കണക്ക് തെറ്റിച്ച വിദ്യാർത്ഥിയുടെ തൊണ്ടയിൽ അധ്യാപകൻ ചൂരൽ കുത്തിയിറക്കി

കണക്ക് തെറ്റിച്ച വിദ്യാർത്ഥിയുടെ തൊണ്ടയിൽ ചൂരൽ കുത്തിയിറക്കി അധ്യാപകൻ. വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ കർജാത് ജില്ല പരിഷത്ത് സർക്കാർ സ്‌കൂളിലാണ് സംഭവം. രണ്ടാംക്ലാസുകാരനായ റോഹൻ ഡി ജാഞ്ചിരെയ്ക്ക് നേരെയാണ് അധ്യാപകൻ ചന്ദ്രകാന്ത് സോപാൻ ഷിൻഡെയുടെ ക്രൂരത. വടി കൊണ്ട് കുത്തിയതിനെ തുടർന്ന് കുട്ടിയുടെ ശ്വാസനാളവും അന്നനാളവും തകർന്നു. കുട്ടിയുടെ സംസാരശേഷിയും നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്.
കുട്ടിയുടെ കഴുത്തിൽ നിന്ന് രക്തം പുറത്തേക്ക് ചീറ്റിയതായും കടുത്ത വേദനയെ തുടർന്ന് കുഴഞ്ഞുവീണ കുട്ടി ക്ലാസ്മുറിയിൽ കിടന്ന് പുളഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ഭയന്നുവിറച്ച മറ്റുകുട്ടികൾ ക്ലാസ്മുറിയിൽ നിന്ന് നിലവിച്ചുകൊണ്ട് പുറത്തേക്ക് ഓടി. സംഭവമറിഞ്ഞെത്തിയ മറ്റ് അധ്യാപകർ കുട്ടിയെ ഉടൻ തന്നെ റാഷിനിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ നില ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ പൂനെയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി ഇപ്പോൾ. അധ്യാപകനെ സസ്‌പെന്റ് ചെയ്തു സ്‌കൂൾ അധികൃതർ അയാൾക്കെതിരെ അന്വേഷണവും നടത്തുന്നുണ്ട്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുമുണ്ട്. എന്നാൽ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here