ശ്രീജിത്തിന്റെ കസ്റ്റഡി മരണം; വരാപ്പുഴ സ്റ്റേഷനില്‍ വെച്ച് കൂടുതല്‍ മര്‍ദനമേറ്റതായി തെളിവുകള്‍

ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ വെട്ടിലാക്കി കൂടുതല്‍ തെളിവുകള്‍. ശ്രീജിത്തിന് വരാപ്പുഴ സ്റ്റേഷനില്‍ വെച്ച് കടുത്ത മര്‍ദനമേറ്റതായാണ് പുറത്തുവരുന്ന തെളിവുകള്‍. ശ്രീജിത്തിനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ മര്‍ദിച്ചിട്ടില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന ഗണേഷ് മൊഴി നല്‍കിയിട്ടുണ്ട്.
പ്രശ്നങ്ങള്‍ക്ക് കാരണമായ അമ്പലത്തില്‍ നടന്ന സംഘര്‍ഷത്തിലോ വീട്ടില്‍ നിന്ന് ശ്രീജിത്തിനെ കൊണ്ടുപോകുമ്പോഴോ മര്‍ദനം നടന്നിട്ടില്ലെന്നാണ് തെളിവുകള്‍. പോലീസിന്റെ കസ്റ്റഡിയില്‍ വെച്ചാണ് ശ്രീജിത്തിന് കൂടുതല്‍ മര്‍ദനമേറ്റിരിക്കുന്നതെന്നാണ് അന്വേഷണസംഘത്തിന്റെയും പ്രാഥമിക നിഗമനം. സ്റ്റേഷനിലെത്തിച്ച ശേഷമുള്ള ശ്രീജിത്തിന്റെ ചിത്രങ്ങള്‍ ചില മാധ്യമങ്ങളിലൂടെ നേരത്തേ പുറത്തുവിട്ടിരുന്നു. അതിലൊന്നും ശ്രീജിത്തിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകളില്ല. അതിനാല്‍ തന്നെ സ്റ്റേഷനില്‍ വെച്ച് ശ്രീജിത്തിന് മര്ദനമേറ്റിരിക്കാനാണ് സാധ്യതയെന്ന് പറയുന്നു. ലോക്കപ്പിനുള്ളിലാണു കടുത്ത മർദനം ശ്രീജിത്തിന് ഏറ്റിരിക്കുന്നതെന്ന ആർടിഎഫ് ഉദ്യോഗസ്ഥരുടെ മൊഴികൾക്കു ബലമേറുകയാണ്.
സംഭവത്തിൽ വീഴ്ചയുണ്ടായതിനു സസ്പെൻഷനിലായ പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്, ഗ്രേഡ് എഎസ്ഐ സുധീർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ് ബേബി എന്നിവരെയാണ് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ഇവരെ ചോദ്യം ചെയ്തതു വച്ച് കേസിൽ അന്വേഷണ സംഘം ഉടൻ പ്രതിപ്പട്ടികയുണ്ടാക്കും. ആലുവ പോലീസ് ക്ലബ് കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം പ്രവർത്തിക്കുന്നത്.
വയറിനേറ്റ കടുത്ത മര്‍ദനമാണ് ശ്രീജിത്തിന്റെ മരണകാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചെറുകുടലിന് മുറിവേറ്റ് പഴുപ്പ് ഉണ്ടായിരുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ പഴുപ്പ് മറ്റിടങ്ങിലേക്ക് പടര്‍ന്നതാണ് ശ്രീജിത്തിന്റെ മരണകാരണമെന്ന അഭിപ്രായമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ഫോറന്‍സിക് വിദഗരും അന്വേഷണസംഘവുമായി പങ്കുവച്ചിട്ടുള്ളത്. ഒരാളെ നേരെ നിര്‍ത്തി തുടര്‍ച്ചയായി വയറില്‍ മര്ദ്ദിച്ചാല് ഇങ്ങനെ വരാം എന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ പറയുന്നു. തുടര്‍ച്ചയായി മര്‍ദ്ദിച്ചതിനാലാണ് വയറില്‍ ഇത്തരം പാടുകള്‍ വരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here