചും അതുമല്ലെങ്കില്‍ നെടുനീളന്‍ സംഭാഷണങ്ങള്‍ കൊണ്ട് ആരാധകരെ കൈയ്യിലെടുത്തും സംവിധായകര്‍ നായക പരിവേഷങ്ങളെ വാര്‍ത്തെടുത്തപ്പോള്‍ ഫഹദ് വേറിട്ട പാതയില്‍ സഞ്ചരിക്കാന്‍ ആഗ്രഹിച്ചു. അന്ന് വേറിട്ട പാതയില്‍ സഞ്ചരിച്ചതിനാല്‍ അയാള്‍ ഇന്ന് ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഫഹദ് ഫാസില്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്.
മികച്ച നടനാകണമെന്നായിരുന്നു ഫഹദ് എന്നും ആഗ്രഹിച്ചിരുന്നത്. അതിനുമപ്പുറം ഒരു നായകപരിവേഷത്തില്‍ എന്നും അഭിരമിക്കണമെന്നും, തന്നെ ആരാധകര്‍ വാനോളം പുകഴ്ത്തണമെന്നും അയാള്‍ ആഗ്രഹിച്ചിട്ടില്ല. നല്ല കഥാപാത്രങ്ങളെ തേടിയുള്ള യാത്രയായിരുന്നു ഫഹദ് സിനിമയിലെത്തിയ നാള്‍ മുതല്‍ നടത്തിയത്. അതില്‍ അയാള്‍ വില്ലനായി, നായകനായി, സഹനടനായി…അതിലൊന്നും പരാതിയില്ല, പരിഭവമില്ല. കാരണം, അത്തരം കഥാപാത്രങ്ങളിലൂടെയായിരുന്നു തന്റെതായ ഒരിടം മലയാള സിനിമയില്‍ ഫഹദ് ഫാസില്‍ സ്വന്തമാക്കിയത്.
അഭിനയത്തിന് പ്രാധാന്യമുള്ള നല്ല ചിത്രങ്ങള്‍ തിരഞ്ഞെടുക്കുക, കഥാപാത്രം എങ്ങനെയുള്ളതാണെങ്കിലും തന്റേതായ ഒരു സ്‌പേസ് അതില്‍ കണ്ടെത്താന്‍ കഴിയുമെങ്കില്‍ എത്ര കഷ്ടപ്പെട്ടും അത്തരം കഥാപാത്രങ്ങളുമായി മുന്നോട്ട് പോകുക എന്നതാണ് സിനിമയില്‍ തന്റെ ലക്ഷ്യമെന്ന് ഫഹദ് പലതവണ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതിനാല്‍ തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആര് എന്ന ചോദ്യം മനസില്‍ ഉയരുമ്പോള്‍ എല്ലാ സംവിധായകരും ഫഹദ് ഫാസിലില്‍ എത്തിചേരുകയാണ് പതിവ്. അതിനുള്ള ഉദാഹരണമാണ് ഫഹദിനെ ഇന്ന് അവാര്‍ഡിന് അര്‍ഹനാക്കിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും.
