കാശ്മീരിലെ പെണ്‍കുട്ടിയ്ക്കായി ജനലക്ഷങ്ങൾ തെരുവില്‍ കൈകോര്‍ത്തു

കത്വ,ഉന്നാവോ ബലാത്സംഗങ്ങളില്‍ രാജ്യമെമ്പാടും പ്രതിഷേധം.’ എന്റെ തെരുവ്, എന്റെ പ്രതിഷേധം’ പരിപാടിയുടെ ഭാഗമായി വിവിധയിടങ്ങളില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. പരസ്പരം കൈകോര്‍ത്തും പ്ലക്കാര്‍ഡുകളേന്തിയുമായിരുന്നു പ്രതിഷേധ പ്രകടനം . ചിലയിടങ്ങളില്‍ മെഴുകുതിരികള്‍ തെളിയിച്ചും മാര്‍ച്ചുകള്‍ നടന്നു. ദില്ലി,മുംബൈ,ബെംഗലൂരു തുടങ്ങിയ വന്‍ നഗരങ്ങളിലടക്കം ആയിരങ്ങള്‍ പ്രതിഷേധ പരിപാടിയുടെ ഭാഗമായി. മുംബൈയില്‍ പ്രിയങ്ക ചോപ്രയും നിര്‍മ്മാതാവ് ഏക്താ കപൂറും തെരുവു പ്രതിഷേധത്തില്‍ അണിനിരന്നു. മാനവികതയ്ക്കും നീതിക്കും വേണ്ടിയുള്ള പ്രതിഷേധമെന്നാണ് ഏക്താ കപൂര്‍ ട്വീറ്റ് ചെയ്തത്.

കേരളത്തില്‍ കൊച്ചിയുള്‍പ്പെടെ പലയിടത്തും പ്രതിഷേധ പരിപാടികള്‍ നടന്നു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് മുന്നില്‍ കൊച്ചുകുട്ടികളും മുതിര്‍ന്നവരും പ്രതിഷേധത്തിന്റെ ഭാഗമായി. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

മറൈന്‍ഡ്രൈവില്‍ ബാനറുകളും പ്ലക്കാര്‍ഡുകളുമായി ആയിരങ്ങള്‍ അണിനിരന്നു. ചുംബന സമരത്തിനു ശേഷം മറൈന്‍ഡ്രൈവ് കണ്ട വലിയ പ്രക്ഷോഭങ്ങളില്‍ ഒന്നായി ‘എന്റെ തെരുവ്,എന്റെ പ്രതിഷേധം’ മാറി.

തൃപ്പൂണിത്തുറ ആര്‍എല്‍വി കോളെജിനു മുന്നില്‍ കലാകാരന്‍മാര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചിത്രം വരച്ചും ഗാനങ്ങള്‍ ആലപിച്ചുമായിരുന്നു പ്രതിഷേധങ്ങളോട് അവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
ബെംഗലൂരു സ്വദേശിയായ അരുന്ധതി ഘോഷാണ് കത്വ,ഉന്നാവോ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരമൊരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ‘എന്റെ തെരുവ്,എന്റെ പ്രതിഷേധം’ എന്ന ഹാഷ്ടാഗിലാണ് നവമാധ്യമങ്ങളിലൂടെ പ്രതിഷേധാഹ്വാനം ഉണ്ടായത്. സുഹൃത്തുക്കളെയും അയല്‍ക്കാരെയും കൂട്ടി തെരുവിലിറങ്ങണം എന്നായിരുന്നു അഭ്യര്‍ത്ഥന.

ഇതിനുമുന്‍പ്, ദില്ലിയില്‍ ഓടുന്ന ബസ്സില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ചപ്പോഴായിരുന്നു രാജ്യവ്യാപക പ്രതിഷേധങ്ങള്‍ നടന്നത്.അന്ന്,ദിവസങ്ങളോളമാണ് ദില്ലിയുടെ തെരുവോരങ്ങള്‍  പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞത്.  ദില്ലിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയത്തിന് തന്നെ ആ പ്രക്ഷോഭം കാരണമായി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top