പ്രതിനായകനെന്ന് ഓര്‍മ്മപ്പെടുത്തുന്ന കള്ളന്‍ പ്രസാദ് എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കണമെങ്കില്‍ താരപരിവേഷത്തോട് മമതയില്ലാത്ത, സ്വന്തം സ്വതത്തെ കഥാപാത്രത്തിനായി സര്‍വ്വാത്മനാ ഉപേക്ഷിക്കാന്‍ കഴിവുള്ള ഏതെങ്കിലും അഭിനേതാവിനെ ലഭിക്കണമെന്ന് ദിലീഷ് പോത്തനെന്ന സംവിധായകന് അറിയാമായിരുന്നു. മലയാള സിനിമയെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരീക്ഷിക്കുന്ന ഏതൊരു സാധാരണ പ്രേക്ഷകനും അത്തരത്തിലൊരു സന്ദേഹം ഉടലെടുത്താല്‍ ഫഹദ് ഫാസില്‍ എന്ന പേരിനപ്പുറം മറ്റൊന്നും ഓര്‍മ്മയിലെത്തില്ല. മഹേഷ് ഭാവനയെ തന്റെ ക്യാമറയില്‍ പകര്‍ത്തിയ ദിലീഷ് പോത്തന് അത്തരത്തിലൊരു സന്ദേഹം വന്നുകാണില്ല.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ അതിഗംഭീര പ്രകടനമാണ് ഫഹദ് പുറത്തെടുത്തത്. തന്റെ സിനിമ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയ ചിത്രമാണ് തൊണ്ടിമുതലെന്ന് അവാര്‍ഡ് നേട്ടത്തിനുശേഷം ഫഹദ് പങ്കുവെക്കുകയുണ്ടായി. വിശന്ന് പൊരിഞ്ഞ് ഭക്ഷണം കഴിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ മുഖത്തേക്ക് നോക്കി വിശപ്പിന്റെ ദൈന്യതയെ കുറിച്ച് കള്ളന്‍ പ്രസാദ് സംസാരിക്കുമ്പോള്‍ അയാളുടെ മുഖത്ത് മിന്നിമായുന്ന ഭാവപ്രകടനങ്ങള്‍ പ്രേക്ഷകന്റെയും വിശപ്പിനെ ആളികത്തിച്ചു. അതാണ് ഫഹദ് ഫാസില്‍ എന്ന നടന്റെ വിജയം. ചിത്രം ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ ഫഹദ് ഫാസില്‍ അപ്രത്യക്ഷനാകുന്നു. കള്ളന്‍ പ്രസാദും അയാളുടെ ഭാവപ്രകടനങ്ങളും കഥാപാത്രത്തിന് ജീവന്‍ നല്‍കിയ ഫഹദിനെ മറക്കാന്‍ സിനിമ കാണുന്ന പ്രേക്ഷകരെ നിര്‍ബന്ധിക്കുന്നു. ഫഹദിനുമപ്പുറം മറ്റാര്‍ക്കും വ്യക്തമായ കയ്യൊപ്പ് ചാര്‍ത്താന്‍ കഴിയാത്ത കഥാപാത്രമായിരുന്നു കള്ളന്‍ പ്രസാദ്. ഈ നേട്ടത്തിന് അയാള്‍ എത്രത്തോളം അര്‍ഹനാണെന്ന് സിനിമയിലെ ഏതാനും ചില രംഗങ്ങള്‍ മാത്രം കണ്ടാല്‍ നമുക്ക് വ്യക്തമാകും.
തനിക്ക് ആരാധകരെ വേണ്ട എന്ന് പരസ്യമായി പ്രഖ്യാപിച്ച ഫഹദ് ഫാസില്‍ തന്റെ അഭിനയശേഷികൊണ്ട് എല്ലാവരെയും തന്റെ അപ്രഖ്യാപിത ആരാധകരാക്കി തീര്‍ത്തു.
അവാര്‍ഡ് നേട്ടത്തിന് ശേഷം ഫഹദ് ഫാസില്‍ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. “സിനിമയിലെത്തുമ്പോള്‍ ടെന്‍ഷനായിരുന്നു. തന്നെ പോലൊരാളെ മലയാള സിനിമ എങ്ങനെ സ്വീകരിക്കുമെന്നതില്‍ താന്‍ ടെന്‍ഷന്‍ അടിച്ചിരുന്നു”വെന്ന് ഫഹദ് മാധ്യമങ്ങളോട് പങ്കുവെച്ചു. പ്രിയപ്പെട്ട ഫഹദ്, നിങ്ങളെ മലയാള സിനിമ ലോകം മാത്രമല്ല അംഗീകരിച്ചിരിക്കുന്നത്…കഥാപാത്രങ്ങളിലൂടെ നിങ്ങള്‍ ഹൃദയങ്ങള്‍ കീഴടക്കുകയാണ്. നിങ്ങള്‍ താരമല്ല, അഭിനേതാവാണ്…നടനാണ്…അതെ നിങ്ങളാണ് ഞങ്ങ പറഞ്ഞ നടന്‍!!!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here